ഗവര്‍ണര്‍ പുറത്താക്കിയതിനെതിരെ കേരള സര്‍വകലാശാല സെനറ്റംഗങ്ങള്‍ നല്‍കിയ ഹര്‍ജികളില്‍ ഇന്നും ഹൈക്കോടതിയില്‍ വാദം നടക്കും. വാദം പൂര്‍ത്തിയാല്‍ ഇന്ന് തന്നെ കോടതി വിധി പറഞ്ഞേക്കും. കേസ് വിധി പറയാനിരിക്കെ മറ്റൊരു സെനറ്റംഗം എസ്. ജയറാം നല്‍കിയ കക്ഷി ചേരല്‍ അപേക്ഷ ഹൈക്കോടതി കഴിഞ്ഞയാഴ്ച അനുവദിച്ചിരുന്നു.
ഈ അപേക്ഷയിലടക്കമാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് വിശദമായി വീണ്ടും വാദം കേള്‍ക്കുന്നത്. വി സി നിയമന നടപടികള്‍ വേഗത്തിലാക്കണമെന്ന ജയറാമിന്റെ മറ്റൊരു ഹര്‍ജിയില്‍ സെര്‍ച്ച് കമ്മിറ്റി അംഗത്തെ നാമനിര്‍ദേശം ചെയ്യാന്‍ സെനറ്റിനോട് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് സംബന്ധിച്ചുള്ള വാദങ്ങള്‍ ഹര്‍ജിക്കാരും ഉന്നയിക്കും.
പുറത്താക്കിയത് നിയമ വിരുദ്ധമാണെന്നും ഗവര്‍ണറുടെ നടപടി റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് സെനറ്റംഗങ്ങളുടെ ഹര്‍ജികള്‍. എന്നാല്‍ താന്‍ നാമനിര്‍ദേശം ചെയ്ത സെനറ്റംഗങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപെട്ടതിനെ തുടര്‍നാണ് പുറത്താക്കിയതെന്ന് ചാന്‍സലറായ ഗവര്‍ണ്ണര്‍ കോടതിയെ നേരത്തെ അറിയിച്ചിരുന്നു.
അതേസമയം വി.സി നിയമനത്തിനായി രണ്ടംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് അംഗീകരിക്കാനായി വിളിച്ചു ചേര്‍ത്ത സെനറ്റ് യോഗത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് പുറത്താക്കിയതെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.ചാന്‍സലറായ തന്റെ നടപടികള്‍ക്കെതിരെ ഹര്‍ജിക്കാര്‍ പ്രവര്‍ത്തിച്ചതു കൊണ്ടാണ് പ്രീതി പിന്‍വലിച്ചതെന്നും ,സെനറ്റ് താനുമായി നിഴല്‍ യുദ്ധം നടത്തുകയായിരുന്നുവെന്നും ഗവര്‍ണറും കോടതിയെ അറിയിച്ചിരുന്നു. അതിനിടെ ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ വി സിമാര്‍ നല്‍കിയ ഹര്‍ജികളിലും ഇതേ ബെഞ്ച് ഇന്ന് വാദം കേള്‍ക്കുന്നുണ്ട്.
അനര്‍ഹ നിയമനത്തിന്റെ പേരില്‍ പുറത്താക്കാതിരിക്കാന്‍ കാരണം തേടി ചാന്‍സലറുടെ നോട്ടീസ് ലഭിച്ച വൈസ് ചാന്‍സലര്‍മാരിലധികവും ഇരയാക്കപ്പെട്ടവരെന്ന് ഹൈകോടതി ഇന്നലെ സൂചിപ്പിച്ചിരുന്നു. ഇവര്‍ക്കെതിരെ ആരോപണങ്ങളൊന്നും ഉയര്‍ന്നിരുന്നില്ല. നിര്‍ഭാഗ്യകരമായ സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്. വൈസ് ചാന്‍സലര്‍മാരായി നിയമിക്കപ്പെട്ടവര്‍ മോശക്കാരാണെന്ന് പറയാനാവില്ല. മികച്ച വൈസ് ചാന്‍സലര്‍മാരെ ലഭിക്കാന്‍ യോഗ്യതയുള്ളവരെ അങ്ങോട്ട് സമീപിച്ച് നിയമിച്ചിരുന്ന അവസ്ഥയാണ് മുമ്പ് നിലവിലിരുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വാക്കാല്‍ പറഞ്ഞിരുന്നു.