എതിര്‍ വിഭാഗം രാജി ആവശ്യപ്പെടുന്നതിന് മുന്‍പേ രാജി സന്നദ്ധത അറിയിച്ച കെ സുരേന്ദ്രന്റെ നിലപാട് വിജയം കണ്ടു. ബിജെപി നേതൃത്വ പദവിയില്‍ നിന്ന് കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ രാജി വെക്കുന്നുവെന്ന വാര്‍ത്തകള്‍ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കര്‍ തള്ളിയതോടെയാണ് സുരേന്ദ്ര പക്ഷത്തിന് താല്‍ക്കാലിക ആശ്വാസം ആയത്. സുരേന്ദ്രന്റെ രാജിക്കായുള്ള മുറവിളിക്കിടെയാണ് കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍ സുരേന്ദ്രന്‍ മാറില്ലെന്ന് വ്യക്തമാക്കുന്നത്.
ബിജെപി ഭാരവാഹികള്‍ രാജിവെക്കുമെന്ന് പറയുന്നതിന്റെ യുക്തി മനസിലാകുന്നില്ലെന്ന് ജാവഡേക്കര്‍ എക്‌സ് അക്കൗണ്ടിലൂടെ പ്രതികരിച്ചു. അങ്ങനെയെങ്കില്‍ തിരഞ്ഞെടുപ്പ് തോല്‍വികളുടെ പേരില്‍ പിണറായി വിജയനും രാജിവയ്‌ക്കേണ്ടേ എന്ന് ജാവഡേക്കര്‍ ചോദിച്ചു. രാജിവെക്കുന്ന കാര്യത്തില്‍ കേന്ദ്രനേതൃത്വമാണ് തീരുമാനിക്കേണ്ടത് എന്നു പറഞ്ഞാണ് നിലവിലെ വിഷയങ്ങളെ സുരേന്ദ്രന്‍ പ്രതിരോധിക്കുന്നത്.
എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് നേതൃമാറ്റം ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കൃഷ്ണദാസ് പക്ഷം. വി മുരളീധരന്റെ പിന്തുണയും കൃഷ്ണദാസ് പക്ഷത്തിനുണ്ട്. പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോരിനിടയില്‍ വി മുരളീധരനുമായുള്ള അകല്‍ച്ച സൂചിപ്പിച്ചായിരുന്നു സുരേന്ദ്രന്റെ ഇന്നത്തെ പ്രതികരണം. വി. മുരളീധരന്‍ പ്രസിഡന്റ് ആയിരിക്കെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ തോല്‍വിയില്‍ ആരും അധ്യക്ഷനായിരുന്ന മുരളീധരന്റെ രാജിയാവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം. സുരേന്ദ്രന് പകരം മുരളീധരനെ അധ്യക്ഷനാക്കാനുള്ള നീക്കങ്ങള്‍ക്ക് തടയിടുന്നതും മുന്നില്‍ കണ്ടായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
കെ സുരേന്ദ്രന്‍ മാറിയാല്‍ പി കെ കൃഷ്ണദാസ് വിഭാഗം അധ്യക്ഷ സ്ഥാനത്തിന് പിടിമുറുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനിടെ വി മുരളീധരന് രണ്ടാമത് ഒരു അവസരം കൂടി നല്‍കാനുള്ള സാധ്യതയും കേന്ദ്ര നേതൃത്വം പരിശോധിക്കുന്നുണ്ട്. ശോഭാ സുരേന്ദ്രന് ആര്‍എസ്എസ് പിന്തുണ ഉണ്ടെങ്കിലും മുതിര്‍ന്ന നേതാക്കള്‍ക്ക് ഇതില്‍ താല്‍പ്പര്യമില്ല. ഇത് നിലവിലുള്ള പ്രതിസന്ധി രൂക്ഷമാകാനെ ഇത് ഉപകരിക്കൂ എന്നാണ് കേന്ദ്രത്തിന്റെ വലയിരുത്തല്‍. നാളെ സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരീക്ഷകരുടെ യോഗം കൊച്ചിയില്‍ നടക്കുന്നുണ്ട്. ഇതില്‍ എ ക്ലാസ് മണ്ഡലമായ പാലക്കാട്ട് നേരിട്ട തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയില്‍ ഉണ്ടായ കടുത്ത പൊട്ടിത്തെറിയും പരസ്യ പ്രതികരണങ്ങളും ചര്‍ച്ചയാകും.