KERALA

ആദിവാസി യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, പ്രതി റിമാൻഡിൽ; പോലീസ് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്ന് ബന്ധുക്കൾ

ബലാത്സംഗം, ആദിവാസി പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്

ദ ഫോർത്ത് - കോഴിക്കോട്

വയനാട് തിരുനെല്ലി സ്വദേശിനിയായ യുവതിയെ (30) വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്ത പ്രതി കസ്റ്റഡിയില്‍. പനവല്ലി സ്വദേശി അജീഷീനെയാണ് (31) പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് വ്യക്തമാക്കി. ബലാത്സംഗം, ആദിവാസി പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്‌.

യുവതിയുടെ ബന്ധുക്കള്‍ അജീഷുമായി നേരത്തെ വിവാഹ ആലോചന നടത്തിയിരുന്നു. രണ്ടു മാസമായി യുവതി ഇയാളുമായി ഫോണില്‍ സംസാരിക്കുന്നുമുണ്ട്. പനവല്ലിയില ബന്ധുവീട്ടില്‍ യുവതി വിരുന്നിനെത്തിയപ്പോള്‍ വ്യാഴാഴ്ച്ച രാത്രി വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ യുവതിയെ വിളിച്ചുകൊണ്ടുപോവുകയും പീഡിപ്പിക്കുകയും ചെയ്തു. തന്റെ സമ്മതത്തോടെയാണ് യുവാവിനൊപ്പം പോയതെങ്കിലും അയാളുടെ വീട്ടില്‍ വച്ച് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി വ്യക്തമാക്കിയതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. വെള്ളിയാഴ്ച്ച രാവിലെ അവശയായ യുവതിയെ അമ്മയുടെ വീട്ടില്‍ ഉപേക്ഷിച്ച് കടന്ന് കളയാന്‍ ശ്രമിച്ചെങ്കിലും വീട്ടുകാര്‍ പ്രതിയോട് തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെടുകയും ഇല്ലെങ്കില്‍ പരാതി നല്‍കുമെന്ന് പറയുകയും ചെയ്തു.

തുടര്‍ന്ന് പ്രതി തന്നെയാണ് യുവതിയെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആശുപത്രിയില്‍ കൂട്ട് നിന്നതും. യുവതിയുടെ ഭര്‍ത്താവെന്നാണ് പ്രതി ആശുപത്രിയില്‍ പറഞ്ഞിരുന്നത്. മെയ് ആറിന് വിവരമറിഞ്ഞ് എത്തിയ പോലീസിനോട് യുവതി തങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുന്നവരാണെന്നും പരാതിയില്ലെന്നും പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുക്കാതിരുന്നതെന്ന് തിരുനെല്ലി എസ്എച്ച്ഒ ജോഷി ദ ഫോര്‍ത്തിനോട് പറഞ്ഞു. പിന്നീട് യുവാവിന്റെ ഉദ്ദേശം മനസിലാക്കിയ യുവതി മൊഴിമാറ്റി പറയുകയും വിവാഹ വാഗദാനം നല്‍കി തന്നെ അജീഷ് പീഡിപ്പിച്ചതായി മൊഴി നല്‍കുകയും ചെയ്തു. ഇതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

മാരകമായ മുറിവുകളുള്ളതിനാല്‍ കൂട്ടബലാത്സംഗത്തിനുള്ള സാധ്യത സംശയിക്കപ്പെട്ടിരുന്നു. എന്നാല്‍ അജീഷ് മാത്രമാണ് തന്നെ പീഡിപ്പിച്ചതെന്നും ആശുപത്രിയില്‍ പ്രവേശിക്കും വരെ തനിക്ക് ബോധമുണ്ടായിരുന്നുവെന്നും യുവതി വ്യക്തമാക്കി. ഇന്നലെയാണ് യുവതി തനിക്ക് പരാതിയുണ്ടെന്ന് പോലീസില്‍ മൊഴി നല്‍കിയത്. അജീഷിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നതുവരേയും അയാള്‍ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ആശുപത്രിയില്‍ തന്നെ ഉണ്ടായിരുന്നതായും യുവതി വ്യക്തമാക്കുന്നുണ്ട്. പ്രതിക്ക് അനുകൂലമായി മൊഴി നല്‍കാന്‍ അയാള്‍ യുവതിയില്‍ സമ്മര്‍ദം ചെലുത്തിയിരുന്നുവെന്നും ഇതിനാലാണ് യുവതി ആദ്യം അയാള്‍ക്ക് അനുകൂലമായി മൊഴി നല്‍കിയതെന്നും വിഷയത്തിൽ ഇടപെട്ട പൊതുപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. പ്രതി യുവതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് കൊണ്ടുപേകാന്‍ ശ്രമിച്ചപ്പോള്‍ ബന്ധുക്കളും പൊതുപ്രവര്‍ത്തകരും സമയോചിതമായി ഇടപെടല്‍ നടത്തി ശ്രമം തടയുകയായിരുന്നു.

അതേസമയം ലേബർ റൂമിൽ ചെക്കപ്പിന് കൊണ്ടുപോയതാണെന്ന് ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ച് യുവതിയെ ആശുപത്രിയിൽ നിന്ന് പൊലീസ് ഡിസ്ചാർജ് ചെയ്തുകൊണ്ടുപോയതായി ബന്ധുക്കൾ ആരോപിച്ചു.പ്രതിക്കൊപ്പം പോയാൽ മതിയെന്ന് യുവതിയെക്കൊണ്ട് പറയിക്കുകയാണ് പൊലീസിന്റെ ലക്ഷ്യമെന്നും അവർ പറയുന്നു.എന്നാൽ നടപടിക്രമം അനുസരിച്ചുള്ള പരിശോധനയാണ് നടന്നതെന്നും യുവതിയുടെ രഹസ്യമൊഴി എടുക്കാൻ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയാണുണ്ടായതെന്നും ഡിവൈഎസ്പി സന്തോഷ് വ്യക്തമാക്കി.പ്രതി അജീഷ് റിമാൻഡിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ