കേരള ഹൈക്കോടതി  
KERALA

കോളേജുകളില്‍ വിദ്യാര്‍ഥി പരിഹാര സെല്ലുകള്‍; സർക്കാർ ഉത്തരവ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി

യുജിസി നിഷ്‌കര്‍ഷിച്ചിട്ടുള്ള റെഗുലേഷന് വിരുദ്ധമാണ് സര്‍ക്കാര്‍ ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി

നിയമകാര്യ ലേഖിക

കോളേജുകളില്‍ വിദ്യാര്‍ഥി പരാതി പരിഹാര സെല്ലുകള്‍ രൂപീകരിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്നാണ് പരാതി പരിഹാര സെല്ലുകള്‍ രൂപീകരിക്കാനും സര്‍വകലാശാല തലത്തില്‍ അപ്പല്ലേറ്റ് സമിതികളുണ്ടാക്കാനും സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് ജൂണ്‍ ഒൻപതിന് പുറത്തിറക്കിയ ഉത്തരവിനെതിരെ സംസ്ഥാനത്തെ കോളേജ് പ്രിന്‍സിപ്പാള്‍മാരുടെ സംഘടനയും കേരള കാത്തലിക് എഞ്ചിനീയറിങ് കോളേജ് മാനേജ്മെന്റ്‌സ് അസോസിയേഷനും നല്‍കിയ ഹര്‍ജികളിലാണ് സ്റ്റേ.

യുജിസി നിഷ്‌കര്‍ഷിച്ചിട്ടുള്ള റെഗുലേഷന് വിരുദ്ധമാണ് സര്‍ക്കാര്‍ ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള പരാതി പരിഹാര സെല്ലിലെ പത്തംഗങ്ങളില്‍ അഞ്ച് പേര്‍ വിദ്യാര്‍ഥികളും ഒരാള്‍ പിടിഎ പ്രതിനിധിയുമാണ്. സമിതി ഭൂരിപക്ഷാടിസ്ഥാനത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാന്‍ സമിതിയുടെ ചെയര്‍പേഴ്സണായ പ്രിന്‍സിപ്പാളിന് ബാധ്യതയുണ്ട്. കോളേജിന്റെ ഭരണപരമായ കാര്യങ്ങള്‍, വിദ്യാര്‍ഥി പ്രവേശനം, പരീക്ഷ, അച്ചടക്ക നടപടി തുടങ്ങിയ കാര്യങ്ങളില്‍ പ്രിന്‍സിപ്പാള്‍ എടുക്കുന്ന തീരുമാനങ്ങളെ അംഗങ്ങള്‍ എതിര്‍ക്കാനാണ് സാധ്യത.

മതിയായ നിയമ നിര്‍മാണമില്ലാതെ എയ്ഡഡ്, അണ്‍ എയ്ഡഡ് കോളേജുകളുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ല. യുജിസി റെഗുലേഷനനുസരിച്ച് പ്രൊഫസര്‍മാരും സീനിയര്‍ ഫാക്കല്‍റ്റി മെമ്പര്‍മാരുമൊക്കെ ഉള്‍പ്പെട്ട സമിതിയാണ് പരാതി പരിഹാര സെല്ലെന്നുമാണ് ആരോപണം.

സ്വാശ്രയ സ്ഥാപനങ്ങളടക്കം എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും സര്‍വലാശാല പഠനവിഭാഗങ്ങളിലും ഒരു മാസത്തിനകം വിദ്യാര്‍ഥി പരാതി പരിഹാര സെല്‍ രൂപീകരിക്കാനായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു നൽകിയ നിര്‍ദേശം. പ്രിന്‍സിപ്പാൾ അല്ലെങ്കില്‍ സര്‍വകലാശാല വകുപ്പ് മേധാവി ശുപാര്‍ശ ചെയ്യുന്ന രണ്ട് അധ്യാപകര്‍ സമിതിയിലുണ്ടാകും. അതിലൊരാള്‍ വനിതയായിരിക്കണമെന്നുമായിരുന്നു നിര്‍ദേശം. കോളേജ് യൂണിയന്‍ /ഡിപ്പാര്‍ട്‌മെന്റല്‍ സ്റ്റുഡന്റസ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍, വിദ്യാര്‍ഥികളില്‍ നിന്നും അവരാല്‍ തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് പ്രതിനിധികള്‍ (ഒരാള്‍ വനിത), പ്രിന്‍സിപ്പാൾ/സര്‍വകലാശാല വകുപ്പുമേധാവി നാമനിര്‍ദേശം ചെയ്യുന്ന ഭിന്നശേഷി വിഭാഗത്തില്‍നിന്നുള്ള വിദ്യാര്‍ഥി, എസ്സി-എസ്ടി വിഭാഗത്തില്‍നിന്നുള്ള വിദ്യാര്‍ഥി എന്നിവരും സമിതിയിലുണ്ടാകും. പുറമെ, പിടിഎ പ്രതിനിധി, സര്‍വകലാശാല പ്രതിനിധിയായി സിന്‍ഡിക്കേറ്റ് നാമനിര്‍ദേശം ചെയ്യുന്ന അധ്യാപകന്‍/അധ്യാപിക എന്നിവരും ചേരുന്ന തരത്തിലാണ് സെല്ലിന്റെ ഘടന.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍