നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസ് റദ്ദാക്കാനായി ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പിന്‍മാറി. ദിലീപിനൊപ്പം അച്ഛന്‍ സിനിമയില്‍ അഭിനയിച്ചെന്ന് വ്യക്തമാക്കിയാണ് ജഡ്ജി പിന്‍മാറിയത്. കല്യാണരാമന്‍ എന്ന സിനിമയില്‍ ദിലീപിന്റെ മുത്തച്ഛനായി അഭിനയിച്ച ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ മകനാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍.
തിയേറ്ററുടമയും നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍ നല്‍കിയ അപകീര്‍ത്തി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, തന്റെ അച്ഛനും ഹര്‍ജിക്കാരനും തമ്മില്‍ സിനിമാ ബന്ധമുള്ളതിനാല്‍, ഈ കേസില്‍ നിന്ന് ഒഴിയുകയാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. തുടര്‍ന്ന് ജസ്റ്റിസ് പി ജി അജിത്കുമാറിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ദിലീപ് നാളെ തലശ്ശേരി കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന തലശ്ശേരി കോടതി ഉത്തരവ് ഹൈക്കോടതി ഒരു മാസത്തേക്ക് സ്‌റ്റേ ചെയ്തു.
തന്റെ അറസ്റ്റിന് പിന്നില്‍ ലിബര്‍ട്ടി ബഷീര്‍ ഉള്‍പ്പെടെയുള്ളവരുടെ ഗൂഢാലോചനയാണെന്ന് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. ദിലീപിന്റെ ആരോപണം മാനഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ലിബര്‍ട്ടി ബഷീര്‍ വക്കീല്‍ നോട്ടീസയച്ചിരുന്നു. എന്നാല്‍ അതിന് മറുപടി ലഭിക്കാതെ വന്നതോടെ തലശ്ശേരി കോടതിയില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്യുകയയായിരുന്നു. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും തനിക്കെതിരെ പ്രചാരണം നടത്തിയെന്നായിരുന്നു ലിബര്‍ട്ടി ബഷീറിന്റെ ആരോപണം. ഈ കേസില്‍ ദിലീപിനോട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.