KERALA

'എയ്ഡ്സ് രോഗികള്‍ കൂടുന്നതിനും പീഡോഫീലിയ വർധിക്കുന്നതിനും കാരണം സ്വവർഗ ലൈംഗികത'; വിവാദ പരാമർശവുമായി എം കെ മുനീർ

വെബ് ഡെസ്ക്

സ്വർഗാനുരാഗികൾ സാമൂഹിക പ്രശ്നങ്ങൾ സൃഷ്ട്ടിക്കുന്നവരെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയംഗവും സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളുമായ ഡോ. എം കെ മുനീർ. സ്വവർഗലൈംഗികതയാണ് എയ്ഡ്സ് പടരുന്നതിനും കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന കേസുകളുടെ എണ്ണം വർധിക്കാനുമുള്ള കാരണമെന്നാണ് എം കെമുനീർ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

ലീഗിന്റെ പുരോഗമന മുഖമായി കണക്കാക്കിയ എം കെ മുനീർ ഇപ്പോൾ തീവ്രനിലപാടുകളിലേക്ക് മാറിയോ എന്ന ചോദ്യത്തിന് മറുപടിയായാണ് എം കെ മുനീർ വീണ്ടും സ്വവര്‍ഗാനുരാഗികളെ കുറിച്ച് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. സ്വവർഗാനുരാഗികൾക്ക് വയസോ സമ്മതമോ നോക്കാതെ ആരുമായും ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള സ്വാതന്ത്ര്യം വേണമെന്ന വാദമുയർത്തുന്ന ഒരു സംഘം വ്യക്തികൾ ഉണ്ടെന്നും, ഇപ്പോൾ കേരളത്തിലും നടക്കുന്ന പ്രൈഡ് മാർച്ചുകൾക്ക് പല കോർപ്പറേറ്റ് കമ്പനികളും പിന്തുണ നൽകുന്നുണ്ടെന്നും മുനീർ ആരോപിക്കുന്നു.

സംസ്ഥാനത്ത് ആദ്യമായി ട്രാൻസ്‍ജൻഡർ പോളിസി അവതരിപ്പിച്ച താൻ ഇപ്പോഴും ട്രാൻസ് ജൻഡറിന് എതിരല്ലെന്നും, സ്വവർഗാനുരാഗമാണ് പ്രശ്നമെന്നുമാണ് മുനീറിന്റെ പക്ഷം. സ്വവർഗാനുരാഗം ശരിക്കും കേരളത്തിൽ ഒരു പ്രശ്‌നമാണോ എന്ന് വീണ്ടും ചോദിക്കുമ്പോൾ പിന്നെ എന്തുകൊണ്ടാണ് സുപ്രീം കോടതി സ്വവർഗവിവാഹം നിയമപരമാക്കാതിരുന്നത് എന്ന് മുനീർ തിരിച്ചു ചോദിക്കുന്നു.

എം കെ മുനീർ വലിയ വിവാദങ്ങളിൽ പെട്ട സംഭവമായിരുന്നു സംസ്ഥാന സർക്കാർ അവതരിപ്പിച്ച ജൻഡർ ന്യുട്രൽ യൂണിഫോമിൽ നടത്തിയ അഭിപ്രായപ്രകടനം. അന്ന് പിണറായി വിജയൻ സാരിയുടുക്കുമോ എന്ന് മുനീർ ചോദിച്ചത് വിവാദമായിരുന്നു. എന്നാൽ അന്ന് താൻ സ്ത്രീകളുടെ പക്ഷത്താണ് നിന്നതെന്നും എന്ത് മാറ്റം കൊണ്ടുവരുമ്പോഴും പുരുഷന്റെ സൗകര്യത്തിനനുസരിച്ച് സ്ത്രീകൾ മാറുകയാണ് ചെയ്യേണ്ടി വരുന്നത്. എന്തുകൊണ്ട് ആളുകൾ പിണറായിയുടെ വേഷത്തെ പറ്റി ചോദിക്കുന്നില്ല എന്നായിരുന്നു മുനീർ ചോദിച്ചത്. പലതവണ സമാനമായ പ്രസ്താവനകളുമായി വിവാദങ്ങളിൽപ്പെട്ട എം കെ മുനീർ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ്.

ലീഗിൽ ഒരു വിഭാഗം കോൺഗ്രസ് നേതൃത്വത്തിൽ അതൃപ്തരാണെന്നും ഇടതുപക്ഷത്തോടടുക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നുമുള്ള വാർത്തകൾ ഒരു സമയത്ത് ശക്തമായി പുറത്ത് വന്നിരുന്നു. മുസ്ലിം ലീഗിന്റെ തലമുതിർന്ന നേതാക്കളിലൊരാളായ കുഞ്ഞാലിക്കുട്ടി ഇടതുപക്ഷത്തിനെതിരെയുള്ള ആരോപണങ്ങളിൽ വളരെ നിസ്സംഗമായി പ്രതികരിക്കുന്നു എന്ന വിമർശനങ്ങൾ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ലീഗ് നേതാവായ കെ എം ഷാജിയും എം കെ മുനീറും ക്വീർവിരുദ്ധ യാഥാസ്ഥിതിക നിലപാടുകളുമായി ശക്തമായി രംഗത്തെത്തുന്നത്.

കെ എം ഷാജി നേരത്തേ തന്നെ ഇത്തരം ക്വീർവിരുദ്ധ പരാമർശങ്ങൾ നടത്താറുണ്ടായിരുന്നെങ്കിലും ലീഗിന്റെ പുരോഗമന മുഖമെന്നു വിശേഷിക്കപ്പെട്ട എം കെ മുനീർ ക്വീർവിരുദ്ധ പരാമർശവുമായിരംഗത്തെത്തിയത് പുതുമയായിരുന്നു. സർക്കാർ അവതരിപ്പിച്ച ജൻഡർ ന്യുട്രൽ യൂണിഫോമിനെതിരെ നടത്തിയ പരാമർശങ്ങളായിരുന്നു അതിൽ ഏറ്റവും വലിയ വിവാദത്തിനു തിരികൊളുത്തിയത്. ലീഗ് ഇടതുപക്ഷത്തിനൊപ്പം പോകുന്നു എന്ന പ്രതീതിയില്ലാതാക്കാൻ വേണ്ടിയാണോ മുനീർ ഇത്തരം പരാമർശങ്ങളുമായി രംഗത്തെത്തിയതെന്ന ചോദ്യം നേരത്തേ പലരും ഉന്നയിച്ചിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും