യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എ ഗ്രൂപ്പ് പ്രതിനിധിയായി രാഹുൽ മാങ്കൂട്ടത്തിൽ മത്സരിക്കും. ഇന്ന് ചേർന്ന ഗ്രൂപ്പ് നേതാക്കളുടെ യോഗത്തിലാണ് രാഹുലിനെ ഗ്രൂപ്പിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയാക്കാൻ തീരുമാനമായത്. അധ്യക്ഷ പദവിയിലേക്ക് എ ഗ്രൂപ്പ് സജീവമായി പരിഗണിച്ചിരുന്നത് തിരുവനന്തപുരത്തുനിന്നുള്ള ജെ എസ് അഖിലിനെയായിരുന്നു. അഖിലിനെ നോമിനിയാക്കാനായിരുന്നു എ ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കൾക്ക് താത്പര്യം. എന്നാൽ രാഹുലിന് വേണ്ടി ഷാഫി പറമ്പിൽ കടുംപിടുത്തം പിടിച്ചതോടെയാണ് ഗ്രൂപ്പ് നേതൃത്വം ഈ തീരുമാനത്തിൽ നിന്ന് പിന്മാറിയത്.
നിലവിലെ അധ്യക്ഷൻ ഷാഫി പറമ്പിലിന്റെ പിന്തുണയില്ലാതെ പുതിയ സംസ്ഥാന അധ്യക്ഷൻ എത്തിയാൽ അത് സംഘടനയുടെ ആകെ പ്രവർത്തനത്തെ ബാധിക്കുമെന്ന് ഗ്രൂപ്പ് വിലയിരുത്തി. നിലവിൽ ഭൂരിപക്ഷം ജില്ലകളിൽ നിന്നും പിന്തുണ ഉറപ്പിക്കാൻ ഷാഫിക്ക് കഴിഞ്ഞിട്ടുണ്ട്. ദേശീയ നേതൃത്വത്തിനും കൂടുതൽ താല്പര്യം ഷാഫി പറമ്പിലിനോട് ആണെന്നതും രാഹുലിന് അനുകൂല ഘടകമായി.
കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പിന്തുണയും അബിൻ വർക്കിക്കുണ്ട്. തിരഞ്ഞെടുപ്പ് നടക്കുമ്പോൾ എ, ഐ ഗ്രൂപ്പുകൾ തമ്മിലായിരിക്കും പോരാട്ടം
ഐ ഗ്രൂപ്പിൽ നിന്ന് അബിൻ വർക്കി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ റഷീദ്, എം പി പ്രവീണ്‍, തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഒ ജെ ജനീഷ് എന്നിവരെയും ഐ ഗ്രൂപ്പ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെങ്കിലും ഒടുവിൽ അബിൻ വർക്കിക്ക് നറുക്ക് വീഴുകയായിരുന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പിന്തുണയും അബിൻ വർക്കിക്കുണ്ട്. തിരഞ്ഞെടുപ്പ് നടക്കുമ്പോൾ എ, ഐ ഗ്രൂപ്പുകൾ തമ്മിലായിരിക്കും പോരാട്ടം. നിലവിലെ സംഘടനാ ബലം അനുസരിച്ച് എ ഗ്രൂപ്പ് പ്രതിനിധിയാകും സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുക. സംസ്ഥാനത്ത് അടിത്തറ ഇല്ലാത്തത് കെ സി വിഭാഗത്തിന് തിരച്ചടിയാകും.
രാഹുൽ മാങ്കൂട്ടത്തിൽ എ ഗ്രൂപ്പ് നോമിനയായി അധ്യക്ഷ പദത്തിലേക്ക് മത്സരിക്കുമ്പോൾ ഐ ഗ്രൂപ്പ് പാരമ്പര്യമുള്ള സതീശൻ തങ്ങളുടെ സ്ഥാനാർഥിക്ക് പരോക്ഷ പിന്തുണ നൽകുമെന്നാണ് ഐ ഗ്രൂപ്പിന്റെ പ്രതീക്ഷ
സംഘടനാ ചുമതലയുളള സെക്രട്ടറി കെ സി വേണുഗോപാലിന്റെ നോമിനയായി ബിനു ചുള്ളിയിൽ മത്സരിക്കാനാണ് സാധ്യത. കെ എസ് യു പുനഃസംഘടനയില്‍ സതീശന്റെ നോമിനിക്ക് അധ്യക്ഷ പദവി ലഭിച്ച സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ബിനു ചുള്ളിയിലിന് വിട്ടുനല്‍കണമെന്ന നിലപാടാണ് കെ സിക്കുള്ളത്. എന്നാൽ ഇക്കാര്യത്തിൽ കെ സി വിഭാഗം അന്തിമ തീരുമാനം എടുത്തിട്ടില്ല. എ, ഐ വിഭാഗം നിർത്തുന്ന സ്ഥാനാർത്ഥികളിൽ ഒരാൾക്ക് കെ സി വേണുഗോപാൽ പിന്തുണ പ്രഖ്യാപിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.
എ ഗ്രൂപ്പിന്റെ സമവായ സ്ഥാനാർഥിയായി പരിഗണിക്കപ്പെട്ട കെഎസ്‌യു മുൻ സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്ത് എൻ എസ് യു സെക്രട്ടറിയായി തുടരും
എ ഗ്രൂപ്പില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഷാഷി പറമ്പില്‍ സ്വന്തം നോമിനിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ അധ്യക്ഷ പദവിയിലെത്തിക്കാന്‍ നീക്കം നടത്തുമ്പോൾ ഇതിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റ മൗന പിന്തുണയുമുണ്ട്. എന്നാൽ രാഹുൽ മാങ്കൂട്ടത്തിൽ പൂർണ്ണമായി എ ഗ്രൂപ്പ് നോമിനയായി അധ്യക്ഷ പദത്തിലേക്ക് മത്സരിക്കുമ്പോൾ ഐ ഗ്രൂപ്പ് പാരമ്പര്യമുള്ള സതീശൻ തങ്ങളുടെ സ്ഥാനാർത്ഥിക്ക് പരോക്ഷ പിന്തുണ നൽകുമെന്നാണ് ഐ ഗ്രൂപ്പിന്റെ പ്രതീക്ഷ. എറണാകുളത്തുനിന്നുള്ള അബിൻ വർക്കിക്ക് സതീശനുമായി നീണ്ടനാളത്തെ സംഘടനാ ബന്ധമുള്ളതും തിരഞ്ഞെടുപ്പ് സമയത്ത് ഗുണം ചെയ്യുമെന്ന് ഗ്രൂപ്പ് വിലയിരുത്തുന്നു. അതേസമയം എ ഗ്രൂപ്പിന്റെ സമവായ സ്ഥാനാർഥിയായി പരിഗണിക്കപ്പെട്ട കെഎസ്‌യു മുൻ സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്ത് എൻ എസ് യു സെക്രട്ടറിയായി തുടരും. അടുത്ത യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ അഭിജിത്തിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാം എന്നാണ് നിലവിൽ എ ഗ്രൂപ്പിലെ ധാരണ.