കെഎസ്ആര്‍ടിസിയ്ക്ക് വിപണി നിരക്കില്‍ ഡീസല്‍ നല്‍കാനാവില്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. വന്‍കിട ഉപഭോക്താവായ കെഎസ്ആര്‍ടിസിക്ക് ചെറുകിട ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വിലയ്ക്ക് ഡീസല്‍ നല്‍കുന്നത് ഭരണഘടനാ വിരുദ്ധമെന്നും പൊതുമേഖലാ എണ്ണ കമ്പനിയായ ഐഒസി വ്യക്തമാക്കി. സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയാകുന്ന നിലപാട് ഐഒസി വ്യക്തമാക്കിയത്.
വിപണി വിലയ്ക്ക് ഡീസല്‍ നല്‍കാന്‍ ഐഒസിയോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി കനത്ത പിഴ ചുമത്തി തള്ളണമെന്നും ഡീസല്‍ വിലനിര്‍ണയത്തില്‍ കോടതിക്ക് അധികാരമില്ലെന്നും സത്യവാങ്മൂലത്തില്‍ ഐഒസി വിശദീകരിച്ചു. കെഎസ് ആര്‍ടിസിയുടെ ഹര്‍ജിയില്‍ ഐഒസി കൊച്ചി ഇന്‍സ്റ്റിസറ്റിയൂഷണല്‍ ബിസിനസ് മാനേജര്‍ എന്‍ ബാലാജിയാണ് സത്യവാങ്മൂലം ഫയല്‍ ചെയ്തത്.
ഡീസല്‍ വാങ്ങിയ ഇനത്തില്‍ ഇതുവരെ 139.97 കോടി രൂപ കെഎസ്ആര്‍ടിസി നല്‍കാനുണ്ടെന്ന് ഐഒസി കോടതിയെ അറിയിച്ചു. ഇതില്‍ 123.36 കോടി രൂപ ഡീസല്‍ വാങ്ങിയ ഇനത്തിലും 16.61 കോടി രൂപ പലിശയിനത്തിലുമാണ്. കരാറിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആര്‍ടിസിക്ക് ഡീസല്‍ നല്‍കുന്നത് എന്നും തര്‍ക്കപരിഹാരം ആര്‍ബിട്രേഷനിലൂടെ ആണ് നടത്തേണ്ടതെന്നുമാണ് ഐഒസിയുടെ നിലപാട്. അതിനാല്‍ കോടതിക്ക് വിലനിര്‍ണയത്തില്‍ ഇടപെടാന്‍ ആകില്ലെന്നും ഐഒസി പറയുന്നു. അനാവശ്യമായ ഹര്‍ജി ഫയല്‍ ചെയ്ത് കോടതിയുടെ സമയം കളഞ്ഞതിന് പിഴ ഈടാക്കണമെന്നും ഐഒസി സത്യവാങ്മൂലത്തിലൂടെ അറിയിച്ചു.