സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ തമിഴ്‌നാടിനും ശ്രീലങ്കക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് മഴ സജീവമാക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി ഇടി മിന്നലോടു കൂടിയ മഴ തുടരും. മലയോര മേഖലയില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. . തെക്കന്‍ കേരളത്തില്‍ പൂര്‍ണമായും വടക്കന്‍ കേരളത്തില്‍ ഭാഗികമായും മഴ ശക്തി പ്രാപിക്കുമെന്നും കാലവസ്ഥാ കേന്ദ്രം അറിയിച്ചു. മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
മഴ തുടരുന്നതിനിടെ മലമ്പുഴ ഡാമിലെ ജലനിരപ്പ് പരമാവധിയിലേക്ക് എത്തുന്നു. 2018 ശേഷം ആദ്യമായിട്ടാണ് പരമാവധി ജലനിരപ്പായ 115.06 മീറ്ററിലേക്ക് എത്തുന്നത്. വരും മണിക്കൂറില്‍ ജലനിരപ്പ് ഉയരുമെന്നാണ് വിലയിരുത്തല്‍. ഇതോടെ ഡാമിന്റെ പൂര്‍ണ സംഭരണ ശേഷിയായ 226 Mm3 ലേക്ക് എത്തും. പരമാവധി ജലനിരപ്പില്‍ എത്തിയാല്‍ സ്പില്‍വേ ഷട്ടറുകള്‍ കൂടുതല്‍ തുറന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതാണ്. നിലവില്‍ 115.03 ആണ് ജലനിരപ്പ്. 4 ഷട്ടറുകളും 1 സെന്റീമീറ്റര്‍ വീതം തുറന്നിട്ടുണ്ട്. പരമാവധി ജലനിരപ്പില്‍ എത്തിയാല്‍ ഡാം ടോപ്പിലേക്കുള്ള വിനോദ സഞ്ചരികളുടെ പ്രവേശനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായിരിക്കും