KERALA

'മനുവിന്റെ മൃതദേഹം വിട്ടുകിട്ടണം;' ഹർജിയുമായി ഗേ പങ്കാളി ജെബിൻ ഹൈക്കോടതിയിൽ

ജിഷ്ണു രവീന്ദ്രൻ

കൊച്ചിയിൽ മരിച്ച ഗേ പങ്കാളി മനുവിന്റെ മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ക്വീർ വ്യക്തിയായ ജെബിൻ ഹൈക്കോടതിയിൽ. അടിയന്തര പ്രാധാന്യത്തോടെ ഹർജി പരിഗണിച്ച ഹൈക്കോടതി ആസ്റ്റർ മെഡ്‌സിറ്റിക്ക് ഇ മെയിൽ മുഖാന്തരം നോട്ടീസ് അയയ്ക്കുകയും ഉത്തരവ് പുറപ്പെടുവിക്കാൻ ചൊവ്വാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു.

ഗേ ദമ്പതികളായി ഒരു വർഷമായി ഒരുമിച്ച് ജീവിക്കുകയായിരുന്നു മനുവും ജെബിനും. ഇതിനിടെയാണ് മനു അപകടത്തിൽ മരിച്ചത്. ഗേ വിവാഹം നിയമപരമല്ലാത്തതിനാൽ അനന്തരാവകാശിയായി ജെബിനെ കണക്കാക്കാൻ സാധിക്കില്ലെന്നുപറഞ്ഞാണ് ആശുപത്രി അധികൃതർ മൃതദേഹം വിട്ടുനൽകാത്തതെന്നാണ് വിവരം.

വീടിന്റെ ടെറസിൽനിന്ന് വീണ് ചികിത്സയിലായിരുന്ന മനുവിന്റെ മരണം ഞായറാഴ്ച രാത്രിയാണ് സ്ഥിരീകരിച്ചത്. സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി ഇന്നലെ വൈകുന്നേരത്തോടെ കൊച്ചിയിലെത്തിയ മനുവിന്റെ കുടുംബം ആശുപത്രി ചെലവുകൾ നൽകി മൃതദേഹം ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് അറിയിച്ചതോടെയാണ് കാര്യങ്ങൾ സങ്കീർണമായത്.

1.30 ലക്ഷം രൂപയാണ് ആശുപത്രി ബില്ലെന്നാണ് വിവരം. ഇതിൽ തന്റെ കൈവശമുള്ള 30,000 രൂപ നൽകാമെന്നും മൃതദേഹം വിട്ടുകിട്ടണമെന്നുമാണ് ജെബിന്റെ ഹർജിയിലെ ആവശ്യം.

മരിച്ച മനു

കേരളത്തിൽ വിവാഹിതരായ മൂന്നാമത്തെ ഗേ ദമ്പതികളാണ് മനുവും ജെബിനും. രണ്ടു ദിവസം മുമ്പ് ഫോൺ ചെയ്യാൻ ടെറസിലേക്കുപോയ മനു താഴേക്ക് വീഴുകയായിരുന്നു. സാരമായി പരുക്കേറ്റതിനെത്തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരന്നു. വെന്റിലേറ്റർ സഹായത്തോടെ രണ്ടു ദിവസം ജീവൻ നിലനിർത്തിയെങ്കിലും ഞായറാഴ്ച രാത്രി 11.14ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.

മനു, ജെബിൻ
ക്വീർ മനുഷ്യരുടെ ശരീരങ്ങളോട് മരണത്തിനു ശേഷവും ആളുകൾ കാണിക്കുന്ന സമീപനമാണിത്

കുടുംബവുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല മനു. സുഹൃത്തുക്കളുൾപ്പെടെ നിർബന്ധിച്ചശേഷമാണ് ബന്ധുക്കൾ ആശുപത്രിയിലെത്താൻ തയ്യാറായതെന്നും മനുവിന്റെയും ജെബിന്റെയും സുഹൃത്തും ക്വീർ റിഥം ഉൾപ്പെടെയുള്ള എൻജിഒകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയും ചെയ്യുന്ന അതുൽ ദ ഫോർത്തിനോട് പറഞ്ഞു.

നിയമപരമായി ക്വീർ പങ്കാളിയെ അനന്തരാവകാശിയായി പരിഗണിക്കാത്തതിനാൽ ജെബിന് മനുവിന്റെ മൃതദേഹം സ്വീകരിക്കാൻ സാധിക്കില്ല. ഈ അവസരത്തിൽ ജെബിനെ അവകാശിയായി പരിഗണിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ്‌ ജെബിൻ ഹൈക്കോടതിയെ സമീപിച്ചത്. ജെബിനുവേണ്ടി ഹാജരാകുന്നത് ട്രാൻസ്‌ജെൻഡർ അഭിഭാഷകയായ പദ്മ ലക്ഷ്മിയാണ്. മൻഡാമസ് റിട്ട് ഹർജിയാണ് സമർപ്പിച്ചിരിക്കുന്നതെന്നാണ് പദ്മലക്ഷ്മി ദ ഫോർത്തിനോട് പറഞ്ഞു.

പങ്കാളിയുടെ മൃതദേഹം അവകാശികളില്ലാതെ മോർച്ചറിയിൽ ഉപേക്ഷിക്കാൻ ജെബിൻ തയ്യാറല്ലെന്ന് പദ്മലക്ഷ്മി പറഞ്ഞു. അതേസമയം, ഇതൊരു മെഡിക്കോ ലീഗൽ കേസ് ആണ്. അതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയാണെന്നും അതുൽ പറഞ്ഞു. അന്വേഷണം പൂർത്തിയായാൽ മാത്രമേ അപകടമാണോ ആത്മഹത്യയാണോയെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കൂ. ഇപ്പോൾ തങ്ങൾ ഇതൊരു അപകടമരണമായാണ് കരുതുന്നതെന്നും അതുൽ പറഞ്ഞു.

അഡ്വ. പദ്മലക്ഷ്മി

ഞായറാഴ്ച വൈകീട്ടോടെ ആശുപത്രിയിലെത്തിയ മനുവിന്റെ കുടുംബം മൃതദേഹം ഏറ്റുവാങ്ങാൻ ചികിത്സാച്ചെലവ് കെട്ടിവെയ്ക്കണമെന്നു മനസിലാക്കുകയും പണമടച്ച് മൃതദേഹം ഏറ്റുവാങ്ങാൻ തയ്യാറല്ലെന്നു പറഞ്ഞ് പോവുകയായിരുന്നുവെന്നും സംഭവസ്ഥലത്തുണ്ടായിരുന്ന അതുലും അഡ്വ. പദ്മലക്ഷ്മിയും സാക്ഷ്യപ്പെടുത്തുന്നു. മൃതദേഹം ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് ആശുപത്രി അധികൃതരെ രേഖാമൂലം അറിയിക്കുക പോലും ചെയ്യാതെയാണ് കുടുംബം ആശുപത്രി വിട്ടുപോയതെന്നും ക്വീർ മനുഷ്യരുടെ ശരീരങ്ങളോട് മരണശേഷവും ആളുകൾ കാണിക്കുന്ന സമീപനമാണിതെന്നും അതുൽ പറയുന്നു.

മനുവിന്റെ മൃതദേഹം ഏറ്റുവാങ്ങാനുള്ള അവകാശം തനിക്ക് നൽകണമെന്ന ജെബിന്റെ ആവശ്യം കോടതി അംഗീകരിക്കുമെന്നാണ് ഇവർ കരുതുന്നത്. പങ്കാളിയുടെ മൃതദേഹം അനാഥമാക്കരുതെന്ന് ജെബിന് നിർബന്ധമുള്ളതുകൊണ്ടാണ് തങ്ങൾ കോടതിയെ ബന്ധപ്പെട്ടതെന്നും കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ കോടതി അനുഭാവപൂർവമായാണ് പ്രതികരിച്ചതെന്നും അഡ്വ. പദ്മലക്ഷ്മി പറഞ്ഞു.

ചികിൽസിച്ച ആസ്റ്റർ മെഡ്സിറ്റിയിലേക്ക് ഇ മെയിൽ വഴി നോട്ടീസ് അയച്ചെന്നും നാളെ 1:45ന് ഉത്തരവിറക്കുമെന്നുമാണ് കോടതി അറിയിച്ചിട്ടുള്ളത്. കളമശേരി പോലീസാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും