കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളിലെ ജനവിധി നാളെ അറിയാം. സംസ്ഥാനത്ത് വയനാട് ലോക്സഭ സീറ്റിലും ചേലക്കര, പാലക്കാട് അസംബ്ലി മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ നാളെ രാവിലെ 8 മണിക്ക്. 10 മണിയോടെ ജനങ്ങള്‍ ആര്‍ക്കൊപ്പമെന്നതില്‍ വ്യക്തതയുണ്ടാകും.
രാഹുല്‍ ഗാന്ധി രാജിവെച്ചതിനെത്തുടര്‍ന്ന് ഒഴിവു വന്ന വയനാട് സീറ്റില്‍ സഹോദരി പ്രിയങ്ക ഗാന്ധിയെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്. സിപിഐ നേതാവ് സത്യന്‍ മൊകേരിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ നവ്യ ഹരിദാസിനെയാണ് ബിജെപി സ്ഥാനാര്‍ഥി.
ചേലക്കരയില്‍ യു വി പ്രദീപ് (എല്‍ഡിഎഫ്), രമ്യ ഹരിദാസ് ( യുഡിഎഫ്), ബാലകൃഷ്ണന്‍ (ബിജെപി) എന്നിവരും, പാലക്കാട് ഡോ. പി സരിന്‍ (എല്‍ഡിഎഫ്), രാഹുല്‍ മാങ്കൂട്ടത്തില്‍ ( യുഡിഎഫ്), സി കൃഷ്ണകുമാര്‍ (ബിജെപി) എന്നിവരും ജനവിധി തേടുന്നു.
രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന വീറുറ്റ പോരാട്ടം നടന്നത് പാലക്കാടാണ്. ത്രികോണപ്പോര് തന്നെയാണ് പാലക്കാട്ട് നടന്നത്. ഗവ. വിക്ടോറിയ കോളേജിലാണ് പാലക്കാട് വോട്ടെണ്ണല്‍. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട പി സരിനും പത്തനംതിട്ടയില്‍ നിന്നെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും പാലക്കാട്ട് ഏറെ സ്വാധീനമുള്ള എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവച്ചത്. ഇതിനിടെ ബിജെപിയോട് ഇടഞ്ഞ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേക്കേറിയത് രാഷ്ട്രീയമായ ആര്‍ക്ക് ഗുണകരമാകുമെന്നതിന് ഉത്തരവും നാളെ അറിയാം.
എസ്‌കെഎംജെഎച്ച്.എസ്എസാണ് വയനാട്ട് ലോക്‌സഭ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കേന്ദ്രം. 13നുനടന്ന വോട്ടെടുപ്പില്‍ പോളിങ് ശതമാനം കുറഞ്ഞതോടെ കണക്കുകൂട്ടലുകളിലാണ് മുന്നണികള്‍. 64.71 ശതമാനം ആയിരുന്നു ഇക്കുറി പോളിങ്. ഏപ്രിലില്‍ 73.57 ശതമാനം പോളിങ്ങുണ്ടായ സ്ഥാനത്താണിത്. പോളിങ്ങിലെ കുറവ് തങ്ങളുടെ രാഷ്ട്രീയവോട്ടുകളെ ബാധിച്ചില്ലെന്നും എതിരാളികള്‍ക്കാകും ക്ഷീണമുണ്ടാക്കുകയുമെന്ന പ്രചാരണത്തിലാണ് മുന്നണികള്‍.
ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ചെറുതുരുത്തി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തയ്യാറായതായി വരമാധികാരി. സജ്ജീകരണങ്ങളും സുരക്ഷാ സംവിധാനവും ചേലക്കര നിയമസഭാ മണ്ഡലത്തിന്റെ വരണാധികാരിയായ സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടറും, പോലീസ് മേധാവിയും ജില്ലാ ഭരണകൂടവും ബന്ധപ്പെട്ട വകുപ്പ് മേധാവികളും സംയുക്തമായി പരിശോധിച്ച് ഉറപ്പുവരുത്തി. ചേലക്കര നിയമസഭാ മണ്ഡലത്തിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഒരു നിരീക്ഷകനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിട്ടുണ്ട്. എല്ലാ മണ്ഡലങ്ങളിലും പോസ്റ്റല്‍ വോട്ടുകളാണ് ആദ്യമെണ്ണുക. എട്ടരയോടെ ട്രെന്‍ഡ് ആര്‍ക്ക് അനുകൂലമെന്ന് വ്യക്തമാകും.