KERALA

ബെർത്ത് വില്ലേജിൽ ജനിച്ച കുഞ്ഞ് മരിച്ചു; വിശദീകരണം തേടി ഹൈക്കോടതി, വയറ്റാട്ടി സങ്കൽപം ഇപ്പോഴും ഉണ്ടോയെന്നും ചോദ്യം

നിയമകാര്യ ലേഖിക

പ്രസവത്തിന് മീഡ്വൈഫറി മാതൃക പിൻതുടരുന്ന എറണാകുളം കിഴക്കമ്പലത്തെ ബെർത്ത് വില്ലേജിൽ ജനിച്ച കുട്ടി രണ്ട് ദിവസത്തിന് ശേഷം മരിക്കാനിടയായ സംഭവത്തിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകളോട് ഹൈക്കോടതി വിശദീകരണം തേടി. കുഞ്ഞ്, ഡോക്ടറുടെ സേവനവും പരിചരണവും ലഭിക്കാതെ മരിച്ചത് ചൂണ്ടിക്കാട്ടി കോതമംഗലം പല്ലാരിമംഗലം സ്വദേശികളായ ദമ്പതികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്.

ആധുനിക രീതിക്ക് പകരം വയറ്റാട്ടിമാരാണ് ഇവിടെ പ്രസവ ശുശ്രൂഷകൾ നൽകുന്നത്. ഹർജിക്കാരിയായ യുവതി പ്രസവ ശേഷം പിറ്റേന്ന് തന്നെ ഡിസ്ചാർജ് ചെയ്തെങ്കിലും അടുത്ത ദിവസം കുഞ്ഞിന് ശ്വാസം മുട്ടുണ്ടാവുകയായിരുന്നു. ബെർത്ത് വില്ലേജിൽ ബന്ധപ്പെട്ടപ്പോൾ ഡോക്ടർമാരില്ലെന്നായിരുന്നു മറുപടി.

പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിക്കുകയായിരുന്നു. തുടർന്നാണ് നഷ്ടപരിഹാരം തേടിയും മീഡ്വൈഫറി മാതൃക പിന്തുടരുന്ന ബെർത്ത് വില്ലേജുകൾ പോലുള്ള സംവിധാനങ്ങൾക്ക് സർക്കാറുകൾ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നാവശ്യപ്പെട്ടും ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചത്. ഡിസ്ചാർജ് സമ്മറി നൽകിയ ഡോക്ടർ കുഞ്ഞിനേയും മാതാവിനെയും കാണാൻ വരികയോ ചികിൽസിക്കുകയോ ചെയ്തിട്ടില്ലെന്നും ഹരജിയിൽ പറയുന്നു.

വയറ്റാട്ടി സങ്കൽപം ഇപ്പോഴും കേരളത്തിലുണ്ടെന്ന് ഇതുവരെ അറിഞ്ഞിരുന്നില്ലെന്ന് കേസ് പരിഗണിക്കവേ കോടതി വാക്കാൽ പറഞ്ഞു. ഇത്തരം സ്ഥാപനങ്ങൾ നൽകുന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിലും പൊതുസമ്പർക്ക പരിപാടികളിലും ആകൃഷ്ടരായി പാവം അമ്മമാരും മറ്റും ഇവരുടെ വലയിൽ വീഴുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

സംഭവത്തെ തുടർന്ന് കേസെടുത്തെങ്കിലും കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലും ലഭിച്ചിട്ടില്ല. ഏറെ ഗൗരവമുള്ളതും വേഗത്തിലും ആഴത്തിലും കൈകാര്യം ചെയ്യേണ്ടതുമായ വിഷയമാണിത്. തുടർന്ന് ആലുവ റൂറൽ എസ്പിയെ സ്വമേധയാ ഹരജിയിൽ കക്ഷി ചേർത്ത കോടതി എന്ത് നടപടിയാണ് ഈ സ്ഥാപനത്തിനെതിരെയും മറ്റും സ്വീകരിച്ചതെന്ന് അറിയിക്കാൻ സർക്കാറിന് നിർദേശം നൽകി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും