KERALA

കത്ത് വിവാദം; മേയര്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്ന് ഹൈക്കോടതി, തലസ്ഥാനത്ത് പ്രതിഷേധം അക്രമാസക്തമായി

മേയര്‍ക്കും എതിര്‍ കക്ഷികൾക്കും ഹൈക്കോടതി നോട്ടീസ്

വെബ് ഡെസ്ക്

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന് നോട്ടീസയച്ച് ഹൈക്കോടതി. നിയമന വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതി മേയര്‍ക്കും എതിര്‍കക്ഷികള്‍ക്കും നോട്ടീസ് അയച്ചത്. മേയറുടെ വിശദീകരണം കേട്ട ശേഷം ഈമാസം 25ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ജി എസ് ശ്രീകുമാറാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയര്‍ കത്ത് നല്‍കിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. രണ്ട് വര്‍ഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങള്‍ കോര്‍പ്പറേഷനില്‍ നടന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മേയറുടെ കത്തിനൊപ്പം എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി ആർ അനിലിന്റെ കത്തും വിശദമായി അന്വേഷിക്കണമെന്ന് ഹര്‍ജിയിൽ ആവശ്യപ്പെടുന്നുണ്ട്.

നിയമന വിവാദത്തെ ചൊല്ലി തിരുവനന്തപുരം ഇന്നും യുദ്ധക്കളമായി. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷമുണ്ടായി. കോര്‍പ്പറേഷന്‍ ഓഫീസ് കോമ്പൗണ്ടിലേക്ക് പ്രവര്‍ത്തകര്‍ കടന്ന് കയറി. പോലീസിന് നേരെ കല്ലേറുണ്ടായി. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. ജലപീരങ്കിയും പ്രയോഗിച്ചു. സമരം കേരളം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി.

കത്ത് വിവാദത്തിന്റെ പേരില്‍ മേയര്‍ രാജി വെയ്ക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. മേയർ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷവും യുവമോർച്ചയും കോർപ്പറേഷന് മുന്നിൽ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന് ഉടൻ മൊഴി നൽകുമെന്നും ആനാവൂർ പറഞ്ഞു.

കഴിഞ്ഞ ദിവസം മേയറുടേയും ഓഫീസ് ജീവനക്കാരുടെയും മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. കത്ത് വ്യാജമായി നിർമിച്ചതെന്നാണ് മേയർ ആര്യാ രാജേന്ദ്രനും ജീവനക്കാരും നല്‍കിയ മൊഴി. ഒപ്പ് സ്കാൻ ചെയ്ത് വ്യാജരേഖയുണ്ടാക്കിയതായി സംശയിക്കുന്നുവെന്ന് ആര്യ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തിൽ വ്യാജരേഖ ചമയ്ക്കലുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

നഗരസഭയില്‍ 295 താല്‍കാലിക ഒഴിവുകളുണ്ടെന്നും ഇതിലേയ്ക്ക് നിയമിക്കാന്‍ ആവശ്യമായ ഉദ്യോഗാര്‍ത്ഥികളുടെ മുന്‍ഗണനാ ലിസ്റ്റ് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്റെ ലെറ്റര്‍ പാഡില്‍ സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് നല്‍കിയെന്ന പേരില്‍ പുറത്തുവന്ന കത്താണ് വിവാദത്തിന് തുടക്കമിട്ടത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ