കോതമംഗലം മാര്‍ ബസേലിയേസ് ആശുപത്രിയിലെ ഡോ. എസ് സജീവും എറണാകുളം ലേക് ഷോര്‍ ആശുപത്രിയും ചേര്‍ന്ന് ഒരാളുടെ ജീവന്‍ നഷ്ടപ്പെടുത്തി അവയവ കച്ചവടം നടത്തിയെന്ന് ആരോപിക്കുന്നു ഡോ. എസ് ഗണപതി. കൃത്യമായ ചികിത്സ കോതമംഗലം ആശുപത്രിയില്‍ നല്‍കുകയായിരുന്നെങ്കില്‍ ഇടുക്കി ഉടുമ്പന്‍ചോല സ്വദേശിയായ വി ജെ എബിനെ രക്ഷിക്കാമായിരുന്നുവെന്നാണ് കേസിലെ പരാതിക്കാരന്‍ കൂടിയായ ഡോക്ടറുടെ വാദം.
ഡോ. എസ് സജീവ് മുന്‍പ് ലേക് ഷോര്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ആളായതുകൊണ്ടാണ് കച്ചവടത്തിന്റെ ഭാഗമായതെന്ന് ഗണപതി പറയുന്നു. അവയവം എടുക്കാന്‍ വേണ്ടി ചികിത്സ നിഷേധിച്ചെന്ന പരാതിയില്‍ ലേക് ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്ടര്‍മാര്‍ക്കും എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നോട്ടീസ് അയച്ചിരുന്നു.
കോടതി വേണ്ടത്ര പരിശോധനകള്‍ നടത്താതെയാണ് ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കും നോട്ടീസ് അയച്ചതെന്ന ചിലരുടെ ആക്ഷേപം പൂര്‍ണമായും തള്ളുകയാണ് പരാതിക്കാരന്‍. വിവിധ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ വിദഗ്ധ ഡോക്ടര്‍മാരോട് വിശദമായ റിപ്പോര്‍ട്ട് തേടിയശേഷമാണ് മജിസ്‌ട്രേറ്റ് നോട്ടീസ് അയച്ചതെന്ന് തെളിവുകള്‍ നല്‍കി വാദിക്കുന്നുണ്ട് അദ്ദേഹം. നിലവിലെ വിവാദങ്ങള്‍ അവയവമാറ്റ ശസ്ത്രക്രിയകളെ ഒരു തരത്തിലും ബാധിക്കില്ലെന്ന നിലപാടിലാണ് ഡോ.ഗണപതി.