കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സ് ഡയറക്ടര്‍ക്കെതിരെ ഉയര്‍ന്ന പരാതികളില്‍ അന്വേഷണം ആരംഭിച്ചു. ഡയറക്ടര്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ഉണ്ടായിട്ടുണ്ടെന്നും ഇവയെല്ലാം അന്വേഷിക്കുമെന്നും മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി. ഇതിനായി മൂന്നംഗ കമ്മീഷനെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സ് ഡയറക്ടര്‍ക്കെതിരായ ആരോപണങ്ങളെ കുറിച്ച് ദ ഫോര്‍ത്ത് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് അന്വേഷണം.
മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ പേരിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സില്‍ പുതിയ ഡയറക്ടര്‍ സ്ഥാപനത്തിലെ ജോലിക്കാരെ വീട്ടുജോലിക്ക് നിയോഗിക്കുന്നതായും കടുത്ത ജാതി വിവേചനം കാണിക്കുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. ഡയറക്ടറുടെ മാനസിക പീഡനങ്ങളും ജാതി വിവേചനവും അതിരു കടന്നതോടെ ജീവനക്കാര്‍ പരാതിയുമായി മുന്നോട്ട് വരികയായിരുന്നു.
അടുത്തിടെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രവേശനത്തില്‍ സംവരണം അട്ടിമറിച്ചെന്ന പരാതിയില്‍ ദലിത് അപേക്ഷാര്‍ഥി കോടതിയെ സമിപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാര്‍ മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയത്. എന്നാല്‍ പരാതി സ്വീകരിച്ചുവെന്നല്ലാതെ നടപടി ഉണ്ടായിരുന്നില്ല.