കുട്ടിയായിരിക്കെ പീഡനത്തിനിരയായത് പ്രായപൂർത്തിയായ ശേഷം വെളിപ്പെടുത്തിയെന്ന കാരണത്താൽ കേസിൽ അലംഭാവം കാണിക്കരുതെന്ന് ഹൈക്കോടതി. ഐപിസി 376 പ്രകാരം ബലാത്സംഗത്തിന് കേസെടുത്താൽ സംഭവം വെളിപ്പെടുത്താൻ വൈകിയെന്ന പേരിൽ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും അലംഭാവമുണ്ടാകരുതെന്നാണ് ജസ്റ്റിസ് പിബി സുരേഷ്കുമാർ, ജസ്റ്റിസ് സിഎസ് സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.
ഇത്തരം കേസുകളിൽ തെളിവുകളും സാഹചര്യങ്ങളും വ്യത്യസ്തമായിരിക്കും. കുട്ടിക്കാലത്തുണ്ടാകുന്ന കാര്യങ്ങൾ പല സാഹചര്യങ്ങൾകൊണ്ട് പുറത്തറിഞ്ഞിട്ടുണ്ടാകില്ല. പ്രായപൂർത്തിയായ ശേഷം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയാൽ അത് തെറ്റാണെന്ന് കരുതാനാവില്ല. ഓരോ കേസും വസ്തുതയും സാഹചര്യവും അനുസരിച്ച് വേണം പരിഗണിക്കാനെന്നും കോടതി അഭിപ്രായപ്പെട്ടു.
കുട്ടിക്കാലത്തുണ്ടാകുന്ന കാര്യങ്ങൾ പല സാഹചര്യങ്ങൾകൊണ്ട് പുറത്തറിഞ്ഞിട്ടുണ്ടാകില്ല. പ്രായപൂർത്തിയായ ശേഷം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയാൽ അത് തെറ്റാണെന്ന് കരുതാനാവില്ലെന്ന് ഹൈക്കോടതി
പ്രായപൂർത്തിയാകാത്ത മകളെ പീഡനത്തിനിരയാക്കിയെന്ന കേസിൽ പിതാവിനെ കീഴ്ക്കോടതി ജീവിതാവസാനം വരെ തടവിന് ശിക്ഷിച്ചത് ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. മകൾക്കിപ്പോൾ 25 വയസ്സുണ്ടെന്നും കുട്ടിക്കാലത്തുണ്ടായ പീഡനത്തെ കുറിച്ചുള്ള പരാതി വർഷങ്ങൾക്ക് ശേഷമാണ് ഉന്നയിക്കുന്നതെന്നും ഹർജിക്കാരൻ വാദിച്ചു. പരാതി നൽകാൻ കാലതാമസമെടുത്തന്നും സാക്ഷിമൊഴികളിൽ അവ്യക്തതയുണ്ടെന്നുമായിരുന്നു അപ്പീലിലെ വാദം. എന്നാൽ കൊല്ലുമെന്ന ഭീഷണിയുണ്ടായതിനെ തുടർന്നാണ് അമ്മയോട് പോലും കുട്ടി ഇക്കാര്യങ്ങൾ പറായാതിരുന്നതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
പെണ്കുട്ടി തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയ അംഗൻവാടി ടീച്ചറുടെയും പരിശോധിച്ച ഡോക്ടറുടെയും മൊഴികൾ ഉൾപ്പെടെയുള്ള തെളിവുകൾ കോടതി പരിശോധിച്ചു. ഇത്തരം തെളിവുകളെല്ലാം പ്രതിക്ക് എതിരാണെന്ന് കോടതി കണ്ടെത്തി. പ്രതിയുടെ ഭീഷണിയെത്തുടർന്ന് അത് നേരത്തെ വെളിപ്പെടുത്തിയില്ലെങ്കിലും, ഇത് വിശ്വസനീയമാണെന്ന് കോടതി വിലയിരുത്തി. മകൾ സ്കൂളിൽ പോകാത്തതിന് ശകാരിച്ചതിന്റെ ദേഷ്യത്തിലാണ് ഇത്തരം ആരോപണം ഉന്നയിച്ചതെന്ന പ്രതിയുടെ വാദം കോടതി തള്ളി. ഒരു മകളും പിതാവിനെതിരെ നിസ്സാരകാരണത്താൽ ഇത്രയും ഗുരുതരമായ ആരോപണം ഉന്നയിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതിയുടെ സാമൂഹിക പാശ്ചാത്തലം കണക്കിലെടുത്ത് ജീവിതാവസാനം വരെ തടവെന്ന കീഴ്ക്കോടതി വിധിച്ച ശിക്ഷ, 20 വർഷം കഠിനതടവായി ഹൈക്കോടതി കുറച്ചു.