മാധ്യമ പ്രവര്‍ത്തകര്‍ തെറ്റായ കാര്യങ്ങള്‍ ചെയ്താല്‍ കേസെടുക്കുന്നത് സ്വാഭാവികമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. മാധ്യമപ്രവര്‍ത്തകര്‍ സാക്ഷികളോ പ്രതികളോ ആകുന്നത് മാധ്യമസ്വാതന്ത്ര്യത്തിന് എതിരായി വ്യാഖ്യാനിക്കാനാകില്ലെന്നും എം വി ജയരാജൻ പറഞ്ഞു . മാധ്യമവേട്ടയുടെ ഇരയാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്ത വിഷയത്തിലാണ് പ്രതികരണം.
കോടതിയലക്ഷ്യ കേസിൽ തന്നെ ശിക്ഷിച്ചപ്പോള്‍ 11 മാധ്യമപ്രവര്‍ത്തകര്‍ മൊഴിനല്‍കിയിരുന്നതായി എം വി ജയരാജന്‍ വ്യക്തമാക്കി. മാധ്യമസ്വാതന്ത്ര്യം കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരേയുള്ള വേട്ടയാടലിന് ഉപയോഗിക്കുമ്പോൾ ശരിയും, കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ച് ഇടപെടുമ്പോൾ തെറ്റും എന്ന നിലയിലാണ് കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.
'' മാധ്യമപ്രവര്‍ത്തകരെ പോലീസ് സാക്ഷിയായി വിളച്ചാലോ, ക്രിമിനല്‍ കുറ്റങ്ങളുടെ ഭാഗമായി ഏതെങ്കിലുമൊരു മാധ്യമപ്രവര്‍ത്തകന്‍ കേസില്‍ പ്രതിയായാലോ അതിനെ മാധ്യമ സ്വാതന്ത്ര്യലംഘനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ല. അത്തരത്തില്‍ ചിലര്‍ സാക്ഷികളായോ പ്രതികളായോ വന്നതുകൊണ്ട് മാത്രം മാധ്യമസ്വാതന്ത്ര്യത്തിന്റെ ലംഘനമായി പറയുന്നത് തെറ്റാണ്. അതാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പറഞ്ഞത്'' - എം വി ജയരാജന്‍ പറഞ്ഞു.