KERALA

'ഹൈക്കോടതി വിധി ഒരു പരിധി വരെ തെറ്റ്': പ്രിയ വർഗീസിന് അന്തിമ വിധിവരെ തൽസ്ഥാനത്ത് തുടരാമെന്ന് സുപ്രീംകോടതി

വെബ് ഡെസ്ക്

കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയാ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ശരിവച്ച ഹൈക്കോടതി വിധിയിൽ ഒരു പരിധിവരെ പിഴവുകളുണ്ടെന്ന് സുപ്രീംകോടതി. എന്നാൽ കേസിൽ അന്തിമ വിധി വരുന്ന വരെ പ്രിയ വർഗീസിന് തൽസ്ഥാനത്ത് തുടരാം. ഹൈക്കോടതി ഉത്തരവിനെതിരെ യുജിസിയും നിയമനപ്പട്ടികയിൽ ഉണ്ടായിരുന്ന ജോസഫ് സ്കറിയയുടെയും സമർപ്പിച്ച ഹർജി ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, കെ വി വിശ്വനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്

അടുത്ത വാദത്തിന് മുൻപായി മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ പ്രിയാ വർഗീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആറാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. യുജിസിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജ് കേരള ഹൈക്കോടതിയുടെ ഉത്തരവ് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇപ്പോൾ നിയമനം ലഭിച്ചിട്ടുണ്ടെന്നും തൽസ്ഥിതി തുടരാൻ അനുവദിക്കണമെന്നും പ്രിയാ വർഗീസിന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചു.

അതനുസരിച്ച് സുപ്രീംകോടതി നോട്ടീസ് പുറപ്പെടുവിക്കുകയും അന്തിമവിധി വരെ തൽസ്ഥാനത്ത് തുടരാൻ പ്രിയ വർഗീസിനെ അനുവദിക്കുകയും ചെയ്തു. പ്രിയയുടെ നിയമനം തത്കാലം റദ്ദാക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. 'ഞങ്ങൾ വളരെ വ്യക്തമായി പറയുന്നു, ഒരു പരിധിവരെ ഹൈക്കോടതി വിധി തെറ്റാണ്' വാദത്തിനിടെ ജസ്റ്റിസ് ജെ കെ മഹേശ്വരി നിരീക്ഷിച്ചു.

2018 ലെ റെഗുലേഷന്‍ നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയം പ്രിയയ്ക്ക് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുജിസി സുപ്രീംകോടതിയെ സമീപിച്ചത്. പഠനേതര ജോലികള്‍ നടത്തിയ കാലഘട്ടം അധ്യാപന പരിചയത്തിന്റെ പരിധിയില്‍ പരിഗണിക്കണമെന്ന ഹൈക്കോടതി വിധിയിലെ പരാമര്‍ശം ചട്ടങ്ങളുടെ ലംഘനമാണെന്നും യുജിസി ഹർജിയിൽ വ്യക്തമാക്കുന്നു. ഹൈക്കോടതി വിധി അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട നിബന്ധനങ്ങൾ ഇല്ലാതാക്കും. ഇത് അഖിലേന്ത്യാതലത്തിൽ പ്രത്യാഘാതമുണ്ടാക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രിയാ വര്‍ഗീസിന് യോഗ്യതയില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ജൂൺ 22 നാണ് റദ്ദാക്കിയത്. യുജിസിയുടെ ഫാക്കല്‍റ്റി ഡവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഗവേഷണ കാലയളവും കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്റ്‌സ് സര്‍വീസ് ഡയറക്ടര്‍ സേവന കാലയളവും അധ്യാപക പരിചയത്തില്‍ കണക്കാക്കാനാവില്ലെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. ഇത് വസ്തുതകള്‍ ശരിയായി മനസിലാക്കാതെയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി പ്രിയ നല്‍കിയ അപ്പീല്‍ പരിഗണിച്ചായിരുന്നു ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. ഹൈക്കോടതിയുടെ അനുകൂല വിധിക്ക് പിന്നാലെ കണ്ണൂര്‍ സര്‍വകലാശാല, പ്രിയയ്ക്ക് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള നിയമന ഉത്തരവ് നല്‍കിയിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും