കൊച്ചിയ്ക്കും ഗുരുവായൂരിനും പിന്നാലെ 5 ജി സേവനത്തിന് തിരുവനന്തപുരത്തും തുടക്കമായി. തമ്പാനൂര്‍, വിമാനത്താവളം, ടെക്‌നോപാര്‍ക്ക് ഉള്‍പ്പടെയുള്ള 120 സ്ഥലങ്ങളിലാണ് ജിയോ ട്രൂ 5ജി ലഭ്യമാകുന്നത്. തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലും നെയ്യാറ്റിന്‍കര നഗരസഭാ പ്രദേശങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലുമാണ് തുടക്കത്തില്‍ 5 ജി ലഭിച്ചു തുടങ്ങിയത്. ഇതോടെ തലസ്ഥാനമടക്കമുള്ള കേരളത്തിലെ മൂന്ന് നഗരങ്ങളില്‍ 5 ജി സേവനം ലഭിച്ചു തുടങ്ങി.
കോഴിക്കോട്, മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ ജനുവരിയോട് കൂടി 5 ജി ആരംഭിക്കാനാണ് തീരുമാനം
അടുത്ത ഒരു മാസത്തിനുള്ളില്‍ തന്നെ കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങളിലേക്കും 5 ജി വ്യാപിപ്പിക്കാനാണ് തീരുമാനം. തിരഞ്ഞെടുത്ത മേഖലകളില്‍ മാത്രമാകും ആദ്യഘട്ടത്തില്‍ 5 ജി സേവനം ലഭ്യമാക്കുക. കോഴിക്കോട്, മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ ജനുവരിയോട് കൂടി 5 ജി ആരംഭിക്കാനാണ് തീരുമാനം. 2023 ല്‍ കേരളത്തിലെ എല്ലാ താലൂക്കുകളിലും സേവനം എത്തിക്കാനാണ് നിലവില്‍ പദ്ധതിയിട്ടിരിക്കുന്നത്. ഏറ്റവും ഉയര്‍ന്ന സ്പീഡില്‍ ഇന്റര്‍നെറ്റ് ആളുകളിലേക്ക് എത്തുമെന്നതാണ് 5 ജി സേവനത്തിന്റെ പ്രധാന ഗുണം.
ഡിസംബര്‍ 20 നാണ് കൊച്ചിയില്‍ 5 ജി സേവനത്തിന് തുടക്കമായത്. കൊച്ചി പനമ്പിള്ളി നഗര്‍ ഹോട്ടല്‍ അവന്യൂ സെന്ററില്‍ നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. കൊച്ചി നഗരത്തിലെ 130 ടവറുകള്‍ക്ക് കീഴിലാണ് ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാക്കുക.