KERALA

'ഓട്ടിസം ബാധിച്ച മകനെ ദുബായില്‍ പിതാവ് തടഞ്ഞുവെച്ചു'; ഇടപെടാന്‍ ഇന്ത്യന്‍ കോടതികള്‍ക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി

കക്ഷികള്‍ വിദേശരാജ്യത്ത് താമസിക്കുകയും അവിടെ നിയമപരമായ പ്രതിവിധി നേടുകയും ചെയ്യുകയാണെങ്കില്‍ ഇന്ത്യന്‍ കോടതിക്ക് അതിലിടപെടാന്‍ അധികാരമില്ല

നിയമകാര്യ ലേഖിക

വിദേശത്ത് താമസിക്കുന്ന കുട്ടികളുടെയും മാനസിക ആരോഗ്യമില്ലാത്തവരുടെയും കാര്യത്തില്‍ ഇടപെടാന്‍ ഇന്ത്യന്‍ കോടതികള്‍ക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. കുട്ടികളുടെ സംരക്ഷണം ഭരണകൂടം ഏറ്റെടുക്കുന്നത് നിര്‍ദേശിക്കുന്ന പേരന്‌റ് പാട്രിയേയും ദേശീയ നിയമങ്ങളും അനുസരിച്ച് കുട്ടികളുടെയും മാനസിക ശേഷിയില്ലാത്തവരുടെയും കാര്യത്തില്‍ ഇന്ത്യന്‍ കോടതികള്‍ക്ക് നടപടികള്‍ സ്വീകരിക്കാമെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

കക്ഷികള്‍ വിദേശരാജ്യത്ത് താമസിക്കുകയും അവിടെ നിയമപരമായ പ്രതിവിധി നേടുകയും ചെയ്യുകയാണെങ്കില്‍ ഇന്ത്യന്‍ കോടതിക്ക് അതിലിടപെടാന്‍ അധികാരമില്ല. എന്നാല്‍ വിദേശ കോടതിയില്‍നിന്ന് പ്രതിവിധി ലഭിക്കാത്ത സാഹചര്യത്തില്‍ പാരന്‍സ് പാട്രിയേ പോലുള്ള അധികാരം ഇന്ത്യന്‍ കോടതികള്‍ക്ക് വിനിയോഗിക്കാമെന്നാണ് ഡിവിഷന്‍ ബഞ്ച് വിധിയില്‍ പറയുന്നത്.

ഓട്ടിസം ബാധിച്ച മകനെ ദുബായില്‍ ഭര്‍ത്താവ് തടഞ്ഞ് വച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഭര്‍ത്താവുമായി ഒത്തുപോകാനാവാത്തതിനാല്‍ ദുബായില്‍നിന്ന് കേരളത്തിലെത്തിയ ഹര്‍ജിക്കാരി നാഷണല്‍ ട്രസ്റ്റ് ആക്ട് പ്രകാരം മകന്‌റെ നിയമപരമായ രക്ഷാധികാരിയായി തന്നെ നിയമിക്കണമെന്ന് ആവശ്യപെട്ട് കലക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ദുബായില്‍ താമസിക്കുന്നതിനാല്‍ നാഷണല്‍ ആക്ട് പ്രയോഗിക്കാന്‍ കഴിയില്ലെന്നു വ്യക്തമാക്കി കലക്ടര്‍ അപേക്ഷ നിരസിച്ചു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

രക്ഷാധികാരിയായി അമ്മയെ നിയമിക്കാന്‍ കലക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. കഴിവില്ലാത്ത മകന് അമ്മയുടെ സംരക്ഷണയില്‍ ജീവിക്കാനുള്ള അവകാശമുണ്ടെന്ന് ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ അമ്മയുടേത് നിരുത്തരവാദിത്വമുള്ള പെരുമാറ്റമാണെന്നും നിലവില്‍ മകന്‍ സുരക്ഷിതനാണെന്നും അച്ഛനും കോടതിയെ അറിയിച്ചു.

രാജ്യത്തിന്റെ പ്രാദേശിക അധികാരപരിധിക്കപ്പുറം പൗരന്മാരുടെ ക്ഷേമം സംരക്ഷിക്കുന്നതില്‍ ഇന്ത്യയിലെ കോടതികള്‍ക്ക് അധികാരമുണ്ടോ എന്ന നിയമപ്രശ്‌നമാണ് കോടതി ഇക്കാര്യത്തില്‍ പരിശോധിച്ചത്. വിദേശ രാജ്യങ്ങളിലാണെങ്കിലും പൗരന്മാരുടെ ക്ഷേമം സംരക്ഷിക്കാന്‍ ഭരണഘടനാ കോടതികള്‍ക്ക് അധികാരമുണ്ടെന്നായിരുന്നു വിഷയവുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചത്.

ദുര്‍ബലരുടെ കാര്യത്തില്‍ 'പാരന്‍സ് പാട്രിയേ' അധികാരപരിധിയില്‍ സംസ്ഥാനം രക്ഷിതാവായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. വികലാംഗരുടെ അവകാശ നിയമം (യുഎൻസിപിആർഡി), നാഷണല്‍ ട്രസ്റ്റ് ആക്റ്റ് തുടങ്ങിയവ അനുസരിച്ച് വൈകല്യമുള്ളവരുടേയോ കുട്ടികളുടെയോ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ സ്വന്തം രാജ്യത്തെ കോടതികള്‍ക്ക് അധികാരമുണ്ടെന്ന് ഡിവിഷന്‍ ബഞ്ച് വ്യകതമാക്കി. തുടര്‍ന്ന് ഹേബിയസ് കോര്‍പസ് ഹര്‍ജി തള്ളിയ കോടതി അമ്മയും അച്ഛനും ഇടവിട്ട് മകനെ കൂടെ താമസിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ