KERALA

സുരക്ഷയില്‍ പൊതു-സ്വകാര്യ വ്യത്യാസമില്ല: കെഎസ്ആര്‍ടിസി ബസില്‍ പരസ്യം വേണ്ടെന്ന് ഹൈക്കോടതി

വെബ് ഡെസ്ക്

നിയമം അനുശാസിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സ്വകാര്യ വാഹനങ്ങളെ പോലെ പൊതു മേഖലയ്ക്കും ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസി-കെയുആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച്ച സംഭവിച്ചെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് വാഹനങ്ങളിലെ അധിക ഫിറ്റിങ്ങുകള്‍ക്കും പരസ്യങ്ങള്‍ക്കുമെതിരെ കോടതിയുടെ നിരീക്ഷണം. വടക്കാഞ്ചേരിയില്‍ അപകടത്തിന് ഇടയാക്കിയ വാഹനം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് വിനോദയാത്രക്കായി ഉപയോഗിച്ചതെന്നും കോടതി നിരീക്ഷിച്ചു.

ഇതിന് പിന്നാലെയാണ് കെഎസ്ആര്‍ടിസി-കെയുആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹൈക്കോടതിചൂണ്ടിക്കാട്ടിയത്. നിയമം പൊതു- സ്വകാര്യ വാഹനങ്ങള്‍ക്ക് ഒരുപോലെ ബാധകമാണെന്നും കോടതി വ്യക്തമാക്കി.

ബസുകളിലെ അധിക ഫിറ്റിങ്ങുകള്‍ അനുവദിക്കാന്‍ കഴിയില്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് സസ്‌പെന്റ് ചെയ്യണം എന്നും കോടതി നിര്‍ദേശിച്ചു. ഇതിനിടെ സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരത്തില്‍ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം നടപ്പാക്കുന്നതില്‍ സാവകാശം ചോദിച്ചുകൊണ്ടുള്ള ബസുടമകളുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്‌സ്‌പോകള്‍ , ഓട്ടോഷോ എന്നിവയില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷന്‍ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശം നല്‍കി. വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപക പരിശോധനകള്‍ പുരോഗമിക്കുകയാണ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും