പ്രിയ വർഗീസ്  
KERALA

പ്രിയാ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി ഇന്ന് വിധി പറയും

നിയമകാര്യ ലേഖിക

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ വിവാദത്തില്‍ ഹൈക്കോടതി വിധി ഇന്ന്. അഭിമുഖത്തില്‍ പ്രിയയ്ക്ക് ഒന്നാം റാങ്ക് നല്‍കിയ ഉത്തരവിനെതിരെ രണ്ടാം റാങ്കുകാരനായ ഡോ.ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി പറയുക. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ കൂടിയായ പ്രിയാ വര്‍ഗീസ് അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയത് മതിയായ യോഗ്യതയില്ലാതെയാണെന്നും, അതിനാല്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ജ. ദേവന്‍ രാമചന്ദ്രനാണ് വിധി പറയുക.

റാങ്ക് പട്ടികയില്‍ ഒന്നാമത് എത്തിയ പ്രിയാ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസറാകാനുള്ള എട്ടു വര്‍ഷത്തെ അധ്യാപന പരിചയമില്ലെന്ന് യുജിസിയും കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ നിയമനത്തില്‍ അപാകതയില്ലെന്നാണ് യൂണിവേഴ്‌സിറ്റിയുടെ വാദം.

ഹര്‍ജിയില്‍ വാദം കേള്‍ക്കവെ രൂക്ഷ വിമര്‍ശനങ്ങളായിരുന്നു കോടതിയുടെ ഭാഗത്ത് നിന്നും കണ്ണൂര്‍ സര്‍വകലാശാലയ്ക്കും, പ്രിയാ വര്‍ഗീസിനുമെതിരെ ഉണ്ടായത്. അസോസിയേറ്റ് പ്രൊഫസര്‍ നിയമനം കുട്ടിക്കളിയല്ല, എന്‍എസ്എസിന്റെ ഭാഗമായി കുഴിവെട്ടാന്‍ പോയതും മാലിന്യം നീക്കിയതും അധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്നും കോടതി വാക്കാല്‍ വിമര്‍ശിച്ചിരുന്നു.

അധ്യാപന പരിചയം എന്നാല്‍ അത് അധ്യാപനം തന്നെയാകണമെന്നും അധ്യാപനം ഗൗരവമുള്ള ഒരു ജോലിയാണെന്നും കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.

അതേ സമയം, ഹൈക്കോടതി വിമർശനത്തിന് മറുപടിയുമായി ഫേസ്ബുക്ക് പോസ്റ്റുമായി പ്രിയാ വർഗീസും രംഗത്തെത്തിയിരുന്നു. നാഷണല്‍ സര്‍വീസ് സ്‌കീമിനുവേണ്ടി കുഴിയല്ല കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രമെന്ന് പ്രിയ ഫേസ്ബുക്കില്‍ കുറിച്ചു.

2018 ലെ യുജിസി മാര്‍ഗനിര്‍ദേശം അനുസരിച്ച് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് പിഎച്ച്ഡിയും 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും എട്ടുവര്‍ഷത്തെ അധ്യാപന പരിചയവുമാണ് വേണ്ടത്. ഇത്തരം യോഗ്യതകളോടെയാണ് പ്രിയാ വര്‍ഗീസ് അപേക്ഷിച്ചതെന്നാണ് സര്‍വകലാശാല കോടതിയെ അറിയിച്ചത്. എന്നാല്‍ നിയമനത്തില്‍ യുജിസി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നായിരുന്നു യുജിസി കോടതിയെ അറിയിച്ചിരുന്നത്. ഗവേഷണകാലം നിയമനത്തിനാവശ്യമായ അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നും യുജിസി ഹൈക്കോടതിയില്‍ വ്യക്തമാക്കി.

പ്രിയാ വര്‍ഗീസിന്റെ നിയമനം നിലവില്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കണ്ണൂര്‍ സര്‍വകലാശാല വിശദീകരണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഹൈക്കോടതി സ്റ്റേ നീട്ടിയിരുന്നു. പിന്നാലെ റാങ്ക് ലിസ്റ്റില്‍ അപാകതയില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍വകലാശാല സത്യവാങ് മൂലം സമര്‍പ്പിച്ചു. സര്‍വകലാശാലയ്ക്ക് വേണ്ടി സത്യവാങ്മൂലം സമര്‍പ്പിച്ച രജിസ്ട്രാറെയും രൂക്ഷമായ ഭാഷയില്‍ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. സ്‌ക്രീനിംഗ് കമ്മിറ്റി എങ്ങനെയാണ് രേഖകള്‍ പരിശോധിച്ചതെന്ന് വ്യക്തമാക്കണമെന്നും സെലക്ഷന്‍ കമ്മറ്റി നടപടികളെ കുറിച്ച് സത്യവാങ്മൂലത്തിലില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സര്‍വകലാശാലയിലെ റാങ്ക് പട്ടികയില്‍ രണ്ടാം റാങ്കുകാരനും ചങ്ങനാശേരി എസ്ബി കോളജ് മലയാളം അധ്യാപകനുമാണ് ഹര്‍ജിക്കാരനായ ജോസഫ് സ്‌കറിയ. എന്നാല്‍ മതിയായ എല്ലാ യോഗ്യതയുടെയും അടിസ്ഥാനത്തിലാണ് നിയമനം എന്നാണ് പ്രിയയുടെ അവകാശവാദം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും