അട്ടപ്പാടി മധുവധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി നടപടി ഹൈക്കോടതി ശരിവച്ചു. 12 പ്രതികളില്‍ 11 പേരുടെ ജാമ്യം റദ്ദാക്കിയ നടപടി ശരിവച്ച ഹൈക്കോടതി, പതിനൊന്നാം പ്രതി അബ്ദുൾ കരീമിന് ജാമ്യം അനുവദിച്ചു. മരക്കാര്‍, രാധാകൃഷ്ണന്‍, ഷംസുദ്ദീന്‍, അബൂബക്കര്‍, നജീബ്, ജൈജു മോന്‍, സജീവ്, മുനീര്‍, അനീഷ്, സിദ്ദിഖ്, ബിജു എന്നിവരുടെ ജാമ്യം റദ്ദാക്കിയ നടപടിയാണ് കോടതി ശരിവച്ചത്. ഓഗസ്റ്റ് 20നാണ് മധു വധക്കേസിലെ12 പ്രതികളുടെ ജാമ്യം വിചാരണ കോടതിയായ മണ്ണാര്‍ക്കാട് എസ്‌സി- എസ്ടി കോടതി റദ്ദാക്കിയത്.
ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് സാക്ഷികളെ സ്വാധീനിച്ചെന്ന പ്രോസിക്യൂഷന്റെ ഹര്‍ജിയിലായിരുന്നു നടപടി. കേസില്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുന്നത് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കിയത്. പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം.
പ്രതികള്‍ സാക്ഷികളെ ഫോണില്‍ നിരന്തരം ബന്ധപ്പെട്ടതിന്റെ രേഖകള്‍ ഉള്‍പ്പെടെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇനി വിസ്തരിക്കാനുള്ള സാക്ഷികളെയും സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. വിചാരണയുടെ ആദ്യഘട്ടം മുതല്‍ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന ആശങ്ക മധുവിന്റെ കുടുംബവും പങ്കുവെച്ചിരുന്നു.
അതിനിടെ മധുവധക്കേസിലെ സാക്ഷികളുടെ കൂറുമാറ്റം തുടരുകയാണ് . കേസിലെ നാല്‍പ്പത്തിയാറാം സാക്ഷിയായ അബ്ദുല്‍ ലത്തീഫാണ് ഏറ്റവും ഒടുവില്‍ കോടതിയില്‍ മൊഴി തിരുത്തിയത്. തനിക്ക് കേസിനെ കുറിച്ച് ഒന്നും അറിയില്ലെന്നും, സംഭവം നടക്കുമ്പോള്‍ മുക്കാലിയില്‍ പോയിട്ടില്ലെന്നും ലത്തീഫ് കോടതിയില്‍ പറഞ്ഞു. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം 22 ആയി. വിചാരണക്കിടെ കോടതിയില്‍ കാണിച്ച ദൃശ്യങ്ങളിലുള്ളത് താനല്ലെന്ന് ലത്തീഫ് പറഞ്ഞു. ഇതോടെ ദൃശ്യങ്ങളും പാസ്പോര്‍ട്ടിലെ ഫോട്ടോയും ഫോറന്‍സിക് പരിശോധിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. സാക്ഷി വിസ്താരം തുടങ്ങിയപ്പോള്‍ തന്നെ ലത്തീഫ് പൂര്‍ണമായും നിസ്സഹകരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. അതിനിടെ, കോടതി നടപടികള്‍ റെക്കോര്‍ഡ് ചെയ്യണം എന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട മധുവിന്റെ അമ്മ മല്ലി വിചാരണ കോടതിയെ സമീപിച്ചു.