യുവ സംവിധായക നയന സൂര്യയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് ഇടപെടൽ. കേസിന്റെ ഫയലുകൾ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലേക്ക് വിളിച്ചുവരുത്തി. കേസിന്റെ നിലവിലെ അന്വേഷണ പുരോഗതി വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ ദിനിലിനെ ചുമതലപ്പെടുത്തി. ഡെപ്യൂട്ടി കമ്മീഷണർ നേരിട്ട് കേസിന്റെ തുടർ നടപടികൾ വിലയിരുത്തും. മാധ്യമ വാർത്തകൾക്ക് പിന്നാലെയാണ് പോലീസ് നടപടി.
കേസുമായി ബന്ധപ്പെട്ട ഫയലുകൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുന്ന കാര്യത്തിലടക്കം പോലീസ് തീരുമാനമെടുക്കുക. മൂന്ന് വര്‍ഷത്തിന് ശേഷമാണ് കേസില്‍ പുതിയ വഴിത്തിരിവ്. മരണം കൊലപാതകമാണെന്ന് സൂചനയുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. അന്വേഷണം എങ്ങുമെത്താതായതോടെ സംവിധായികയുടെ സുഹൃത്തുക്കള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് പോസ്റ്റ്മോര്‍ട്ടം വിവരങ്ങള്‍ പുറത്തുവന്നത്. ഷുഗര്‍ ലെവല്‍ താഴ്ന്ന് നയന മരിച്ചു എന്ന തരത്തിലായിരുന്നു പ്രചാരണങ്ങള്‍. സംഭവം നടന്നപ്പോള്‍ തന്നെ ദുരൂഹത തോന്നിയിരുന്നതായി നയന സൂര്യയുടെ അടുത്ത സുഹൃത്ത് ദ ഫോര്‍ത്തിനോട് പറഞ്ഞിരുന്നു.
എന്നാല്‍, സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ മരിച്ച സമയത്ത് കുറച്ചധികം ദിവസം ഭക്ഷണം കഴിക്കാതിരുന്ന ഘട്ടത്തില്‍ മാത്രമാണ് നയനക്ക് ഷുഗര്‍ ലെവല്‍ താഴുന്ന പ്രശ്‌നം അനുഭവപ്പെട്ടത്. അന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തിരുന്നു. അതിനപ്പുറം നയന പ്രമേഹ രോഗിയാണ് എന്ന പ്രചാരണം തെറ്റാണ്. തങ്ങളുടെ അറിവില്‍ നയന പ്രമേഹത്തിന് മരുന്നുകള്‍ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ലെന്നുമാണ് സുഹൃത്തുക്കളുടെ പ്രതികരണം. ലെനിൻ രാജേന്ദ്രന്റെ സിനിമകളില്‍ സഹസംവിധായികയായി നിരവധി വർഷം നയന പ്രവർത്തിരുന്നു.
പോലീസ് നടത്തിയ മൃതദേഹ പരിശോധനയില്‍ കഴുത്തിലുണ്ടായിരുന്ന 31.5 സെ.മീ മുറിവും മറ്റു ക്ഷതങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല
നയനയുടെ അടിവയറ്റില്‍ മര്‍ദനമേറ്റതായും കഴുത്തു ഞെരിച്ചതിൻ്റെ സൂചനയുണ്ടെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നത്. നയനയുടെ അടിവയറ്റില്‍ മര്‍ദനമേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിട്ടും പോലീസ് ഇതിനെ കുറിച്ച് അന്വേഷിക്കുകപോലും ചെയ്യാതെ കേസ് അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നാണ് സുഹൃത്തുക്കള്‍ നല്‍കിയ പരാതി. കഴുത്തിനു ചുറ്റും 31.5 സെന്റീമീറ്റര്‍ വരെ നീളമുള്ള നിരവധി മുറിവുകൾ കണ്ടെത്തി. ഇടത് അടിവയറ്റില്‍ ചവിട്ടേറ്റതുപോലുള്ള ക്ഷതവും കണ്ടെത്തി. ഈ ആഘാതത്തില്‍ ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതമാണ് പാന്‍ക്രിയാസ്, വൃക്ക എന്നീ അവയവങ്ങളില്‍ രക്തസ്രാവമുണ്ടാക്കിയത്. പ്ലീഹ ചുരുങ്ങുകയും പൊട്ടുകയും ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പോലീസ് നടത്തിയ മൃതദേഹ പരിശോധനയില്‍ കഴുത്തിലുണ്ടായിരുന്ന 31.5 സെ.മീ മുറിവും മറ്റു ക്ഷതങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. ഇതിന് പിന്നിലും ബാഹ്യ ഇടപെടലുകള്‍ നടന്നതായി സംശയിക്കുന്നതായും സുഹൃത്ത് പറഞ്ഞിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ദുരൂഹതകള്‍ ഉള്ളതായി കാണിച്ച് പലരെയും സമീപിച്ചെങ്കിലും ആരും വലിയ താത്പര്യം കാണിച്ചില്ല. പിന്നിട് കോവിഡ് വ്യാപനം രൂക്ഷമായതോടെ അന്വേഷണം പൂര്‍ണമായി വഴിമുട്ടുകയായിരുന്നുവെന്നും സുഹൃത്തുക്കള്‍ ആരോപിക്കുന്നു.
2019 ഫെബ്രുവരി 24 നാണ് കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ നയനാസൂര്യനെ തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അസ്വാഭാവികമരണത്തിന് കേസെടുത്താണ് മ്യൂസിയം പോലീസ് അന്വേഷണം നടത്തിയത്.