KERALA

എംപി പെന്‍ഷന്‍+പ്രൊഫസര്‍ പെന്‍ഷന്‍+ഓണറേറിയം; കെ വി തോമസിന് മാസം എത്ര കിട്ടും?

ഡല്‍ഹിയിലെ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിന് ശമ്പളത്തിന് പകരം സംസ്ഥാന സര്‍ക്കാരിന്റെ ഓണറേറിയം ഒരു ലക്ഷം രൂപ. ഇതിന് പിന്നിലെ കണക്കിലെ കളിയെന്ത്?

ആനന്ദ് കൊട്ടില

ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ വി തോമസിന് ശമ്പളത്തിനും അലവന്‍സുകള്‍ക്കും പകരം പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. സേവനത്തിന് പ്രതിഫലമായി നിശ്ചിത തുക അനുവദിക്കുന്നതിനെയാണ് ഓണറേറിയമെന്ന് പറയുന്നത്. ശമ്പളം വാങ്ങാതെ ഓണറേറിയം മതിയെന്ന കെ വി തോമസിന്റെ ആവശ്യം പരിഗണിച്ചായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഓണറേറിയം കൈപ്പറ്റുന്നതിന് പിന്നിലെ കാരണമെന്തായിരിക്കും? ഇതിനുത്തരമാണ് കെ വി തോമസിന് മാസം ലഭിക്കുന്ന തുകയുടെ കണക്ക്.

സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് പുനര്‍നിയമനം നല്‍കിയാല്‍ അവസാനം വാങ്ങിയ ശമ്പളത്തില്‍നിന്ന് പെന്‍ഷന്‍ കുറച്ച തുകയാണ് വേതനമായി അനുവദിക്കുക. എന്നാല്‍ ഓണറേറിയം നല്‍കുമ്പോഴാവട്ടെ കെ വി തോമസിന് എംപി പെന്‍ഷന്‍ വാങ്ങുന്നതിന് തടസമില്ല. 22 വര്‍ഷക്കാലം പാര്‍ലമെന്റ് മെമ്പറായി പ്രവര്‍ത്തിച്ച കെ വി തോമസിന് 59,000 രൂപയാണ് എംപി പെന്‍ഷന്‍.

ഇതിന് പുറമെ 30 വര്‍ഷത്തോളം കോളേജ് പ്രൊഫസറായി പ്രവത്തിച്ചതിന്റെ പെന്‍ഷന്‍ വേറെയും. ശരാശരി 30 വര്‍ഷം അധ്യാപന കാലയളവുള്ള ഒരു കോളേജ് പ്രൊഫസര്‍ക്ക് 83,000 രൂപ വരെ പെന്‍ഷനായി ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് കണക്ക്. ഇതും കെ വി തോമസിന്റെ കയ്യില്‍ ഭദ്രം.

അഞ്ച് വര്‍ഷം തികയ്ക്കുന്ന പാര്‍ലമെന്റ് മെമ്പര്‍മാര്‍ക്ക് 25,000 രൂപയാണ് അടിസ്ഥാന പെന്‍ഷന്‍. അഞ്ചില്‍ കൂടുതല്‍ സേവനമനുഷ്ഠിക്കുന്ന ഓരോ വര്‍ഷത്തിനും 2000 രൂപ അധികമായി ലഭിക്കും. 22 വര്‍ഷം എംപിയായ കെ വി തോമസിന് ഈ കണക്ക് പ്രകാരം മാത്രം 59,000 രൂപയാണ് എംപി പെന്‍ഷനായി ലഭിക്കുന്നത്.

എംപിയും എംഎല്‍എയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ടെങ്കിലും ഈ രണ്ട് പെന്‍ഷനും ഒന്നിച്ച് കൈപ്പറ്റാന്‍ കെ വി തോമസിന് കഴിയില്ല. 2022 മെയ് 29 ന് പാര്‍ലമെന്ററി സംയുക്ത സമിതി പെന്‍ഷന്‍ സംബന്ധിച്ച ചട്ടം ഭേദഗതി ചെയ്തതോടെയാണ് ഇരട്ട പെന്‍ഷന്‍ ഒഴിവാക്കപ്പെട്ടത്. എന്നാല്‍ കോളേജ് പ്രൊഫസറുടെ പെന്‍ഷന്‍ വാങ്ങുന്നതിന് തടസമില്ല.

എംപി പെന്‍ഷനായ 59,000 വും പ്രൊഫസര്‍ പെന്‍ഷന്‍ 83,000 വും പുതുതായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതി ബാധകമല്ലാത്ത ഒരു ലക്ഷം രൂപയുടെ ഓണറേറിയവും കണക്കാക്കുമ്പോള്‍ 2,42,000 രൂപയാണ് പ്രതിമാസം കെവി തോമസിന്റെ അക്കൗണ്ടിലെത്തുക. പുതുതായി അനുവദിച്ച രണ്ട് അസിസ്റ്റന്റുമാര്‍, ഒരു ഓഫീസ് അറ്റന്‍ഡന്റ്, ഒരു ഡ്രൈവര്‍ തുടങ്ങി നാല് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ഇതില്‍ നിന്നും ഒരുരൂപ പോലും കെ വി തോമസിന് ചെലവാക്കേണ്ടതില്ല. അതും സര്‍ക്കാര്‍ തന്നെ കനിഞ്ഞ് അനുവദിച്ചിട്ടുണ്ട്. മാസം ഏകദേശം ഒന്നര ലക്ഷം രൂപയോളമാണ് ഇവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ അധികമായി കണ്ടെത്തേണ്ടത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ പ്രതിനിധിയായിരുന്ന എ സമ്പത്തിന്റെ ശമ്പളം 92,423 രൂപയായിരുന്നു. തനിക്ക് ശമ്പളം വേണ്ടെന്ന് കെ വി തോമസ് സര്‍ക്കാരിനോട് അങ്ങോട്ട് ആവശ്യപ്പെട്ടതിന്റെ കാരണം ഇത് രണ്ടും തമ്മിലുള്ള വ്യത്യാസത്തില്‍ തന്നെ വ്യക്തം.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി