1995 ഏപ്രില്‍ പന്ത്രണ്ട്, സമയം രാവിലെ 10.20. കൂകിപ്പായുന്ന ന്യൂഡല്‍ഹി-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് ആന്ധ്രയിലെ ഓണലു റെയില്‍വെ സ്റ്റേഷന്‍ പിന്നിട്ടതേയുണ്ടായിരുന്നുള്ളു. ട്രെയിനിലെ എസി കോച്ചില്‍ വാഷ്‌ബേസിനില്‍ മുഖം കഴുകുകയായിരുന്നു ഇപി ജയരാജന്‍. പെട്ടന്നാണ് ഒരു വെടിയുണ്ട കഴുത്തിനുപിന്നില്‍ തുളച്ചു കയറിയത്. ജലന്ധര്‍ പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞുള്ള ആ യാത്ര ജയരാജന്റെ ജീവിതം മാറ്റിമറിച്ചു. തലനാരിഴയ്ക്ക് രക്ഷപ്പെട്ട ആ സംഭവത്തിന് ശേഷം, വെടിയുണ്ടയുടെ ചീളും പേറി ജയരാജന്‍ 29 വര്‍ഷം താണ്ടി. ഇന്ന് ആ വധശ്രമക്കേസില്‍ ഇന്ന് ഹൈക്കോടതി വിധി പറഞ്ഞു. പ്രതിസ്ഥാനത്ത് അവരോധിക്കപ്പെട്ട നിലവിലെ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി.
സുധാകരന് എതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരുന്നത്. ജയരാജനെ വധിക്കാനായി സുധാകരനും സിഎംപി നേതാവ് എംവി രാഘവനും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നായിരുന്നു സിപിഎം ആരോപണം. ഒന്നാംപ്രതി വിക്രംചാലില്‍ ശശിയാണ് ജയരാജന് എതിരെ വെടിയുതിര്‍ത്തത്. പേട്ട ദിനേശന്‍, ടിപി രാജീവന്‍, ബിജു എന്നിവരായിരുന്നു കേസിലെ മറ്റ് പ്രതികള്‍.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജനെ വകവരുത്താന്‍ സുധാകരന്‍ വാടക ഗുണ്ടകളെ ഏര്‍പ്പെടുത്തിയെന്നും തിരുവനന്തപുരത്ത് ഗൂഢാലോചന നടത്തിയെന്നും അന്ന് സിപിഎം ആരോപിച്ചു. സുധാകരന്‍ തലസ്ഥാനത്തുവച്ച് ഗൂഢാലോചന നടത്തിയെന്നും ഒന്നും രണ്ടും പ്രതികളെ കൊലപാതകത്തിന് നിയോഗിച്ചെന്നും പോലീസ് കുറ്റപത്രത്തിലും പറഞ്ഞിരുന്നു.
കണ്ണൂര്‍ രാഷ്ട്രീയം ചോരയില്‍ മുങ്ങിയ കാലമായിരുന്നു അത്. ആര്‍എസ്എസുമായും കോണ്‍ഗ്രസുമായുള്ള ഏറ്റുമുട്ടലില്‍ മുഴുകിനിന്ന സിപിഎമ്മിന് എംവി രാഘവന്‍ എന്ന പുതിയൊരു ശത്രുവിനെക്കൂടി കിട്ടിയ കാലം. കോണ്‍ഗ്രസാണ് മുഖ്യശത്രുവെന്നും മുസ്ലിം ലീഗുമായി തിരഞ്ഞെടുപ്പ് സഖ്യം വേണമെന്നുമുള്ള ബദല്‍ രേഖയുടെ പേരില്‍ എംവിആറിനെ സിപിഎം പുറത്താക്കിയിരുന്നു. 1985-ല്‍ കൊല്‍ക്കത്തയില്‍ നടന്ന 12-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി കൊച്ചിയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബദല്‍ രേഖ തയാറാക്കിയതെന്നും അതിനനുകൂലമായി സമ്മേളന പ്രതിനിധികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു എംവിആറിനെ പുറത്താക്കാന്‍ സിപിഎം കണ്ടെത്തിയ ന്യായം. 1986-ല്‍ എംവിആറിനെ സിപിഎം പാർട്ടിയിൽ നിന്ന് ഇറക്കിവിട്ടു.
പാര്‍ട്ടിയുടെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായി ബദല്‍ രേഖ തയാറാക്കുന്നതിന് രാഘവന് എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തത് ഇകെ നായനാര്‍. പക്ഷേ രേഖയില്‍ ഒപ്പിട്ടില്ല. അന്ന് പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗമായിരുന്ന നായനാര്‍ക്ക് എതിരെ ഒരുനടപടിയുമുണ്ടായില്ല. പുറത്തുപോയ എംവിആര്‍ വെറുതേയിരുന്നില്ല. 1986 ജൂലൈ 27-ന് രാഘവന്‍ സിഎംപി രൂപീകരിച്ചു. പിന്നീട്, കണ്ണൂര്‍ കലുഷിതമായിരുന്നു. കൂത്തുപറമ്പ് വെടിവെപ്പില്‍ ഡിവൈഎഫ്ഐയ്‌ക്ക് അഞ്ച് സഖാക്കളെ നഷ്ടമായി. പുഷ്പന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായി. പറശ്ശിനിക്കടവിലെ പാമ്പുവളര്‍ത്തല്‍ കേന്ദ്രം സിപിഎം പ്രവര്‍ത്തകര്‍ അഗ്നിക്കിരയാക്കി.
എംവിആര്‍ എവിടെച്ചെന്നാലും തല്ലാന്‍ ആള്‍ക്കൂട്ടമുണ്ടാക്കി പിന്നാലെ കൂടി സിപിഎം പ്രവര്‍ത്തകര്‍. ജയരാജനായിരുന്നു അന്ന് കണ്ണൂരില്‍ ആടിയുലഞ്ഞുനിന്ന സിപിഎമ്മിനെ താങ്ങിനിര്‍ത്താന്‍ കച്ചകെട്ടിയിറങ്ങിയ നേതാക്കളില്‍ പ്രധാനി. ആളും അര്‍ഥവുമായി ഇപി കളത്തിലിറങ്ങി നിന്നപ്പോള്‍, പ്രവര്‍ത്തകര്‍ കൂടുതല്‍ അക്രമോത്സുകരായി. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയായി.
ജയരാജനെ തീവണ്ടിയില്‍ വെടിവെച്ചുവീഴ്ത്തി തള്ളിയിട്ട ശേഷം രക്ഷപ്പെടുക എന്നതായിരുന്നു കൊലയാളികളുടെ പദ്ധതി. പക്ഷേ, തലനാരിഴയ്ക്ക് ജയരാജന്‍ രക്ഷപ്പെട്ടു. കൃത്യം നടത്തി അധികം വൈകാതെ തന്നെ പ്രതികള്‍ പിടിയിലായി. എംവി രാഘവനും സുധാകരനുമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് ആദ്യം പറയുന്നത് പിടിയിലായ വിക്രംചാലില്‍ ശശിയാണ്.
'എം വി രാഘവനും കെ സുധാകരനും ചേര്‍ന്ന് പതിനായിരം രൂപ തന്നു. രണ്ട് റിവോള്‍വറും തിരകളും ഏല്‍പിച്ചത് സുധാകരനാണ്. സമ്മേളനം കഴിഞ്ഞുവരുന്ന ജയരാജനെ കൊല്ലണമെന്ന് അവര്‍ നിര്‍ദേശിച്ചു'- ശശിയുടെ മൊഴിയില്‍ പറയുന്നു. ആര്‍എസ്എസ് വിട്ട് ശിവസേനയില്‍ ചേക്കേറിയ വിക്രംചാലില്‍ ശശി പിന്നീട് കൊല്ലപ്പെട്ടു. കേസില്‍ ഒന്നുംരണ്ടും പ്രതികളായ പേട്ട ദിനേശന്‍, വിക്രംചാലില്‍ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേല്‍ക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തന്നെയും കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരന്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. സുധാകരനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി വിചാരണക്കോടതി തള്ളി. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഹൈക്കോടതി വിധി ഇപിയ്ക്ക് നിരാശയും സുധാകരന് ആശ്വാസവുമാണ്. എംവിആര്‍ കളമൊഴിഞ്ഞിരിക്കുന്നു. കഴുത്തിലിരിക്കുന്ന വെടിയുണ്ട ചീളിന്റെ പേരില്‍ പാര്‍ട്ടിക്കാര്‍ കരുത്തനെന്നും പാര്‍ട്ടിക്കാരല്ലാത്തവര്‍ ബഡായിയെന്നും പറഞ്ഞു രണ്ടുപക്ഷം പിടിക്കുമ്പോള്‍, ഒരുകാര്യം ജയരാജന്‍ പറയാറുണ്ട്, ''ഇന്നും ഓക്‌സിജന്‍ മാസ്‌ക്കില്ലാതെ ഉറങ്ങാന്‍ സാധിക്കാറില്ലെനിക്ക്''.