ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടമുണ്ടായ സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസറോട് ദേവസ്വം ബെഞ്ച് റിപ്പോര്‍ട്ട് തേടി. വിഷയം ഹൈക്കോടതി നാളെ പരിഗണിക്കും. കോടതി അപകടത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. അപകടത്തില്‍ 60 പേര്‍ക്ക് പരുക്കേറ്റിരുന്നു.
തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ബസ് പത്തനംതിട്ട നിലയ്ക്കലിന് സമീപം ഇലവുങ്കല്‍-എരുമേലി റോഡില്‍ വച്ച് മറിയുകയായിരുന്നു. ഒന്‍പത് കുട്ടികള്‍ ഉള്‍പ്പെടെ 64 പേരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ബസിന് പുറകില്‍ വന്ന മറ്റ് വാഹനങ്ങളിലുണ്ടായിരുന്നവരാണ് പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചത്. പരുക്കേറ്റവരില്‍ ചിലരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനവാസം കുറഞ്ഞ പ്രദേശമായതിനാല്‍ വാഹനങ്ങളുടെ കുറവ് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. ബസിന്റെ ഒരുവശം പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.