നെഹ്‌റു ട്രോഫി വള്ളം കളി മത്സരത്തിന് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ചെന്ന വാര്‍ത്തകള്‍ വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സര്‍ക്കാര്‍. തിരുവനന്തപുരത്ത് നടക്കുന്ന സതേണ്‍ സോണല്‍ കൗണ്‍സിലുമായി ബന്ധപ്പെട്ട് എത്തുന്ന വിശിഷ്ടാതിഥികളെ എല്ലാവരെയും സംസ്ഥാനത്തെ ഓണാഘോഷങ്ങള്‍ക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയേയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും സെപ്റ്റംബര്‍ നാലിന് ആലപ്പുഴയില്‍ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി വീക്ഷിക്കാന്‍ കേരളം ക്ഷണിച്ചിട്ടുണ്ട്. വിശിഷ്ടാതിഥികള്‍ക്കായി ഓണാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ രണ്ടിന് പ്രത്യേക സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കും. ഓണാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ രണ്ടു മുതല്‍ നഗരത്തിലെ വീഥികള്‍ വൈദ്യുത ദീപങ്ങള്‍കൊണ്ട് അലങ്കരിക്കും. സതേണ്‍ സോണല്‍ കൗണ്‍സില്‍ നടക്കുന്ന പ്രത്യേക സാഹചര്യത്തില്‍ മണക്കാട് മുതല്‍ കോവളം വരെയുള്ള പ്രധാന വീഥിയുടെ ഇരുവശങ്ങളിലും വൈദ്യുതി ദീപാലങ്കാരങ്ങള്‍ ഒരുക്കുമെന്നും വാര്‍ത്താക്കുറിപ്പ് അറിയിച്ചു.
മണക്കാട് മുതല്‍ കോവളം വരെ ദീപാലങ്കാരങ്ങള്‍
30-ാമത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗമാണ് സെപ്റ്റംബര്‍ മൂന്ന് മുതല്‍ തിരുവനന്തപുരത്ത് നടക്കുന്നത്. സംസ്ഥാനങ്ങള്‍ തമ്മിലും കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും തമ്മിലുമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുന്നതിനുള്ള വേദിയാണു കൗണ്‍സില്‍ യോഗം. ഇത്തവണ കേരളത്തിനാണ് ഈ യോഗത്തിന്റെ അധ്യക്ഷസ്ഥാനം.
കോവളത്തെ റാവിസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി പിണറായി വിജയന്‍, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് തുടങ്ങിയിടങ്ങളില്‍നിന്നുള്ള ഭരണകര്‍ത്താക്കള്‍ എന്നിവരും പങ്കാളികളാനും.
30-ാമത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ കേരളം അധ്യക്ഷത വഹിക്കും
അതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ നെഹ്‌റു ട്രോഫി വള്ളം കളിയിലേക്ക് ക്ഷണിച്ചെന്ന വാര്‍ത്തകള്‍ വലിയ വിമര്‍ശങ്ങളും ഏറ്റുവാങ്ങിയിരുന്നു. സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും, കെപിസിസി അധ്യക്ഷന്‍ കെ സുധാകന്‍ എംപിയുടെ രംഗത്ത് എത്തിയിരുന്നു.