KERALA

പോക്സോ കേസുകളിലെ ശിക്ഷാനിരക്ക് കുറയുന്നു; ഇടപെടൽ ആവശ്യപ്പെട്ട് കേരള സർക്കാരിന് മനുഷ്യാവകാശ കമ്മീഷന്‍റെ കത്ത്

പോക്സോ വകുപ്പ് ചുമത്തപ്പെടുന്ന കേസുകളിലെ പ്രതികൾ പലകാരണങ്ങൾ കൊണ്ട് രക്ഷപ്പെടുകയാണെന്ന് കേരള ഹൈക്കോടതിക്കും ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്കും നൽകിയ കത്തിൽ കമ്മീഷൻ ചൂണ്ടിക്കാണിക്കുന്നു

വെബ് ഡെസ്ക്

കേരളത്തിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരുടെ നിരക്ക് കുറയുന്നതായി സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ. പോക്സോ വകുപ്പ് ചുമത്തപ്പെടുന്ന കേസുകളിലെ പ്രതികൾ പലകാരണങ്ങൾ കൊണ്ട് രക്ഷപ്പെടുകയാണെന്ന് കേരള ഹൈക്കോടതി രജിസ്ട്രാർക്കും ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്കും നൽകിയ കത്തിൽ കമ്മീഷൻ ചൂണ്ടിക്കാണിക്കുന്നു. ശിക്ഷാ നിരക്കിലെ ഇടിവുമായി ബന്ധപ്പെട്ട് എഡിജിപി സമർപ്പിച്ച സമഗ്ര റിപ്പോർട്ടുൾപ്പെടെയുള്ള കത്താണ് മനുഷ്യവകാശ കമ്മീഷൻ ആക്ടിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് കൈമാറിയത്.

നിരവധി കാരണങ്ങൾ മുഖേനയാണ് പോക്സോ കേസുകളിലെ കുറ്റവാളികൾ രക്ഷപ്പെടുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. പണവും മറ്റ് ആനുകൂല്യങ്ങളും സ്വീകരിച്ച് കോടതിക്ക് പുറത്ത് കേസുകൾ തീർപ്പാക്കുക, പരാതിക്കാരും സാക്ഷികളും മൊഴിമാറ്റി പറയുക എന്നീ പ്രശ്നങ്ങൾ വ്യാപകമാണെന്ന് ഹൈക്കോടതിക്കും സർക്കാരിനും നൽകിയ പരാതിയിൽ കമ്മീഷൻ വ്യക്തമാക്കുന്നു. അന്വേഷണത്തിലെ കാലതാമസം, തെളിവെടുപ്പുകൾ പൂർത്തിയാക്കുന്നതിലെ പരാജയം, മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലെ വീഴ്ച എന്നിവയും യഥാർഥ പ്രതികൾ രക്ഷപെടുന്നതിനുള്ള കാരണമായി കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു . വിഷയം സംബന്ധിച്ച് സാമൂഹ്യ പ്രവർത്തകനായ വി ദേവദാസായിരുന്നു കമ്മീഷന് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷാ നിരക്ക് കുറയുന്നതിനുള്ള കാരണങ്ങൾ അന്വേഷിച്ച് കണ്ടെത്താൻ എഡിജിപിയോട് കമ്മീഷൻ ആവശ്യപ്പെട്ടത്.

പോക്സോ കേസുകളിൽ ശിക്ഷാനിരക്ക് വർധിപ്പിക്കാനുള്ള ശുപാർശകളും എഡിജിപി സമർപ്പിച്ച റിപ്പോർട്ടിൽ മുന്നോട്ടുവച്ചിട്ടുണ്ട്. സിആർപിസിയുടെ 164-ാം വകുപ്പ് പ്രകാരം, മജിസ്‌ട്രേറ്റിന്റെ മുൻപാകെ ഇരകളെ സമർപ്പിച്ച് മൊഴി രേഖപ്പെടുത്തുന്നതിലൂടെ മൊഴിമാറ്റുന്ന പ്രവണത ഒഴിവാക്കാൻ സാധിക്കുമെന്ന് എഡിജിപി റിപ്പോർട്ടിൽ നിർദേശിക്കുന്നു. ആരോപണവിധേയമായ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് സ്ഥാപിക്കുന്നതിന് വാക്കാലുള്ള തെളിവുകളെ മാത്രം ആശ്രയിക്കാതെ സാഹചര്യപരവും ശാസ്ത്രീയവുമായ തെളിവുകൾ ശേഖരിക്കണമെന്നും ആവശ്യപ്പെടുന്നു. കൂടാതെ രാസപരിശോധനാഫലം, മെഡിക്കൽ പരിശോധനാ സർട്ടിഫിക്കറ്റുകൾ എന്നിവയും കാലതാമസം കൂടാതെ ശേഖരിച്ച് കുറ്റപത്രങ്ങൾക്കൊപ്പം സമർപ്പിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

പോക്സോ കേസുകളിലെ കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപ് ശേഖരിച്ച തെളിവുകൾ പര്യാപ്തമാണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ നിയമോപദേശം തേടണമെന്നും റിപ്പോർട്ടിലുണ്ട്. ഒപ്പം ഇത്തരം കേസുകളുടെ വിചാരണ വേളയിൽ പോക്‌സോ നിയമത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെ സ്ഥിരം സഹായിയായി നിയമിക്കാനും എഡിജിപി ശുപാർശ ചെയ്തിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ