KERALA

മധു വധക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത് മികച്ച അഭിഭാഷകനെ; ഹൈക്കോടതിയില്‍ സര്‍ക്കാര്‍

മുതിര്‍ന്ന അഭിഭാഷകനായ അഡ്വ കെ പി സതീശനെയാണ് നിയമിച്ചത്

നിയമകാര്യ ലേഖിക

അട്ടപ്പാടി മധു വധക്കേസില്‍ മികച്ച അഭിഭാഷകനെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഗൗരവമുള്ള കേസായതിനാലാണ് ഹൈക്കോടതിയിലെ അപ്പീലിലും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിച്ചത്. മുതിര്‍ന്ന അഭിഭാഷകനായ അഡ്വ കെ പി സതീശനെയാണ് നിയമിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അപ്പീല്‍ നടത്തിപ്പിന് സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിച്ചത് സംബന്ധിച്ച് മധുവിന്റെ അമ്മ ചീഫ് ജസ്റ്റിസിന് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.

സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരായി അഡ്വ പി വി ജീവേഷിനെയും മണ്ണാര്‍ക്കാട് കോടതിയില്‍ ഈ കേസ് വാദിച്ച പ്രതികള്‍ക്ക് ന്യായമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ച അഡ്വ രാജേഷ് എം മേനോനെയും, അഡ്വ സി കെ രാാധാകൃഷ്ണനേയും നിയമിക്കണമെന്ന് സര്‍ക്കാരിനോട് മധുവിന്റെ കുടുംബം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അഡ്വ ജീവേഷിനെ അഡീഷണല്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായാണ് നിയമിച്ചത്.

മണ്ണാര്‍ക്കാട് കോടതിയില്‍ ഈ കേസ് നടന്നു കൊണ്ടിരിക്കുമ്പോള്‍ സര്‍ക്കാര്‍ നിയമിച്ച മൂന്ന് പേരും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിയമിക്കപ്പെടുകയും ഒഴിഞ്ഞു പോകുകയും ചെയ്തതുകൊണ്ടാണ് കേസിന്റെ നടത്തിപ്പില്‍ ഗുരുതരമായ വീഴ്ചകള്‍ വന്നത്. ഈ കേസില്‍ പ്രതികള്‍ സാമൂഹ്യമായും, സാമ്പത്തികമായും, രാഷ്ട്രീയമായും ഏറെ സ്വാധീനമുള്ളവരാണെന്ന് ആ വിചാരണക്കാലത്ത് തന്നെ ബോധ്യപ്പെട്ടതാണ്.

അതിനാല്‍ പൂര്‍ണ്ണ വിശ്വാസമുള്ളവരെ മാത്രമേ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി നിയമിക്കാന്‍ പാടുള്ളൂവെന്നും അമ്മ ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തില്‍വ്യക്തമാക്കിയിരുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് മധുവിന്റെ കുടുംബം ആവശ്യപ്പെടുന്നത് അപ്പീലിലെ വാദം വൈകിപ്പിക്കാനാണെന്ന് പ്രതിഭാഗവും ഇന്ന് കോടതിയില്‍ ആരോപിച്ചു. അട്ടപ്പാടി മധുകേസിലെ പ്രതികളുടെ അപ്പീലുകള്‍ പരിഗണിക്കുമ്പോഴാണ് സര്‍ക്കാരും പ്രതിഭാഗവും നിലപാടറിയിച്ചത്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിതനായ അഡ്വ കെപി സതീശന്‍ ഇന്ന് ഹാജരായില്ല. ഇതേത്തുടര്‍ന്ന് അപ്പീലുകള്‍ പരിഗണിക്കുന്നത് അടുത്തമാസം ആറിലേക്ക് കോടതി മാറ്റി.

പാലക്കാട് സി കൃഷ്ണകുമാറിന്റെ മുന്നേറ്റം, ലീഡ് ആയിരം കടന്നു | Wayanad Palakkad Chelakkara Election Results Live

ആദ്യ ഫലസൂചനകള്‍ പുറത്ത്, മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ