സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് നിലവിലുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ബുധനാഴ്ചയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ വ്യാഴാഴ്ചയും യെല്ലോ അലര്‍ട്ട് നിലവിലുണ്ട്. ഇടി മിന്നലോടു കൂടിയ ഇടത്തരം മഴക്കും സാധ്യതയുണ്ട്.
ഇന്ത്യന്‍ തീരങ്ങള്‍ക്ക് സമീപം നിലനില്‍ക്കുന്ന ചക്രവാത ചുഴികളാണ് മഴയ്ക്ക് കാരണമാകുന്നത്. മന്നാര്‍ കടലിടുക്കിനും ശ്രീലങ്കക്കും മുകളിലും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും തെക്കന്‍ അറബിക്കടലിന്റെ മധ്യഭാഗത്തുമായാണ് ചക്രവാത ചുഴി സ്ഥിതിചെയ്യുന്നത്. ഈ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ നവംബര്‍ 05, 08, 09 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യത നല്‍കുന്നതായും കേന്ദ്ര കാലാവസ്ഥവകുപ്പ് പറയുന്നു.
കേരള തീരങ്ങളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശവും നിലവിലുണ്ട്. ബുധനാഴ്ച തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ വടക്കന്‍ ഭാഗങ്ങള്‍, അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത നിലനില്‍ക്കുന്നു. വ്യാഴാഴ്ച തെക്ക് - പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കന്‍ ഭാഗങ്ങള്‍, അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ തമിഴ്നാട് തീരം, തെക്കന്‍ ആന്ധ്ര പ്രദേശ് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
വെള്ളിയാഴ്ച തെക്കന്‍ ആന്ധ്ര പ്രദേശ് തീരം, വടക്കന്‍ തമിഴ്നാട് തീരം, അതിനോട് ചേര്‍ന്ന തെക്ക് പടിഞ്ഞാറന്‍-മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടി. മേൽപ്പറഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.