കോട്ടയം തിരുവാർപ്പിലെ ബസുടമയെ ആക്രമിച്ച കേസിൽ സിഐടിയു നേതാവ് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. ബസുടമ രാജ്‌മോഹന് മർദനമേറ്റ സംഭവത്തിൽ സിഐടിയു നേതാവ് കെ ആർ അജയിയെ സ്വമേധയാ കക്ഷി ചേർത്താണ് നേരിട്ട് ഹാജരാകാൻ ജസ്റ്റിസ് എൻ നഗരേഷ് ഉത്തരവിട്ടത്.
പോലീസ് സ്ഥലത്തുണ്ടായിട്ടും അപ്രതീക്ഷിത ആക്രമണമാണുണ്ടായത് എന്നായിരുന്നു സർക്കാരിന്റെ വിശദീകരണം
പോലീസ് സംരക്ഷണത്തിനുള്ള ഉത്തരവ് നിലനിൽക്കെ ബസുടമയ്ക്ക് മർദനമേറ്റ സംഭവത്തിൽ മാധ്യമ വാർത്തകളെ തുടർന്ന് സ്വമേധയാ എടുത്ത കോടതിയലക്ഷ്യ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. അന്വേഷണം പൂർത്തിയായെന്നും അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
പോലീസ് സ്ഥലത്തുണ്ടായിട്ടും അപ്രതീക്ഷിത ആക്രമണമാണ് ഉണ്ടായതെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. തുടർന്നാണ് സിഐടിയു നേതാവ് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചത്. ബസുടമയുടെ നാല് ബസുകൾക്കും തടസമില്ലാതെ സർവീസ് നടത്താൻ പോലീസ് സംരക്ഷണം നൽകണമെന്ന ജൂൺ 23ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നിലനിൽക്കെയാണ് ബസുടമയെ സിഐടിയു നേതാവ് മർദിച്ചത്.