പത്തനംതിട്ട ഇലന്തൂർ നരബലി കേസിലെ മുഖ്യപ്രതി ഭഗവൽ സിങ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത് ഹൈക്കു കവി എന്ന ലേബലിൽ. തന്റെ ഫേസ്ബുക് പ്രൊഫൈലിലൂടെ നിരന്തരം മൂന്നു വരികൾ എഴുതി പോസ്റ്റ് ചെയ്യുകയും അവ ഹൈക്കു കവിത ആണെന്ന് ഓരോ പോസ്റ്റിലും അവകാശപ്പെടുകയും ചെയ്യുകയായിരുന്നു ഇദ്ദേഹത്തിന്റെ രീതി.
കൃത്യം അഞ്ചു ദിവസം മുൻപ് ഒക്ടോബർ ആറിന് ഭഗവൽ സിങ് പോസ്റ്റ് ചെയ്ത വരികൾ ഇതാണ്:
ഉലയൂതുന്നു
പണിക്കത്തി കൂട്ടിനുണ്ട്
കുനിഞ്ഞ തനു
മുൻപ് പോസ്റ്റ് ചെയ്തിരുന്ന ചില സാമ്പിളുകൾ നോക്കൂ:
കഥ വേണമേ
മുക്കുവനും ഭൂതവും
ഉറങ്ങുന്നവൾ
കിണറാഴത്തിൽ
അനന്തനീലിമയോ
ഒരിറ്റുവെള്ളം
ചുരുണ്ട രൂപം
പീടിക തിണ്ണയിൽ
മുഴിഞ്ഞ പുക
കവികളും മാധ്യമപ്രവർത്തകരും സാമൂഹിക മാധ്യമ പ്രചോദകരുമുൾപ്പെടെ 4500 പേരിലധികം ഇയാളുടെ സൗഹൃദ പട്ടികയിൽ ഉണ്ടായിരുന്നു. എന്നാൽ വാർത്ത പുറത്തുവന്നതോടെ മണിക്കൂറുകൾക്കുള്ളിൽ ആയിരത്തിലധികം പേർ ഇയാളെ അൺഫ്രണ്ട് ചെയ്ത് ഒഴിവാക്കി.
ജപ്പാനിൽ നിന്നെത്തി കേരളക്കാർ നെഞ്ചേറ്റിയ ഹൈക്കു എന്ന കവിതാശാഖ നല്ല കൈയടക്കമുള്ള പ്രതിഭാധനരായ കവികളാണ് സാധാരണ കൈകാര്യം ചെയ്യാറുള്ളത്. ഭഗവൽ സിംഗ് ഹൈക്കു എന്ന പേരിൽ വാചകങ്ങൾ തയാറാക്കുന്നതിനു പുറമെ എങ്ങനെ ഹൈക്കു കവിത എഴുതാമെന്ന് തന്റെ പേജിൽ പരിശീലന പരിപാടികളും ഇടയ്ക്കിടെ നടത്താറുണ്ടായിരുന്നു. ഇയാളുടെ മിക്ക പോസ്റ്റുകൾക്കും നൂറിലധികം ലൈക്കുകളും നിരവധി കമന്റുകളും ഉണ്ടായിരുന്നു. എന്നാൽ ചൊവ്വാഴ്ച രാവിലെ മുതൽ ശാപവാക്കുകളും തെറിവാക്കുകളും നിറഞ്ഞ അധിക്ഷേപങ്ങളാണ് കമന്റ് ബോക്സ് നിറയെ.