കേന്ദ്ര വിഹിതം കുറഞ്ഞതോടെ കേരളത്തെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി. ഈ സാമ്പത്തിക വർഷം രണ്ടാം പകുതിയോടെ സംസ്ഥാനത്തിന് നേരിടേണ്ടി വരിക വൻ പ്രതിസന്ധിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ശമ്പളം, പെന്‍ഷന്‍, സാമൂഹിക സുരക്ഷാ പെന്‍ഷന്‍ എന്നിവ നല്‍കാന്‍ കേരളത്തിന് ബുദ്ധിമുട്ട് നേരിടേണ്ടി വരും. സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രം നിർത്തിയതും ഓഫ് ബജറ്റ് ബോറോയിങ് വായ്പാ തിരിച്ചടവ് തുക സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുവദിക്കുന്ന വാര്‍ഷിക വായ്പയില്‍ നിന്ന് കിഴിക്കാനുള്ള തീരുമാനവുമാണ് പ്രതിസന്ധിക്ക് ആധാരം.
ഈ വര്‍ഷം മാത്രം കേന്ദ്ര ഫണ്ടില്‍ 23,000 കോടി രൂപയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. വരാനിരിക്കുന്ന പ്രതിസന്ധി സമ്മതിച്ച ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, ഉടന്‍ ബാധിക്കില്ലെന്നും എന്നാല്‍ കേന്ദ്ര വിഹിതം പുനഃസ്ഥാപിച്ചില്ലെങ്കിൽ മൂന്നാം പാദമാകുമ്പോഴേക്ക് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് വ്യക്തമാക്കി.
എങ്ങനെ സംസ്ഥാനത്തെ ബാധിക്കും
സംസ്ഥാനത്തിന്റെ അറ്റ വായ്പാ പരിധിയില്‍ 14,000 കോടി രൂപയുടെ ഓഫ്-ബജറ്റ് വായ്പകള്‍ ക്രമീകരിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. നാല് വര്‍ഷം കൊണ്ട് ഘട്ടം ഘട്ടമായാണ് ഇത് നടപ്പാക്കുക. ഇതു പ്രകാരം ഈ സാമ്പത്തിക വര്‍ഷം 3,578 കോടി രൂപയുടെ കുറവ് അറ്റ വായ്പാ പരിധിയില്‍ വരുത്തി. 32, 439 കോടി രൂപയായിരുന്നു അറ്റ വായ്പാ പരിധി. റവന്യൂ കമ്മി ഗ്രാന്റില്‍ ഈ വര്‍ഷം കേന്ദ്രം 7,000 കോടി രൂപ വെട്ടിക്കുറച്ചിരുന്നു. ഇവയ്ക്ക് പുറമെയാണ് ജിഎസ്ടി നഷ്ടപരിഹാരമായി ലഭിച്ചിരുന്ന 12,000 കോടി രൂപയും നഷ്ടമാകുന്നത്.
ബജറ്റില്‍ വകയിരുത്തിയിട്ടുള്ള ചെലവുകള്‍ക്ക് വേണ്ടി പൊതുമേഖലാ സ്ഥാപനങ്ങളോ ഏജന്‍സികളോ വഴി സര്‍ക്കാര്‍ തിരിച്ചടവ് ചുമതല ഏറ്റെടുത്തുകൊണ്ട് വായ്പയെടുക്കുന്നതാണ് ഓഫ് ബജറ്റ് ബോറോയിങ്
ലൈഫ് മിഷൻ, വിദ്യാഭ്യാസ ആരോഗ്യ പദ്ധതികളെ ബാധിക്കും
പ്രതിസന്ധികള്‍ ആദ്യം ബാധിക്കുക സാമൂഹിക സുരക്ഷാ പെൻഷനുകളെയും ഭവന - വിദ്യാഭ്യാസ - ആരോഗ്യ പദ്ധതികളെയുമായിരിക്കും. ലൈഫ് മിഷന്‍ ഭവന പദ്ധതി അടക്കം സാമ്പത്തിക പ്രതിസന്ധി മൂലം മന്ദഗതിയിലാകും. കേന്ദ്രത്തിന്റെ പുതിയ മാനദണ്ഡമനുസരിച്ച് കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന് (കെഎസ്എസ്പിഎല്‍) സ്വതന്ത്രമായി വായ്പയെടുക്കാനാവില്ല. ഇത് പെൻഷൻ വിതരണത്തെ അനിശ്ചതത്വത്തിലാക്കും.
സംസ്ഥാനത്ത് 52.5 ലക്ഷം പെന്‍ഷന്‍കാരാണ് ഉള്ളത്. ഓണക്കാലത്ത് മൂന്ന് മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് ഏകദേശം 2,500 കോടി രൂപ ആവശ്യമാണ്. ഇത് കണ്ടെത്താൻ കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് അല്ലെങ്കില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ പോലുള്ള ഏജന്‍സികളില്‍ നിന്ന് കെഎസ്എസ്പിഎല്‍ തുക വായ്പയെടുക്കുകയാണെങ്കില്‍, സംസ്ഥാനത്തിന്റെ വായ്പാ എടുക്കൽ പരിധിയെ അത് ബാധിക്കും. പ്രശ്ന പരിഹാരത്തിന് നിയമപരമായി ലഭ്യമായ എല്ലാ സാധ്യതകളും പരിശോധിക്കാനാണ് ധന വകുപ്പ് തീരുമാനം.
വേട്ടയാടലോ ?
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന് സംസ്ഥാനം ആരോപിക്കുന്നു. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്റെ സഹായം അഭ്യർഥിച്ചിരിക്കുകയാണ് നിയമസഭയിൽ ധനമന്ത്രി.
ബജറ്റില്‍ വകയിരുത്തിയിട്ടുള്ള ചെലവുകള്‍ക്ക് വേണ്ടി പൊതുമേഖലാ സ്ഥാപനങ്ങളോ ഏജന്‍സികളോ വഴി സര്‍ക്കാര്‍ തിരിച്ചടവ് ചുമതല ഏറ്റെടുത്തുകൊണ്ട് വായ്പയെടുക്കുന്നതാണ് ഓഫ് ബജറ്റ് ബോറോയിങ്. ഇത് സര്‍ക്കാരിന്റെ അനുവദനീയമായ വാര്‍ഷിക വായ്പയില്‍ ഉള്‍പ്പെടുത്താനാണ് കേന്ദ്രം നിര്‍ദേശം. ആന്ധ്രാ പ്രദേശ്, പഞ്ചാബ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളെയും ഈ നീക്കം പ്രതികൂലമായി ബാധിക്കും.
ജിഎസ്ടി നടപ്പിലാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് വരുന്ന നികുതി നഷ്ടം കുറയ്ക്കാന്‍ ആണ് അഞ്ച് വര്‍ഷത്തേക്ക് കേന്ദ്രം നഷ്ട പരിഹാരം നല്‍കുന്നത്. 2022 ജൂണില്‍ ഈ കാലാവധി അവസാനിച്ചു.അഞ്ച് വർഷത്തേക്ക് കൂടി നഷ്ടപരിഹാരം നിലനിര്‍ത്തണമെന്നാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യം. ഇക്കാര്യത്തില്‍ ജിഎസ്ടി കൗണ്‍സില്‍ സമാനമായ നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ടെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ലോക്‌സഭയെ അറിയിച്ചിരുന്നു. അനുകൂല തീരുമാനം പ്രതീക്ഷിക്കുകയാണ് കേരളം.