മുസ്ലീം ലീഗ് ഭാരവാഹി തിരഞ്ഞെടുപ്പിന് മുൻപ് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴെല്ലാം പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്, പാര്‍ട്ടിയുടെ സംസ്ഥാനത്തെ പ്രധാന പദവികളിലേക്ക് ഞാനിനി ഇല്ലായെന്നാണ്. പുതുമുഖങ്ങളും ചെറുപ്പക്കാരും വരട്ടെയെന്നാണ്. ചെറുപ്പക്കാരൊന്നും വന്നില്ലെങ്കിലും കുഞ്ഞാലിക്കുട്ടി വിരുദ്ധപക്ഷം പ്രചരിപ്പിച്ചതുപോലെ ജനറല്‍ സെക്രട്ടറി എന്ന പ്രധാന പദവിയുടെ അടുത്തേക്ക് പോലും അദ്ദേഹം വന്നില്ല. പക്ഷെ, സംസ്ഥാനത്ത് പദവികളിലൊന്നും ഇല്ലാത്ത പി കെ കുഞ്ഞാലിക്കുട്ടിയുടെ കയ്യില്‍ തന്നെയാകും മുസ്ലീം ലീഗിന്റെ കടിഞ്ഞാണെന്ന് മനസ്സിലാകാന്‍ ഭാരവാഹി ലിസ്റ്റ് ഒന്നോടിച്ച് നോക്കിയാല്‍ മതി.
ദളിത് ലീഗ് നേതാവ് യുസി രാമനെ സെക്രട്ടറിയാക്കിയതും അഡ്വ ശ്യാം സുന്ദറിനെ സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെടുത്തിയതും നേത്യത്വം ആലോചിച്ചെടുത്ത തീരുമാനമാണ്
മുസ്ലീം ലീഗ് എന്നാല്‍ പി കെ കുഞ്ഞാലിക്കുട്ടിയാണെന്ന വാദം അരക്കിട്ട് ഉറപ്പിക്കുന്നതാണ് സംസ്ഥാന ഭാരവാഹി തിരഞ്ഞെടുപ്പ്. പ്രസിഡന്റ് സാദിഖലി തങ്ങളെ ഒപ്പം നിര്‍ത്തി പിഎംഎ സലാമിനെ ജനറല്‍ സെക്രട്ടറിയാക്കി കുഞ്ഞാലിക്കുട്ടി നേട്ടം കൊയ്തപ്പോള്‍ അപ്രസക്തരായത് എം കെ മുനീറിനെ ജനറല്‍ സെക്രട്ടറി പദവിയിലേക്ക് ഉയര്‍ത്തിക്കാട്ടിയ നേതാക്കളാണ്. അതായത് ഇ ടി മുഹമ്മദ് ബഷീറും,കെ പി എ മജീദും, പി വി അബ്ദുല്‍ വഹാബും,എം കെ മുനീറും, കെ എം ഷാജിയും.
ദളിത് ലീഗ് നേതാവ് യുസി രാമനെ സെക്രട്ടറിയാക്കിയതും അഡ്വ ശ്യാം സുന്ദറിനെ സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെടുത്തിയതും നേത്യത്വം ആലോചിച്ചെടുത്ത തീരുമാനമാണ്. മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ സി പി സൈതലവി വൈസ് പ്രസിഡന്റായത് അപ്രതീക്ഷിതമായിരുന്നു. ജില്ലാ തിരഞ്ഞെടുപ്പുകളിലുണ്ടായ ധാരണകളുടെ അടിസ്ഥാനത്തിലാണ് എറണാകുളത്ത് നിന്ന് വി കെ ഇബ്രാഹീംകുഞ്ഞിനേയും കോഴിക്കോട് നിന്ന് പാറക്കല്‍ അബ്ദുള്ളയേയും സംസ്ഥാന ഭാരവാഹികളാക്കിയത്. വൈസ് പ്രസിഡന്റായിരുന്ന പി എച്ച് അബ്ദുല്‍സലാം ഹാജി മാറിയപ്പോള്‍ മകന്‍ അഡ്വ മുഹമ്മദ് ഷാ സംസ്ഥാന സെക്രട്ടറിയായി. സെക്രട്ടറിമാരായ കെ എം ഷാജിയും പി എം സാദിഖലിയും എക്കാലത്തും കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷത്തുള്ളവരാണ്. സി പി ചെറിയ മുഹമ്മദ് ഇ ടി മുഹമ്മദ് ബഷീറിന്റെ നോമിനിയും. പ്രത്യകമായി ഒരു ഗ്രൂപ്പിന്‍റെ ഭാഗമല്ലാത്തയാളാണ് ഷാഫി ചാലിയം. ഏറ്റവും അവസാനം പട്ടികയില്‍ ഉള്‍പ്പെട്ട ഷാഫി ചാലിയത്തിന് വേണ്ടി സംസാരിച്ചത് അബ്ദു സമദ് സമദാനി എംപിയാണ്, പി വി അബ്ദുല്‍വഹാബ് പിന്താങ്ങി. ഗ്രൂപ്പുകളോട് ആഭിമുഖ്യമില്ലാത്ത സി മമ്മൂട്ടി ഒഴികെയുള്ള ബാക്കി ഭാരവാഹികളെല്ലാം പി കെ കുഞ്ഞാലിക്കുട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്.
ശാഖാ കമ്മിറ്റി മുതല്‍ ജില്ലാ കമ്മിറ്റി വരെ ഭരണ ഘടന അനുസരിച്ച് ഭാരവാഹികളെ തിരഞ്ഞെടുത്തപ്പോഴാണ് സംസ്ഥാന നേത്യത്വം ഭരണഘടനയെ തന്നെ അട്ടിമറിച്ചത്
തെക്കന്‍ കേരളത്തിലെ ഏഴ് ജില്ലകള്‍ക്കായി ആകെ മൂന്ന് ഭാരവാഹികളെ ഉള്ളൂ. എന്നാല്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ നിന്ന് മാത്രം മൂന്ന് സംസ്ഥാന ഭാരവാഹികളുണ്ട്. എംസി മായീന്‍ഹാജിയും, ഉമ്മര്‍ പാണ്ടികശാലയും, ഷാഫി ചാലിയവും. മലപ്പുറത്തെ മക്കരപ്പറമ്പ് വാര്‍ഡില്‍ നിന്ന് മാത്രം രണ്ട് ഭാരവാഹികള്‍ വന്നു. ആബിദ് ഹുസൈന്‍ തങ്ങളും സി പി സൈതലവിയും. പെരിന്തല്‍മണ്ണ പോലുള്ള ലീഗ് ശക്തി കേന്ദ്രത്തില്‍ നിന്ന് സെക്രട്ടേറിയേറ്റില്‍ പോലും ഒരാളില്ലെന്നത് ശ്രദ്ധേയം.
സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറർ എന്നിവര്‍ ഓരോന്ന് വീതം. എട്ട് വൈസ് പ്രസിഡന്മാറുമാരും എട്ട് സെക്രട്ടറിമാരും. ഭരണഘടന പ്രകാരം അംഗത്വ ക്യാംപയിന്‍ തുടങ്ങുന്ന സമയത്ത് കീഴ്ഘടകങ്ങള്‍ക്ക് സംസ്ഥാന നേത്യത്വം നല്‍കിയ സര്‍ക്കുലറില്‍ ക്യത്യമായി എഴുതിവെച്ചിട്ടുണ്ട് ഇങ്ങനെ. പക്ഷെ സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നപ്പോള്‍ വൈസ് പ്രസിഡന്റുമാരുടെ എണ്ണം 10, സെക്രട്ടറിമാരുടെ എണ്ണമാണെങ്കില്‍ 11 ഉം. മുസ്ലീം ലീഗിന്റെ ഏറ്റവും കീഴ് തട്ടിലെ ഘടകമായ ശാഖാ കമ്മിറ്റി മുതല്‍ ജില്ലാ കമ്മിറ്റി വരെ ഭരണ ഘടന അനുസരിച്ച് ഭാരവാഹികളെ തിരഞ്ഞെടുത്തപ്പോഴാണ് സംസ്ഥാന നേത്യത്വം ഭരണഘടനയെ തന്നെ അട്ടിമറിച്ചത്.
എല്ലാം തീരുമാനിക്കുന്നയാള്‍ പി കെ കുഞ്ഞാലിക്കുട്ടി എന്ന് വന്നതോടെ മുസ്ലീം ലീഗിന്റെ മുന്നണി മാറ്റ ചര്‍ച്ചകള്‍ക്ക് വേഗം കൂടുമെന്ന് വിശ്വസിക്കുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്
സംസ്ഥാന സെക്രട്ടേറിയേറ്റ് എന്ന പുതിയൊരു അധികാര കേന്ദ്രം ലീഗില്‍ വന്നു. ഭരണഘടന പ്രകാരം 21 അംഗങ്ങളാണ് അതിലുണ്ടാവേണ്ടത്. പക്ഷെ സെക്രട്ടേറിയേറ്റ് അംഗങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ 44 പേരുണ്ട്. അതായത് ഇരട്ടിയിലധികം പേര്‍ സെക്രട്ടേറിയേറ്റില്‍ മാത്രം കൂടി. എക്സ് ഒഫീഷ്യോ, സ്ഥിരം ക്ഷണിതാക്കള്‍ എന്നൊക്കെ പറഞ്ഞാണ് ആളെ കൂട്ടിയത്. മുസ്ലീം ലീഗിന്റെ ആകെ അംഗങ്ങളില്‍ പകുതിയലധികവും സ്ത്രീകളാണ്. അവരെ ഭാരവാഹി പട്ടികയില്‍ കൊണ്ടുവന്നില്ലെന്ന് മാത്രമല്ല സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അവിടെയും അടുപ്പിച്ചില്ല. സെക്രട്ടേറിയേറ്റിലെ സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയിലാണ് സുഹറ മമ്പാട്, അഡ്വ കുല്‍സു, നൂര്‍ബിന റഷീദ് എന്നിവരെ തിരുകി കയറ്റിയത്.
എല്ലാം തീരുമാനിക്കുന്നയാള്‍ പി കെ കുഞ്ഞാലിക്കുട്ടി എന്ന് വന്നതോടെ മുസ്ലീം ലീഗിന്റെ മുന്നണി മാറ്റ ചര്‍ച്ചകള്‍ക്ക് വേഗം കൂടുമെന്ന് വിശ്വസിക്കുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്. ലീഗിന്റെ വോട്ടുബാങ്കുകളിലൊന്നായ സമസ്ത നേതൃത്വത്തിലെ ചിലര്‍ ഇടത്തേക്ക് ചാഞ്ചാട്ടം കാണിക്കുന്നത് ഇതിനൊടൊപ്പം ചേര്‍ത്ത് വായിക്കണം. കോണ്‍ഗ്രസ് നേത്യത്വത്തിന്റെ ചങ്കിടിപ്പ് കൂട്ടുന്ന കാര്യങ്ങളാണ് ലീഗില്‍ നടക്കുന്നതെന്ന് കൂടി പറയേണ്ടിവരും.