പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയെ കൊന്ന കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി. സെഷന്‍സ് കോടതിയുടെ വിധി ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ശരിവെച്ചത് . എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 2017 ഡിസംബറിലാണ് ജിഷ വധക്കേസില്‍ അമീര്‍ ഉല്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. വധശിക്ഷ നടപ്പാക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ നല്‍കിയ അപേക്ഷയാണ് ഹൈക്കോടതി അംഗീകരിച്ചത്.
പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ശാസ്ത്രീയ തെളിവുകള്‍ അംഗീകരിക്കുന്നെന്നും കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. സമൂഹത്തിനുവേണ്ടിയുള്ള നീതിയാണ് നടപ്പാക്കുന്നതെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
2016 ഏപ്രില്‍ 18 വൈകുന്നേരമാണ് നിയമവിദ്യാര്‍ഥിനിയെ പെരുമ്പാവൂര്‍ കുറുപ്പുംപടിയിലെ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. അസം സ്വദേശിയായ അമീറിനെ ജൂണില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സെപ്റ്റംബര്‍ 16ന് കുറ്റപത്രം സമര്‍പ്പിച്ചു. തുടര്‍ന്ന് 2017 മാര്‍ച്ച് 13ന് വിചാരണ തുടങ്ങി. ഡിസംബര്‍ 14നാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.
നേരത്തേ, വധശിക്ഷ വിധിക്കപ്പെട്ട പ്രതികളുടെ മാനസികനില, സാമൂഹിക പശ്ചാത്തലം തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി. ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു നീക്കം. പ്രതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ശിക്ഷായിളവ് സംബസിച്ച് പരിശോധന നടത്തിയത്. നേരത്തെ അമിക്കസ് ക്യൂറിയെ നിയമിച്ച കോടതി ജയില്‍ ഡിജിപിയോട് ഇരുവരുടേയും വിശദാംശങ്ങള്‍ തേടിയിരുന്നു.
ഒരാളെ വധശിക്ഷയ്ക്കു വിധിച്ചാല്‍ ശിക്ഷ കുറയ്ക്കാന്‍ മതിയായ കാരണങ്ങളുണ്ടോയെന്ന അന്വേഷണമായ മിറ്റിഗേഷന്‍ എന്‍ക്വയറി പ്രകാരമാണ് വധശിക്ഷ ഇളവ് ചെയ്യാമോയെന്ന് ഹൈക്കോടതി പരിശോധിക്കുന്നത്. പ്രതിയെങ്ങനെയാണ് ക്രിമിനലായി മാറിയതെന്നതടക്കമുള്ള സാമൂഹിക - കുടുംബ പാശ്ചാത്തലം പരിശോധിക്കും. കുറ്റം ചെയ്യാന്‍ പ്രതികളുടെ സാഹചര്യമെന്തെന്ന അന്വേഷണം നടന്നിട്ടില്ലെന്ന് വിലയിരുത്തി ഹൈക്കോടതി പെരുമ്പാവൂര്‍ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാം, ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസിലെ പ്രതി നിനോ മാത്യു എന്നിവരുടെ ശിക്ഷായിളവ് സംബന്ധിച്ച ഹര്‍ജിയെത്തുടര്‍ന്നാണ് മിറ്റിഗേഷന്‍ എന്‍ക്വയറി നടത്തിയത്.
വധശിക്ഷ ഹൈക്കോടതിയുടെ അനുമതിയോടെയാണ് നടപ്പാക്കേണ്ടത്. പ്രതികള്‍ വധശിക്ഷയ്‌ക്കെതിരെ നല്‍കിയ അപ്പീലുകളും ഹൈക്കോടതിയിലെത്തും. ഇവയില്‍ തീരുമാനം എടുക്കും മുന്‍പ് പ്രതിയുടെ സാമൂഹ്യ- സാമ്പത്തിക - കുടുംബ പശ്ചാത്തലവും ജീവിതാനുഭവങ്ങളുമുള്‍പ്പെടെയുള്ള വസ്തുതകള്‍ പരിശോധിക്കാനും അന്വേഷണം നടത്താനും സുപ്രീംകോടതി സമീപകാലത്ത് പല കേസുകളിലും നിര്‍ദേശിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് കേരള ഹൈക്കോടതി രണ്ട് കേസുകളില്‍ മിറ്റിഗേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
വധശിക്ഷ നടപ്പാക്കുന്ന കാര്യത്തില്‍ ഹൈക്കോടതി തീരുമാനമെടുക്കുന്നതുവരെ ഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയുടെ ഭാഗമായ പ്രോജക്ട് 39 എ (Project 39A) അംഗങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ ഹൈക്കോടതി രജിസ്ട്രി മുദ്രവച്ച കവറില്‍ സൂക്ഷിക്കണം. പകര്‍പ്പുകള്‍ പ്രോസിക്യൂഷനും പ്രതിഭാഗത്തിനും നല്‍കണം. അവരും റിപ്പോര്‍ട്ട് രഹസ്യമാക്കി വയ്ക്കണം. അപ്പീല്‍ തീരുമാനിക്കുന്ന അന്തിമഘട്ടത്തില്‍ ഹൈക്കോടതി ഈ റിപ്പോര്‍ട്ടുകള്‍ പരിഗണിക്കും. ഇതിനു പുറമേ പ്രതികളുടെ മനോനില, തൊഴില്‍, ജയിലിലെ പെരുമാറ്റം തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാരും റിപ്പോര്‍ട്ടുകള്‍ നല്‍കണം. ഈ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാണ് ഇപ്പോള്‍ ഹൈക്കോടതി തീരുമാനമെടുത്തിരിക്കുന്നത്.