തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് മിന്നുന്ന വിജയമാണ് നേടിയത്. 18715 വോട്ടുകള്‍ക്കാണ് രാഹുല്‍ വിജയിച്ചത്. 2016 ല്‍ 17483 വോട്ടുകള്‍ക്ക് ജയിച്ചതായിരുന്നു പാലക്കാട്ടെ ഷാഫിയുടെ ഏറ്റവും വലിയ വിജയം. 2021ല്‍ ഷാഫി നേടിയതിനെക്കാളും ഭൂരിപക്ഷത്തില്‍ രാഹുലിനെ വിജയിപ്പിക്കാനായത് യുഡിഎഫിന് ഏറെ ആത്മവിശ്വാസം നല്‍കുന്നു.
എന്നാല്‍ ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത് ബിജെപിയുടെ വോട്ട് ചോര്‍ച്ചയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്ന സി കൃഷ്ണകുമാറിനെ രംഗത്തിറക്കി നേട്ടമുണ്ടാക്കാമെന്ന ബിജെപിയുടെ പ്രതീക്ഷകള്‍ ഫലം കണ്ടില്ല. നഗരസഭയിലെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടന്നപ്പോള്‍ ബിജെപിയുടെ എല്ലാ പ്രതീക്ഷയും അവസാനിച്ചിരുന്നു. 2021ല്‍ ഇ ശ്രീധരന്‍ മത്സരിച്ചപ്പോള്‍ നഗരസഭയില്‍ മാത്രം ആദ്ദേഹം ആറായിരം വോട്ടിന് മുന്നില്‍ എത്തിയിരുന്നു. ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തിലും ഡോ.പി സരിനും കടന്നു കയറിയത് ബിജെപിക്ക് കനത്ത തിരിച്ചടിയായി.
എ ക്ലാസ് എന്ന് ബിജെപി കരുതുന്ന മണ്ഡലത്തില്‍ പതിനായിരത്തോളം വോട്ടുകളാണ് കുറഞ്ഞത്. കഴിഞ്ഞ തവണ ഈ ശ്രീധരന്‍ 50220 വോട്ടുകള്‍ നേടിയപ്പോള്‍ ഇക്കുറി കൃഷ്ണകുമാറിന് 39529 വോട്ടുകള്‍ മാത്രമാണ് നേടാനായത്. എന്നാല്‍ സരിന്‌റെ വരവ് ഇടത് മുന്നണിക്ക് നേട്ടമായി എന്നാണ് വിലയിരുത്തല്‍. എല്‍ഡിഎഫിന് കഴിഞ്ഞ തവണത്തേക്കാള്‍ രണ്ടായിരത്തഞ്ഞൂറോളം വോട്ടുകള്‍ അധികം നേടാന്‍ കഴിഞ്ഞു. 2001-ല്‍ എല്‍ഡിഎഫിന് 35622 വോട്ടുകളായിരുന്നെങ്കില്‍ ഇക്കുറി 37458 വോട്ടുകളാണ് നേടിയത്. ബിജെപിയുമായുള്ള വ്യത്യാസം കേവലം 2071 വോട്ടുകളിലേക്ക് എത്തിക്കാനും സരിന് കഴിഞ്ഞു. പാലക്കാട്ടെ ബിജെപി തോല്‍വിയില്‍ ഒരു നായര്‍ക്കും വാര്യര്‍ക്കും പങ്കില്ലെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ പറഞ്ഞു. സന്ദീപ് വാര്യര്‍ ഇഫക്ട് എത്രത്തോളമുണ്ടെന്ന് ചോദ്യത്തിനായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി.