ആലപ്പുഴയിലെ ഔദ്യോഗിക ജീവിതാനുഭവം പങ്കുവയ്ക്കുകയാണ് തൃശൂരിലേക്ക് സ്ഥലംമാറിപ്പോകുന്ന കളക്ടർ കൃഷ്ണതേജ ഐഎഎസ്. വ്യത്യസ്തമായ ഇടപെടൽകൊണ്ട് ശ്രദ്ധേയനായ കൃഷ്ണതേജയ്ക്ക് ജന്മനാടിന് തുല്യമാണ് ആലപ്പുഴ. പൂരങ്ങളുടെ നാടായ തൃശൂരിനെ അതേ സ്നേഹത്തോടെ നെഞ്ചേറ്റുമെന്ന് അദ്ദേഹം പറയുന്നു.
''ആലപ്പുഴയിലാണ് പോസ്റ്റിങ് എന്ന് കേട്ടപ്പോൾ ജന്മനാട്ടിൽ തിരിച്ചെത്തുന്ന സന്തോഷമായിരുന്നു. ഇപ്പോൾ പോകുമ്പോൾ അത്ര തന്നെ സങ്കടവുമുണ്ട്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കളക്ടർമാർക്ക് ഏറ്റവും കൂടുതൽ സ്ഥിരത ഉള്ള ഇടം കേരളമാണ്.''കൃഷ്ണ തേജ ഐഎഎസ് പറയുന്നു.
തനിക്ക് ഏറ്റവും പ്രിയപ്പെട്ട ആഘോഷമാണ് വള്ളം കളിയെന്ന് കളക്ടർ പറയുന്നു. ''മൂന്ന് തവണ നെഹ്റു ട്രോഫിയുടെ നടത്തിപ്പ് ചുമതല വഹിക്കാൻ കഴിഞ്ഞു. മറ്റൊരു ഉദ്യോഗസ്ഥനും ആ ഭാഗ്യം ലഭിച്ചിട്ടുണ്ടാകുമെന്ന് തോന്നുന്നില്ല. വരാനിരിക്കുന്നത് തൃശൂർ പൂരമാണ്. ഇതേ ആവേശത്തോടെ പൂരത്തിന്റെയും ഭാഗമാവണമെന്നതാണ് ആഗ്രഹം.''- അദ്ദേഹം പറഞ്ഞു.
സമൂഹ മാധ്യമങ്ങളിൽ സജീവമായതിനെക്കുറിച്ചും അദ്ദേഹം മനസ് തുറന്നു. ''സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പോസ്റ്റുകളിടുന്ന ഉദ്യോഗസ്ഥൻ ഞാനാണോ എന്നറിയില്ല, പക്ഷെ എനിക്കുണ്ടാകുന്ന അനുഭവങ്ങളെല്ലാം എന്റേതായ ഭാഷയിൽ ഞാൻ പങ്കുവയ്ക്കാൻ ശ്രമിക്കാറുണ്ട്. അത് പലർക്കും പ്രചോദനവുമാണെന്ന് കരുതുന്നു.' കളക്ടർ കൃഷ്ണ തേജ പറയുന്നു.