മിത്ത് വിവാദം നിയമ പോരാട്ടത്തിലേക്കുള്‍പ്പെടെ എത്തിനില്‍ക്കെ എൻഎസ്എസ് ആസ്ഥാനം സന്ദര്‍ശിച്ച് പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് എൻഎസ്എസ് ആസ്ഥാനത്ത്. മന്ത്രി വി എൻ വാസവനോടൊപ്പമാണ് ജെയ്ക് എന്‍എസ് എസ് ആസ്ഥാനമായ പെരുന്നയിലെത്തിയത്. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി അരമണിക്കുറോളും ഇരുവരും കൂടിക്കാഴ്ച നടത്തി.
ഷംസീറിന്റെ മിത്ത് പരാമർശത്തിൽ സർക്കാരിനെതിരെ പ്രതിഷേധം എൻഎസ്എസ് ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിനിടയാണ് മന്ത്രി വാസവന്റെയും എൽഡിഎഫ് സ്ഥാനാർഥി ജെയ്‌കിന്റെയും സന്ദർശനം. സ്പീക്കർ എ എന്‍ ഷംസീറിന്റെ മിത്ത് വിവാദത്തിൽ പ്രതിഷേധിച്ച് എന്‍എസ്എസ് നാമജപ ഘോഷയാത്ര ഉൾപ്പെടെ നടത്തിയിരുന്നു.
അതേസമയം, തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി വിവിധ മതമേലധ്യക്ഷന്‍മാരുമായും ജയ്ക്ക് ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ, പുതുപ്പള്ളിയില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേയ്ക്കും. കോര്‍ കമ്മിറ്റിയും സംസ്ഥാന ഭാരവാഹി യോഗവും അംഗീകരിച്ച മൂന്ന് പേരുകള്‍ ദേശീയ നേതൃത്വത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്.
ബിജെപി കോട്ടയം ജില്ല പ്രസിഡന്റ് ജി ലിജിന്‍ ലാല്‍, അയര്‍ക്കുന്നം മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപ്, മേഖല പ്രസിഡന്റ് എന്‍ ഹരി, സംസ്ഥാന വക്താവും ജില്ലയുടെ സഹപ്രഭാരിയുമായ ടി പി സിന്ധു മോള്‍ എന്നിവരാണ് സാധ്യത പട്ടികയില്‍ മുന്നിലുള്ളത്. ബിജെപിയുടെ സി ക്ലാസ്സ് മണ്ഡലമായ പുതുപ്പള്ളിയില്‍ പ്രാദേശിക നേതാക്കള്‍ മത്സരിച്ചാല്‍ മതിയെന്നാണ് കോര്‍കമ്മിറ്റി തീരുമാനം.