സംഘടനയിലെ വിഭാഗീയ പ്രവണതകള്‍ക്കെതിരെ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ശൈഥില്യമുണ്ടാക്കുന്ന പ്രവർത്തനങ്ങളുണ്ടാകരുതെന്ന് സമസ്ത മുശാവറ യോഗം. നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും ഗുണംചെയ്യില്ലെന്നും സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ക്ക് പിന്നാലെ പോകരുതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ശൈഥില്യമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരില്‍നിന്നുമുണ്ടാകരുതെന്നും കോഴിക്കോട് ചേര്‍ന്ന സമസ്ത സംയുക്ത നേതൃസംഗമത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഎമ്മുമായും സര്‍ക്കാരുമായുമുള്ള ബന്ധത്തെച്ചൊല്ലി സംഘടനയില്‍ രണ്ടഭിപ്രായം രൂപപ്പെട്ട പശ്ചാത്തലത്തിലാണ് സമസ്ത അധ്യക്ഷന്റെ ആഹ്വാനം. സുന്നി മഹല്ല് ഫെഡറേഷൻ യോഗത്തിൽ നാസര്‍ ഫൈസി കൂടത്തായി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ തുടങ്ങിയ നേതാക്കള്‍ സിപിഎമ്മിനോടുള്ള നേതൃത്വത്തിന്‍റെ സമീപനത്തിനെതിരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവിന്റെ നേതൃത്വത്തില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് ആദര്‍ശ സമ്മേളനങ്ങള്‍ക്കുള്ള മറുപടി കൂടിയായിരുന്നു മുസ്ലിം ലീഗിന് സ്വാധീനമുള്ള സുന്നി മഹല്ല് ഫെഡറേഷന്റെ സമ്മേളനം.
പരസ്യമായ വിഭാഗീയതയിലേക്ക് കാര്യങ്ങള്‍ പോകുന്നെന്ന ഘട്ടത്തിലാണ് സമസ്ത അധ്യക്ഷന്റെ ഇടപെടല്‍. ഉലമാക്കളുടെ നിര്‍ദേശങ്ങളനുസരിച്ച് പരസ്പര ബന്ധത്തോടെ ഉമറാക്കളും ഒറ്റക്കെട്ടായി അണിനിരന്ന് സമസ്തയെ ശക്തിപ്പെടുത്തണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.