വളരും തോറും പിളരും പിളരും തോറും വളരും എന്ന് പറയാറുള്ള കേരളാ കോണ്‍ഗ്രസിനെക്കാള്‍ കഷ്ടമാണ് കേരളത്തിലെ ഏറ്റവും വലിയ മുസ്ലീം മത സംഘടനയായ സമസ്തക്കുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങള്‍. ഞാന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന നിലപാടിലാണ് സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളും സമസ്തയുടെ യുവജന വിഭാഗം പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും. രണ്ടു പക്ഷത്തും വേണ്ടുവോളം എരിവ് പകരാന്‍ ഇഷ്ടം പോലെ വേറേ കുറേ നേതാക്കളുമുണ്ട്.
സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള ഹക്കീം ഫൈസി ആദൃശ്ശേരിയുടെ രാജി സിഐസി പ്രസിഡന്റ് കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സ്വീകരിച്ചതോടെ മഞ്ഞുരുകും എന്നായിരുന്നു എല്ലാവരുടേയും പ്രതീക്ഷ. സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരുടെ മരുമകന്‍ ഹബീബുള്ള ഫൈസിയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പകരം നിയോഗിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകുമെന്നും വിചാരിച്ചു.
പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഒരുവശത്ത് ശ്രമം നടക്കുമ്പോള്‍ അവരെന്തിന് രാജിവെച്ചു എന്ന ചോദ്യം ആര്‍ക്കും തോന്നാം
അത്തരം ചിന്തകള്‍ക്കെല്ലാം സമസ്തയുടെ മുഖപത്രമായ സുപ്രഭാതം ദിനപത്രം ഇന്ന് പുറത്തിറങ്ങുന്നത് വരെയേ ആയുസുണ്ടായിരുന്നുള്ളൂ. പോസിറ്റീവ് ആകും എന്ന് വിചാരിച്ചയിടത്ത് കാര്യങ്ങള്‍ കൂടുതല്‍ നെഗറ്റീവായി. സിഐസിയുടെ ഉപദേശക സമിതിയില്‍ നിന്ന് ജിഫ്രി തങ്ങളും, ആലിക്കുട്ടി മുസ്ലിയാരും രാജിവച്ചു. അതായത് സമസ്തയും സിഐസിയും തമ്മിലുണ്ടായിരുന്ന അവസാന ബന്ധം കൂടി അറ്റുവെന്ന് അര്‍ഥം. പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഒരുവശത്ത് ശ്രമം നടക്കുമ്പോള്‍ അവരെന്തിന് രാജിവച്ചു എന്ന സംശയം ആര്‍ക്കും തോന്നാം.
ആദൃശ്ശേരിയുടെ രാജി സ്വീകരിക്കുന്ന കാര്യവും പുതിയ സെക്രട്ടറി ആരെന്നതും കൂടിയാലോചിച്ചില്ല എന്നതാണ് സമസ്ത നേത്യത്വം അനൗദ്യോഗികമായി പറയുന്ന കാരണം. ഒപ്പം മുൻപ് ഉന്നയിച്ച ചില പ്രശ്‌നങ്ങള്‍ അതേപടി നിലനില്‍ക്കുന്നുവെന്നും. കഴിഞ്ഞ ദിവസം ഒരു കല്യാണ വീട്ടില്‍ വച്ച് സമസ്ത നേതാക്കളോട് ഒത്തുതീര്‍പ്പ് ഫോര്‍മുല സംസാരിച്ച് അംഗീകാരം നേടിയിരുന്നുവെന്നാണ് സാദിഖലി തങ്ങളോട് അടുപ്പമുള്ളവര്‍ പറയുന്നത്.
ഔദ്യോഗികമായും അനൗദ്യോഗികമായും പാണക്കാട് തങ്ങള്‍ അവസാന വാക്കായിരുന്ന കാലത്തിന് കൂടിയാണ് സമസ്തയില്‍ അറുതിയാകുന്നത്. മുസ്ലീംലീഗിനോട് ഇടഞ്ഞ് നില്‍ക്കുന്ന പാണക്കാട്ടെ മുഈനലി തങ്ങളാണ് സമസ്തയുടെ തുറുപ്പ് ചീട്ട്. വാഫി വഫിയ സംവിധാനത്തിന് പകരം സമസ്ത കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ പ്രധാനപ്പെട്ട റോളില്‍ മുഈനലി തങ്ങളെ എത്തിച്ചാണ് കളികള്‍. നാളെ ഒരു പിളര്‍പ്പ് ഉണ്ടായാല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ പാണക്കാട് മുഈനലി തങ്ങള്‍ ഒപ്പം വേണമെന്ന കരുതലെന്നും പറയാം. പാണക്കാട് കുടുംബത്തെ വെല്ലുവിളിച്ച് സമസ്തയ്ക്കും സമസ്തയെ കണ്ടില്ലെന്ന് നടിച്ച് പാണക്കാട് സാദിഖലി തങ്ങള്‍ക്കും എന്തായാലും അധിക കാലം മുന്നോട്ട് പോകാനാവില്ല. ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി നടത്തുന്ന ചില ഇടപെടലുകളിലാണ് മുസ്ലീംലീഗിനേയും സമസ്തയേയും ഒരേപോലെ സ്‌നേഹിക്കുന്നവരുടെ മുഴുവന്‍ പ്രതീക്ഷയും.