ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ ഗുരുതര കണ്ടെത്തലുകള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മാലിന്യ സംസ്‌കരണത്തിനാവശ്യമായ സ്ഥലമോ സൗകര്യമോ പ്ലാന്റില്‍ ഇല്ലെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ചട്ടങ്ങള്‍ പ്രകാരമുളള മാലിന്യ സംസ്‌കരണം ബ്രഹ്‌മപുരത്ത് നടക്കുന്നില്ല. ബയോമൈനിങ്ങിനുളള യന്ത്രങ്ങള്‍ പോലും കൃത്യമായി ഇല്ല. പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കാനുളള യന്ത്ര സംവിധാനങ്ങളില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പദ്ധതി മേഖലയിലെ കെട്ടിടം ഇടിഞ്ഞുപൊളിഞ്ഞു. നിലവിലെ കെട്ടിടങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴാമെന്നും പ്ലാന്റിലേക്ക് വരുന്ന ജൈവമാലിന്യങ്ങളുടെ അളവ് കുറയ്ക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ബ്രഹ്മപുരത്തെ സാഹചര്യം വിലയിരുത്താന്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി കഴിഞ്ഞ ശനിയാഴ്ചയാണ് പ്ലാന്റ് സന്ദര്‍ശിച്ചത്. തീപിടുത്തം സംബന്ധിച്ചും പ്ലാന്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ചുമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയ സമിതി അംഗങ്ങള്‍ വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. ജില്ലാ കളക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍, ശുചിത്വമിഷന്‍ ഡയറക്ടര്‍, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജോയിന്റ് ചീഫ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍, കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി എന്നിവരായിരുന്നു സമിതി അംഗങ്ങള്‍.
അതേസമയം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ബ്രഹ്മപുരത്ത് ഇന്ന് മുതല്‍ ആരോഗ്യ സര്‍വേ ആരംഭിച്ചു. വിഷപ്പുക മൂലം വായുമലിനീകരണമുണ്ടായ സ്ഥലങ്ങളിലാണ് ആരോഗ്യ പരിശോധന. പുക ശ്വസിച്ചതിനെ തുടര്‍ന്ന് ആരോഗ്യപ്രശ്നങ്ങളുള്ളവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനായാണ് നടപടി.