സിവിക് ചന്ദ്രന്‍ 
KERALA

ലൈംഗിക പീഡനക്കേസില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യത്തിന് സ്‌റ്റേ

കേസ് ഇനി പരിഗണിക്കുംവരെ അറസ്റ്റ് പാടില്ലെന്നും കോടതി

വെബ് ഡെസ്ക്

ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന് അനുവദിച്ച മുന്‍കൂര്‍ ജാമ്യത്തിന് സ്റ്റേ. മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള കോഴിക്കോട് സെഷന്‍സ് കോടതി ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിലെ വിവാദ പരാമര്‍ശങ്ങളും കോടതി സ്റ്റേ ചെയ്തു. കേസ് ഇനി പരിഗണിക്കുന്ന തിങ്കളാഴ്ച വരെ അറസ്റ്റ് പാടില്ലെന്നും കോടതി ഉത്തരവിട്ടു. സെഷന്‍സ് കോടതി ഉത്തരവില്‍ നിയമപരമായ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി അതിജീവിത അപ്പീല്‍ നല്‍കിയിരുന്നു. സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ലൈംഗികാര്‍ഷണം ഉണ്ടാക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചെന്ന പരാമര്‍ശങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

സെഷന്‍സ് കോടതി ജഡ്ജിയുടെ ഉത്തരവ് അസാധാരണമാണെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാക്കാനാകുന്നതെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് നിരീക്ഷിച്ചു. മതിയായ രേഖകള്‍ ഇല്ലാതെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ലൈംഗികാര്‍ഷണം ഉണ്ടാക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചെന്ന പരാമര്‍ശങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പറഞ്ഞു. അതേസമയം, ആരോപണവിധേയന്റെ പ്രായം പരിഗണിച്ച്, കേസ് ഇനി പരിഗണിക്കുംവരെ അറസ്റ്റ് ചെയ്യേണ്ടെന്നും കോടതി ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ സെഷന്‍സ് കോടതിയോടും നിര്‍ദേശിച്ചിട്ടുണ്ട്.

കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന പരാതിയില്‍ ഓഗസ്റ്റ് 12നാണ് കോഴിക്കോട് സെഷന്‍സ് കോടതി സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ലൈംഗികാര്‍ഷണം ഉണ്ടാക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചാല്‍ പീഡനാരോപണം പ്രാഥമികമായി നിലനില്‍ക്കില്ലെന്നായിരുന്നു മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള കോടതി ഉത്തരവ്. ഏറെ വിവാദമായ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. തുടര്‍ന്ന്, വിവാദ ഉത്തരവിറക്കിയ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറിനെ സ്ഥലംമാറ്റി. ഉത്തരവില്‍ നിയമപരമായ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി അതിജീവിത അപ്പീലും നല്‍കി. ഉത്തരവിലെ പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധമാണെന്നും സുപ്രീം കോടതി നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു.

യുവതിയുടെ ഭരണഘടനാ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതും യുക്തിക്ക് നിരക്കാത്തതുമാണ് കീഴ്‌ക്കോടതിയുടെ നിരീക്ഷണമെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചുവെന്ന മുൻകൂർ ജാമ്യ ഉത്തരവിലെ വിവാദ പരാമർശമടക്കം നീക്കം ചെയ്യണമെന്നും സർക്കാർ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ