KERALA

കേരളത്തില്‍ എന്‍ജിൻ കപ്പാസിറ്റി കൂടിയ ബൈക്കുകളെ നിയന്ത്രിക്കണം: മനുഷ്യാവകാശ കമ്മീഷൻ

വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും കാഴ്ച മറയ്ക്കുന്ന ബോർഡുകൾ ,ഹോർഡിംഗ്, കൊടി എന്നിവ സ്ഥാപിക്കരുത് എന്നും കമ്മീഷൻ

ദ ഫോർത്ത് - തിരുവനന്തപുരം

കേരളത്തിൻെറ റോഡുകള്‍ക്ക് അനുയോജ്യമല്ലാത്ത എന്‍ജിൻ കപ്പാസിറ്റി കൂടിയ ബൈക്കുകളുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇക്കാര്യത്തിൽ ഉടന്‍ അനന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആൻറണി ഡൊമിനിക് ട്രാൻസ്പോർട്ട് കമ്മീഷണര്‍ക്ക് കത്തയച്ചു.

കേരളത്തിെല നിരത്തുകളില്‍ ഇത്തരത്തിലുള്ള ബൈക്കുകള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം.ജനുവരി 30 ന് തിരുവല്ലം ബൈപ്പാസിൽ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ച് വഴിയാത്രക്കാരിയും ബൈക്ക് ഓടിച്ചിരുന്നയാളും മരിച്ച സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

1000 സിസി എന്‍ജിൻ കപ്പാസിറ്റിയുള്ള കാവസാക്കി നിൻജ ZX10 ആര്‍ എന്ന സൂപ്പര്‍ ബൈക്കാണ് അവിടെ അപകടത്തിൽപെട്ടത്. അപകട കാരണം അമിത വേഗതയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാനാകുന്ന ഇത്തരം ബൈക്കുകൾക്ക് കേരളത്തിലെ റോഡുകള്‍ അനുയോജ്യമല്ലെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.

ഇതു പരിഗണിച്ചാണ് ഇത്തരം ബൈക്കുകള്‍ നിരോധിക്കണമെന്ന നിര്‍ദേശം കമ്മീഷന്‍ പുറപ്പെടുവിച്ചത്. അമിത വേഗത തടയാൻ സംസ്ഥാനത്തെ റോഡുകളിൽ സ്പീഡ് ബ്രേക്കറുകളും മുന്നറിയിപ്പ് ബോർഡുകളും സ്പീഡ് ബമ്പുകളും റോഡ് മുറിച്ചുകടക്കാതിരിക്കാൻ മീഡിയനുകളിൽ ഫെൻസിംഗും സ്ഥാപിക്കണമെന്നും മീഡിയനുകളിലുള്ള ചെടികൾ മറുവശത്തെ കാഴ്ച മറയ്ക്കാതിരിക്കാൻ ഇടയ്ക്കിടെ പരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

ആളുകൾക്ക് അപകടം കൂടാതെ റോഡ് മുറിച്ചുകടക്കാൻ സൗകര്യം ഒരുക്കണം. വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും കാഴ്ച മറയ്ക്കുന്ന ബോർഡുകൾ, ഹോർഡിംഗ്, കൊടി തോരണങ്ങള്‍ എന്നിവ സ്ഥാപിക്കരുത് എന്ന നിര്‍ദേശങ്ങളും കമ്മീഷന്‍ മുന്നോട്ടുവെച്ചു. തെരുവുവിളക്കുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കണം. വാഹന റേസിംഗ് ഒഴിവാക്കാൻ പോലീസ് പെട്രോളിംഗ് ഉറപ്പാക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, ട്രാൻസ്പോർട്ട് കമ്മീഷണർ, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, തിരുവനന്തപുരം സിറ്റി ഐ.ജി. ആൻറ് കമ്മിഷണർ എന്നിവർക്കാണ് ഉത്തരവ് അയച്ചത്

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ