ദേവികുളം എംഎല്‍എ അഡ്വ. എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് രാജ സംവരണ മണ്ഡലമായ ദേവികുളത്ത് നിന്നും മല്‍സരിച്ചതെന്നാരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഡി കുമാറാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് പി സോമരാജന്റെ ബെഞ്ചാണ് തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയത്.
മണ്ഡലം രൂപീകൃതമായത് മുതല്‍ പട്ടികജാതി സംവരണ മണ്ഡലമാണ് ദേവികുളം. എ രാജ ക്രൈസ്തവ സമുദായ അംഗമാണ് എന്നതായിരുന്നു ഹര്‍ജിയിലെ ആരോപണം. മാട്ടുപ്പെട്ടി കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സിഎസ്‌ഐ പള്ളിയില്‍ മാമ്മോദീസ സ്വീകരിച്ച ദമ്പതിമാരുടെ മകനാണ് രാജയെന്നും ഹർജിക്കാരന്‍ ആരോപിച്ചിരുന്നു. അതിനാല്‍ സംവരണ മണ്ഡലത്തിലെ വിജയം റദ്ദാക്കണമന്നായിരുന്നു ആവശ്യം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഡി കുമാറിനെ 7848 വോട്ടുകള്‍ക്കാണ് ഇടത് സ്ഥാനാര്‍ഥി എ രാജ തോല്‍പിച്ചത്.
എ രാജയുടെ നാമനിര്‍ദേശം തന്നെ റിട്ടേണിങ് ഓഫീസര്‍ തള്ളേണ്ടതായിരുന്നുവെന്ന് കോടതി ഉത്തരവില്‍ പറയുന്നു. ഹിന്ദു പറയ സമുദായത്തില്‍പ്പെട്ടയാളല്ല രാജയെന്ന് വ്യക്തമായി. അതുകൊണ്ടുതന്നെ പട്ടിക ജാതി സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യതയില്ലാത്ത എ രാജയുടെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കുകയാണെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഉത്തരവിന്റെ പകര്‍പ്പ് തിരഞ്ഞെടുപ്പ് കമ്മീഷനും, നിയമസഭാ സ്പീക്കര്‍ക്കും, സംസ്ഥാന സര്‍ക്കാരിനും കൈമാറാനും കോടതി നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പ് റദ്ദാക്കിയത് ഗസറ്റില്‍ വിജ്ഞാപനം ചെയ്യണമെന്നുംഉത്തരവില്‍ പറയുന്നു.