കേരളത്തിലെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിൽ നരബലി ഇതാദ്യമല്ല. മനഃസാക്ഷിയെ ഞെട്ടിച്ച് മുൻപും നരബലികളുടെ വാർത്തകള്‍ പുറത്തുവന്നിട്ടുണ്ട്. 'കേരളത്തിലും നരബലി' എന്ന തലക്കെട്ടോടെ പുറത്തുവരുന്ന വാർത്തകൾ കണ്ട് പകച്ചുനിൽക്കുകയാണ് മലയാളികൾ.
പിതാവും രണ്ടാനമ്മയും ചേർന്ന് സ്കൂൾ വിദ്യാർഥിയെ നരബലി കൊടുത്തത് കേരളത്തെയാകെ നടുക്കിയ സംഭവം ആയിരുന്നു
2018 ൽ ഇടുക്കി വണ്ണപ്പുറം കമ്പകക്കാനത്ത് നാലംഗ കുടുംബത്തിന്റെ കൂട്ടക്കൊലയ്ക്ക് കാരണമായത് അന്ധവിശ്വാസമായിരുന്നു. ജൂലൈ 29നാണ് കൃഷ്ണനെയും കുടുംബത്തെയും ശിഷ്യനായ അനീഷും സുഹൃത്ത് ലിബീഷും ചേർന്ന് കൊലപ്പെടുത്തുന്നത്. രണ്ടുവർഷത്തോളം കൃഷ്ണനൊപ്പം നിന്ന് പൂജയും മന്ത്രവാദവും പഠിച്ചയാളാണ് അനീഷ്. 300 മൂർത്തികളുടെ ശക്തി കൃഷ്ണനുണ്ടായിരുന്നു എന്നായിരുന്നു അനീഷിന്റെ വിശ്വാസം.
കൃഷ്ണനെ കൊന്നാൽ അദ്ദേഹത്തിന്റെ ശക്തികൂടി തനിക്ക് കിട്ടുമെന്ന് കരുതിയ അനീഷ് കൊലക്ക് പദ്ധതികൾ തയ്യാറാക്കി. സുഹൃത്ത് ലിബീഷിനൊപ്പം ഒരു കുടുംബത്തെ മുഴുവൻ അനീഷ് ഇല്ലാതാക്കി. വീട്ടിൽ നിന്ന് സ്വർണ്ണവും പണവും മന്ത്രവാദത്തിനുള്ള ചില താളിയോലകളും അനീഷ് മോഷ്ടിക്കുകയും ചെയ്തു. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ മോഷണത്തിനായുള്ള കൊലപാതകം ആണെന് പോലീസ് കണക്കുകൂട്ടിയിരുന്നെങ്കിലും അന്ധവിശ്വാസം മൂലം അനീഷ് കുടുംബത്തെ കൊലപ്പെടുത്തുകയായിരുന്നെന്ന് പിന്നീടാണ് തെളിഞ്ഞത്.
2016 ഒക്ടോബറിലാണ് ഇടുക്കിയിലെ ആദിവാസിഗ്രാമമായ ഇടമലക്കുടിയിലെ നരബലിയുടെ റിപ്പോർട്ടുകൾ പുറത്തുവന്നത്. കേരളത്തിലെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ദേവീപ്രീതിക്കായി പെണ്‍കുട്ടികളെ നരബലി കൊടുത്തതായാണ് പരാതി ഉയർന്നത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട മുതുവാന്‍ ഗിരിവര്‍ഗക്കാരാണ് ഇവിടെ ഉള്ളത്.
ദേശീയ മനുഷ്യാവകാശ സാമൂഹ്യനീതി കമ്മീഷന്‍ പ്രദേശത്ത് താമസിച്ച് രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവന്നത്. 12 വയസില്‍ താഴെ പ്രായമുള്ള മൂന്ന് പെണ്‍കുട്ടികളെ നരബലി കൊടുത്തതായാണ് വിവരം. ദേവീപ്രീതിക്കും ജാതകദോഷം മാറ്റാനും എന്ന പേരിലാണ് പെണ്‍കുട്ടികളെ നരബലി നല്‍കിയത്. തുടർന്ന് സംഘടന ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, കേന്ദ്ര ശിശുക്ഷേമ വകുപ്പ്, ബാലാവകാശ കമ്മീഷന്‍, സംസ്ഥാന പൊലീസ് മേധാവി എന്നിവര്‍ക്ക് പരാതി നൽകുകയും കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
23 വർഷങ്ങൾക്ക് മുൻപ് ഇടുക്കി ജില്ലയിലെ മലയോര ഗ്രാമമായ രാമക്കൽമേട്ടിൽ പിതാവും രണ്ടാനമ്മയും ചേർന്ന് സ്കൂൾ വിദ്യാർഥിയെ നരബലി കൊടുത്തത് കേരളത്തെയാകെ നടുക്കിയ സംഭവം ആയിരുന്നു. തമിഴ്നാട്ടിലെ ഉത്തമപാളയത്ത് നിന്നെത്തിയ ആറ് മന്ത്രവാദികൾ ചേർന്നാണ് നിധിയെടുക്കാനുള്ള പൂജകൾ നടത്തിയത്. മന്ത്രവാദത്തിന്റെ മൂർധന്യത്തിൽ കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. പിറ്റേന്ന് ബാലന്റെ വികൃതമായ മൃതദേഹമാണ് നാട്ടുകാർ കണ്ടത്. അതേതുടർന്ന് വൻ പ്രതിഷേധങ്ങൾ ഉണ്ടാവുകയും രണ്ടാനമ്മയെയും അച്ഛനെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. നാലുപേർക്ക് സെഷൻസ് കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചെങ്കിലും ഹൈക്കോടതി പിന്നീട് ശിക്ഷ ഇളവു ചെയ്തു.
1981 ഡിസംബറിലാണ് അടിമാലി പനംകുട്ടിയിൽ സോഫിയ എന്ന പെൺകുട്ടിയെ ഭർത്താവും വീട്ടുകാരും ചേർന്ന് കൊലപ്പെടുത്തിയത്. പെൺകുട്ടിയെ കൊലപാതകത്തിന് ശേഷം അടുക്കളയിൽ കുഴിച്ചിടുകയായിരുന്നു. എന്നാൽ പോലീസിന്റെ സമയോചിതമായ ഇടപെടൽ കൊണ്ട് പ്രതിയെ കണ്ടുപിടിക്കുകയായിരുന്നു.
പദ്ധതിയിട്ട ശേഷം നരബലികൾ നടക്കാതെ പോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സംഭവം അവസാനനിമിഷം പുറത്തറിഞ്ഞതുകൊണ്ടും ഇരകളുടെ എതിർപ്പുകൊണ്ടും നടക്കാതെ പോയ നരബലി ശ്രമങ്ങളും കേരളത്തിന്റെ പല ഭാഗങ്ങളിലായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.