KERALA

കേരള സർവകലാശാലയിലെ സെനറ്റംഗങ്ങളെ പുറത്താക്കിയതിന് എതിരെയുള്ള ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

നിയമകാര്യ ലേഖിക

കേരള സർവകലാശാലയിൽ ചാൻസലർ 15 സെനറ്റംഗങ്ങളെ പുറത്താക്കിയത് സംബന്ധിച്ച ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇന്ന് ഉച്ചയോടെ വിധി പറയും. സർവകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട സെർച്ച് കമ്മിറ്റി രൂപീകരണത്തിലെ പ്രശ്നങ്ങളെ തുടർന്നായിരുന്നു നേരത്തെ സെനറ്റ് അംഗങ്ങളെ ചാൻസലറായ ഗവർണർ പിൻവലിച്ചത്. ഈ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട പുറത്താക്കപ്പെട്ട അംഗങ്ങൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സർവകലാശാലയിൽ വി സി നിയമനത്തിനായി രണ്ടംഗങ്ങളെ മാത്രം ഉൾപ്പെടുത്തി സെർച്ച് കമ്മിറ്റി രൂപീകരിച്ച് ചാൻസലർ തിരക്ക് പിടിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. പ്രതിനിധിനിയെ നിർദേശിക്കാൻ സെനറ്റ് അംഗങ്ങളുടെ മേൽ സമ്മർദം ചെലുത്തുന്നതിനാണ് ഇങ്ങനെ ചെയ്തതെന്ന് വാദിക്കാമെങ്കിലും പകരം മറ്റ് മാർഗങ്ങള്‍ ഉണ്ടായിരുന്നില്ലേ എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഗവർണർ ചാൻസലറായി പ്രവർത്തിക്കുമ്പോൾ പ്രീതിയുടെ പേരിൽ നടപടിയെടുക്കുന്നതിന് പരിമിതികളുണ്ട്. നിയമപരമായ താൽപര്യ സംരക്ഷണത്തിന് മാത്രമേ പ്രീതി പിൻവലിക്കാൻ ചാൻസലർക്ക് അധികാരമുള്ളൂ. വ്യക്തിപരമായ താൽപര്യം ഇവിടെ ബാധകമല്ലെന്നും കോടതി സൂചിപ്പിച്ചിരുന്നു.

ചാൻസലറുടെ നോമിനികൾ ചാൻസലർക്കെതിരെ നിലപാട് എടുക്കാന്‍ പാടില്ല. സെർച്ച് കമ്മിറ്റിയംഗത്തെ സെനറ്റ് നാമ നിർദേശം ചെയ്തിരുന്നുവെങ്കിൽ നിലവിലെ വിജ്ഞാപനം റദ്ദാവുകയും പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ, പുറത്താക്കപ്പെട്ട സെനറ്റംഗങ്ങൾ ചാൻസലറുടെ നടപടിക്കെതിരെ പ്രവർത്തിക്കുകയാണ് ചെയ്തത്. സർവകലാശാലയുടേയും വിദ്യാര്‍ഥികളുടെയും താല്‍പര്യമാണ് പരിഗണിച്ചതെന്നും ചാൻസലർ കോടതിയെ അറിയിച്ചിട്ടുണ്ട്.

ചാൻസലർക്ക് ദുരുദ്ദേശ്യമുണ്ടായിരുന്നുവെന്ന് ഹർജിക്കാർ ആരോപിക്കുന്നില്ല. തിടുക്കം കൂടിയെന്നും നിയമം മറികടക്കാൻ ശ്രമിച്ചുവെന്നുമാണ് പറയുന്നത്. സെനറ്റ് പ്രതിനിധിയെ നാമനിർദേശം ചെയ്യാത്തതിന് കാരണമായി പറയുന്നതും ഇതാണ്. സെർച്ച് കമ്മിറ്റി രൂപീകരിച്ച് ചാൻസലർ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് പോലും നിയമത്തിൽ പറയുന്നില്ല. ഒരു കപ്പ് ചായയുമായി ഇരുന്ന് സംസാരിച്ച് തീർക്കാവുന്ന പ്രശ്നങ്ങളായിരുന്നു ഇതെല്ലാമെന്നുമായിരുന്നു കോടതി അഭിപ്രായപ്പെട്ടത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?