ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടുകയാണ് നല്ലതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് പറഞ്ഞു. സംസ്ഥാന പോലീസ് മേധാവി നാളെ ഓണലൈനായി ഹാജരായി റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കി.
സംഭവം നടന്ന കൊട്ടാരക്കര താലൂക്ക് ആശുപത്രി സ്ഥലം മജിസ്‌ട്രേറ്റ് സന്ദര്‍ശിച്ച് സംഭവങ്ങളും സാഹചര്യങ്ങളും സംബന്ധിച്ച് നാളെ രാവിലെ റിപ്പോര്‍ട്ട് നല്‍കണം. സംഭവസ്ഥലത്തെ സി സി ടിവി ദ്യശ്യങ്ങള്‍ സൂക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പോലീസിന് വലിയ വീഴ്ച സംഭവിച്ചുവെന്ന് കുറ്റപ്പെടുത്തിയ കോടതി, സംസ്ഥാനത്തെ സുരക്ഷാ സംവിധാനം എന്തിനെന്ന് സര്‍ക്കാരിനോട് ചോദിച്ചു
കൊല്ലപ്പെട്ട ഡോ. വന്ദനയ്ക്ക് ആദരാഞ്ജലി രേഖപ്പെടുത്തിക്കൊണ്ടാണ് വിഷയത്തിൽ കോടതി പ്രത്യേക സിറ്റിങ് ആരംഭിച്ചത്. കൊല്ലപ്പെട്ട വന്ദനയുടെ കുടുംബത്തിനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും താങ്ങാനാകാത്ത സംഭവമാണെന്ന് അറിയാമെന്ന് പറഞ്ഞ കോടതി, നിരവധി വിദ്യാര്‍ത്ഥികള്‍ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടെയായി ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
സംഭവത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും ഭയപ്പാടിലാണെന്ന് ആരോഗ്യസര്‍വകലാശാല കോടതിയെ അറിയിച്ചു. ആക്രമണം അപ്രതീക്ഷിതമായിരുന്നുവെന്ന് സര്‍ക്കാരും വിശദീകരിച്ചു.
എന്നാല്‍ പോലീസിന് വലിയ വീഴ്ച സംഭവിച്ചുവെന്ന് കോടതി കുറ്റപ്പെടുത്തി. ഡോക്ടര്‍മാരെ വി ഐ പിമാരായി കാണാന്‍ കഴിയണം. അവരുടെ സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത പൊലീസിനുണ്ട്. സംസ്ഥാനത്തെ സുരക്ഷാ സംവിധാനം എന്തിനെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. ഇതേ സംഭവം നാളെ മറ്റാശുപത്രികളിലും നടക്കില്ലേ? ഇത്തരം സംഭവങ്ങള്‍ ഭാവിയിലും പ്രതീക്ഷിക്കണം. സുരക്ഷ ഏര്‍പ്പെടുത്തണമെന്നത് കോടതിയല്ല പറയേണ്ടത്, അത് സര്‍ക്കാര്‍ ചെയ്യേണ്ടതാണ്.
പോലീസിന്റെ കയ്യില്‍ തോക്കില്ലേ? ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട പ്രാഥമിക ചുമതല പൊലീസിനില്ലേ?
പോലീസിന്റെ കയ്യില്‍ തോക്കില്ലേയെന്ന് കോടതി വാദത്തിനിടെ ചോദിച്ചു. പോലീസിന് എന്തിനാണ് തോക്ക് കൊടുക്കുന്നത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട പ്രാഥമിക ചുമതല പൊലീസിനില്ലേ? ഇത്തരം സംഭവമുണ്ടാകുമ്പോള്‍ വികാരപരമായി മാത്രമേ കോടതിക്ക് ഇടപെടാനാകൂ.
നാലോ അഞ്ചോ പൊലീസുകാര്‍ നോക്കിനില്‍ക്കുമ്പോഴാണ് യുവ ഡോക്ടര്‍ കൊല്ലപ്പെട്ടതെന്ന് മറക്കരുത്. പ്രതിയ്ക്ക് മുന്നിലേക്ക് യുവ ഡോക്ടറെ എറിഞ്ഞുകൊടുക്കുന്നത് ശരിയാണോ? പ്രതികളെ കൊണ്ടുപോകുമ്പോഴുള്ള പ്രോട്ടോകോള്‍ പോലീസ് പാലിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു.
ഇത്തരം അക്രമം മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലങ്കില്‍ പോലീസിന്റെ ആവശ്യം ഇവിടെയില്ല. ഡോക്ടര്‍മാരില്‍ ഭയമുണ്ടായാല്‍ അവര്‍ എങ്ങനെ സ്വതന്ത്രമായി ജോലി ചെയ്യും?
ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പരിശോധനാ സമയത്ത് പോലീസ് സാന്നിധ്യം പാടില്ലെന്ന് ഉത്തരവിറക്കിയിരുന്നുവെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ സുരക്ഷ ഉറപ്പാക്കണ്ട എന്നല്ല ഇതിനര്‍ത്ഥമെന്ന് കോടതി വ്യക്തമാക്കി. പ്രതികളെ മജിസ്‌ട്രേറ്റുമാര്‍ക്ക് മുന്നില്‍ ഹാജരാക്കുമ്പോഴുളള സുരക്ഷാ ക്രമീകരണങ്ങള്‍ ഡോക്ടര്‍മാരുടെ മുന്നില്‍ ഹാജരാക്കുമ്പോഴും വേണം. ആവശ്യമെങ്കില്‍ അതിനുള്ള നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.
ഡോക്ടര്‍മാരടക്കം ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ഒരുമണിക്കൂറിനകം കേസെടുക്കണമെന്ന് ഹൈക്കോടതി നേരത്തെ തന്നെ ഉത്തരവിട്ടതാണ്. മരിച്ച ഡോക്ടറുടെ കുടുംബത്തിനാണ് നഷ്ടമുണ്ടായത്. അക്രമങ്ങള്‍ ആവര്‍ത്തിക്കുകയാണ്. മാതാപിതാക്കളുടെ അവസ്ഥ ആലോചിക്കണം. ഇത്തരം അക്രമം മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലങ്കില്‍ പോലീസിന്റെ ആവശ്യം ഇവിടെയില്ല. ഡോക്ടര്‍മാരില്‍ ഭയമുണ്ടായാല്‍ അവര്‍ എങ്ങനെ സ്വതന്ത്രമായി ജോലി ചെയ്യും. പ്രതിയെ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ പൊലീസ് കാഷ്വലായി എടുത്തു. മുന്നേ തന്നെ ആരോഗ്യമേഖല ഭയന്നിരുന്ന സംഭവമാണ് ഇന്നുണ്ടായത്. ഭാവിയില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് കോടതി അടിയന്തരമായിഇടപെടുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.
പോലീസിന്റെ പരാജയമാണ് ഡോക്ടറുടെ മരണത്തിലൂടെ വ്യക്തമായതെന്ന് ഐ എം എ കോടതിയില്‍ സൂചിപ്പിച്ചു. സര്‍ക്കാര്‍ എന്ത് വിശദീകരണം നല്‍കിയാലും ഭീതിയുടെ നിഴലിലാണ് സംസ്ഥാനത്തെ ഡോക്ടര്‍മാരെന്ന് സംഘടന അറിയിച്ചു.