സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചു. എറണാകുളം ജില്ല കളക്ടറായി രേണു രാജും തിരുവനന്തപുരം കളക്ടറായി ജെറോമിക് ജോര്‍ജ്ജും ചുമതലയേല്‍ക്കും. പിആര്‍ഡി ഡയറക്ടറായി ജാഫര്‍ മാലിക് സ്ഥാനമേൽക്കും. ശ്രീറാം വെങ്കിട്ടരാമൻ കൈകാര്യം ചെയ്തിരുന്ന ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി സ്ഥാനം തിരുവനന്തപുരം കളക്ടറായിരുന്ന നവജ്യോത് ഖോസ ഏറ്റെടുക്കും. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എംഡിയുടെ ചുമതലയും നവജ്യോത് ഖോസയ്ക്കാണ്.
കെഎസ്ഐഡിസി മാനേജിങ് ഡയറക്ടര്‍ എം ജി രാജമാണിക്യത്തെ റൂറല്‍ ഡെവലപ്മന്റ് കമ്മീഷണറായി മാറ്റി നിയമിച്ചു. എസ്.ഹരികിഷോറിന് നിലവിലെ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ ചുമതലയ്ക്ക് ഒപ്പം കെഎസ്‌ഐഡിസി എംഡിയുടെ അധിക ചുമതല നല്‍കി.
പട്ടികജാതി വികസന ഡയറക്ടറായ ഡോ. തേജ മൈലവാരപ്പുവിന് കേരള പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറുടെ മുഴുവന്‍ ചുമതലയും നല്‍കി. തിരുവനന്തപുരം സബ് കളക്ടര്‍ മാധവികുട്ടി എം എസിനും കോഴിക്കോട് സബ് കളക്ടര്‍ ചെല്‍സസിനിക്കും അതാത് ജില്ലകളുടെ വികസന കമ്മിഷണറുടെ മുഴുവന്‍ ചുമതലയും നല്‍കി.
പുതിയ ഉത്തരവ് പ്രകാരം ഡയറക്ടർ ഓഫ് അർബൻ അഫേഴ്‌സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ചുമതലയും സ്മാർട്ട് സിറ്റിയുടെയും അധിക ചുമതലയും അരുൺ കെ വിജയൻ ഐ എ എസിനാണ് . ഇടുക്കി ജില്ലാ വികസന കമീഷണറായിരുന്ന അർജുൻ പാണ്ഡ്യനെ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറായി നിയമിച്ചു. അതേസമയം ലാൻഡ് ബോർഡ് സെക്രട്ടറിയുടെ അധിക ചുമതലയും ഇദ്ദേഹത്തിനാണ്. കായിക, യുവജനകാര്യ വകുപ്പ് ഡയറക്ടർ പ്രേം കൃഷ്‌ണൻ, കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമി ഡയറക്ടർ ചുമതല കൂടി വഹിക്കും.
ദേവികുളം സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മയ്ക്ക് ഇടുക്കി വികസന കമ്മിഷണര്‍ ചുമതലക്കൊപ്പം സ്‌പെഷ്യല്‍ ഓഫീസര്‍ ചുമതലയും നല്‍കി. മലപ്പുറം ജില്ലാ വികസന കമ്മീഷണറുടെ പുതിയ തസ്തികയില്‍ ദേവദാസിനെയും നിയമിച്ചു. അനുപം മിശ്രയെ കോഴിക്കോട് ജില്ലാ വികസന കമീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റി
പ്രോഗ്രാം ഇമ്പ്‌ലിമെന്റഷന്‍, ഇവാല്യൂവേഷന്‍ ആന്‍ഡ് മോണിറ്ററിങ് ഡിപ്പാര്‍ട്‌മെന്റിലേക്കുള്ള പുതിയ തസ്തികയിലേക്ക് നിയമിച്ചു. ഡോ വിനയ് ഗോയലിനെ കേരള വികസന കമ്മീഷണറായും നിയമിച്ചു.