കേന്ദ്ര മന്ത്രി സുരേഷ് ഗോപി വഖഫ് ബോര്‍ഡിനെതിരെ പേരുപറയാതെ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ പോലീസ് കേസെടുക്കാത്തതില്‍ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജയനയുഗം. ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച 'കിരാതന്‍ ഗോപിയും വാവരുസ്വാമിയും' എന്ന ലേഖനത്തിലാണ് സംസ്ഥാന പോലീസിന് എതിരായ രൂക്ഷ വിമര്‍ശനം.
വഖഫ് ബോര്‍ഡിന്റെ പേരുപോലും പറയാതെ ബോര്‍ഡിനെ കിരാതമെന്ന വിളിപ്പേരിട്ട സുരേഷ് ഗോപി ചീറ്റിയ മുസ്ലിം വിദ്വേഷ വിഷം രാജ്യദ്രോഹക്കുറ്റം ചുമത്താവുന്നതായിരുന്നു. സമാനമായ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെയും പോലീസ് നടപടി ഇതുവരെ ഉണ്ടായിട്ടില്ല. മതസ്പര്‍ധയുണ്ടാക്കുന്ന വായ്ത്താരികള്‍ മുഴക്കിയ ഈ രണ്ട് മഹാന്മാര്‍ക്കുമെതിരെ പോലീസ് ഒരു പെറ്റിക്കേസുപോലുമെടുത്തില്ലെന്നത് കൗതുകകരമാണ്. തൃശൂര്‍ പൂരം കലങ്ങിയില്ല വെടിക്കെട്ടു മാത്രമേ വൈകിയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞത് തള്ളിക്കൊണ്ട് കലാപാഹ്വാനം നടത്തിയും മതസ്പര്‍ധവളര്‍ത്താന്‍ കരുക്കള്‍ നീക്കിയും പൂരം അലങ്കോലമാക്കിയതിന് കേസെടുത്ത പൊലീസാണ് വിഷവിത്തുകളായ സുരേഷ് ഗോപിയും ഗോപാലകൃഷ്ണനും നടത്തിയ വിദ്വേഷ വിഷം ചീറ്റല്‍ കാണാതെ പോകുന്നത്. എന്നും ലേഖനം വിമര്‍ശിക്കുന്നു.
മുനമ്പം ഭൂമി വിഷയവുമായി ബന്ധപ്പെട്ടായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന. ഒരു ബോര്‍ഡ് പ്രവര്‍ത്തിക്കുന്നുണ്ട്, അതിന്റെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല നാല് ആംഗലേയ ഭാഷയില്‍ ഒതുങ്ങുന്ന ഒരു കിരാതമുണ്ട്' എന്നായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന. തങ്ങള്‍ക്ക് മുനമ്പത്തെ സുഖിപ്പിച്ച് ഒന്നും നേടേണ്ട. അമിത് ഷാ അയച്ച ഒരു വീഡിയോ ഇവിടെ പ്രചരിപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. വയനാട്ടിലെ ബിജെപി സ്ഥാനാര്‍ഥി നവ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.